NewsIndia

ഇസ്രത്ത് ജഹാനും, ജാവേദ്‌ ഷെയ്ഖിനുമൊപ്പം വധിക്കപ്പെട്ട തീവ്രവാദികളുടെ കാശ്മീര്‍-ബന്ധം വെളിപ്പെടുത്തപ്പെട്ടു

ഇസ്രത്ത് ജാഹാന്‍ അടക്കം നാല് തീവ്രവാദികള്‍ ഗുജറാത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി പുതിയ വെളിപ്പെടുത്തലുകള്‍ തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതുതായി ജമ്മുകാശ്മീര്‍ പോലീസ് തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയ, ഇസ്രത്തിനും, ഇന്ത്യന്‍ പൌരനായ ജാവേദ് ഷെയ്ഖിനുമൊപ്പം വധിക്കപ്പെട്ട പാക്‌-തീവ്രവാദികളുടെ ജമ്മു-കാശ്മീര്‍ ബന്ധത്തെക്കുറിച്ചാണ്. 2004, ജൂണ്‍ 26-ന് ജമ്മുകാശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്ത ഷാഹിദ് മെഹ്മൂദ് എന്ന ലഷ്കര്‍-ഇ-തോയ്ബ കമാന്‍ഡര്‍ നടത്തിയ ചില വെളിപ്പെടുത്തലുകള്‍ അനുസരിച്ച് ഇസ്രത്തിനൊപ്പം വധിക്കപ്പെട്ട മൂന്ന് പേരില്‍ ഒരാള്‍ അംജദ് അലി/സലിം/ബാബര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന പാക്കിസ്ഥാനി തീവ്രവാദി ആണെന്ന് വ്യക്തമായിരുന്നു.

ഈ കണ്ടെത്തല്‍ പിന്നീട്, ഗുജറാത്ത് ഗവണ്മെന്‍റും യുപിഎ സര്‍ക്കാരിന്‍റെ ഭരണകാലത്തെ അഭ്യന്തരമന്ത്രാലയവും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുമുണ്ട്. മെഹ്മൂദിന്‍റെ വെളിപ്പെടുത്തല്‍പ്രകാരം ബാബറിനെ അഹമ്മദാബാദിലേക്കയച്ചത് ഒരു വിഐപി-യെ വധിക്കുക എന്ന ലക്ഷ്യത്തോടെ മുതിര്‍ന്ന ലഷ്കര്‍ കമാന്‍ഡറായ മുസമ്മില്‍ ആണെന്നും വ്യക്തമായിരുന്നു. പക്ഷെ ഇസ്രത്തും കൂട്ടരും വധിക്കപ്പെട്ട് 13 ദിവസങ്ങള്‍ക്ക് ശേഷം, ജൂണ്‍ 28, 2004-ന് ശ്രീനഗറിന്‍റെ സമീപപ്രദേശമായ ആസ്താന്‍പോറയില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ മഹ്മൂദും, മറ്റൊരു പാക്കിസ്ഥാനി തീവ്രവാദിയായ സഹീദ് ഹഫീസും കൊല്ലപ്പെട്ടു. ഇതും വ്യാജ ഏറ്റുമുട്ടല്‍ ആയിരുന്നു എന്ന്‍ ആരോപണമുണ്ട്. മെഹ്മൂദിനും ഹഫീസിനും ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്ത 18 ആളുകളടങ്ങിയ ഒരു ലഷ്കര്‍ സംഘത്തേയും തങ്ങള്‍ കസ്റ്റഡിയിലെടുത്തതായി കാശ്മീര്‍ പോലീസ് അവകാശപ്പെട്ടിരുന്നു. ഈ സംഘത്തിനും, അഹമ്മദാബാദില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കാശ്മീര്‍ പോലീസ് സൂചിപ്പിച്ചിരുന്നു.

പക്ഷെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്ത 18 പേരും ജാമ്യത്തിലിറങ്ങുകയാണുണ്ടായത്. മഹ്മൂദിനും ഹഫീസിനും പുറമേ ബാബറിനെ തിരിച്ചറിയാന്‍ കഴിയുമായിരുന്ന മറ്റു രണ്ട് ദൃക്സാക്ഷികളും കൊല്ലപ്പെടുകയുണ്ടായി. മാത്രമല്ല, തങ്ങള്‍ കസ്റ്റഡിയിലെടുത്ത ലഷ്കര്‍ സംഘത്തിലെ 18 ആളുകളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള ഗുജറാത്ത് പോലീസിന്‍റെ ആവശ്യത്തെ കാശ്മീര്‍ പോലീസ് തള്ളിക്കളഞ്ഞു. ഈ ആവശ്യവുമായി ശ്രീനഗറില്‍ എത്തിയ ഗുജറാത്ത് പോലീസ് സംഘത്തെ 18-അംഗ സംഘത്തിലെ 3-4 ആള്‍ക്കാരെ ചോദ്യംചെയ്യാന്‍ മാത്രമേ കാശ്മീര്‍ പോലീസ് അനുവദിച്ചുള്ളൂ. ഇന്നും, മഹ്മൂദിന്‍റേതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള വെളിപ്പെടുത്തല്‍ മാത്രമേ ഇസ്രത്തിനൊപ്പം വധിക്കപ്പെട്ട സംഘാംഗം പാക്കിസ്ഥാനി സ്വദേശിയാണെന്നതിന് തെളിവായി അവശേഷിക്കുന്നുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button