NewsSports

ഇന്റര്‍നെറ്റില്‍ ഞാനിപ്പോഴും നഗ്‌ന; വിഖ്യാത മാധ്യമപ്രവര്‍ത്തകയുടെ ഏറ്റുപറച്ചില്‍

എല്ലാവര്‍ക്കും എന്നെ ഇപ്പോള്‍ ആ കണ്ണിലൂടെ നോക്കിക്കാണാനാണിഷ്ടം. ഞാനിപ്പോള്‍ ആ ഹോട്ടല്‍ സ്‌കാന്‍ഡലിലെ നായികയാണല്ലോ? ഇന്റര്‍നെറ്റില്‍ ഇപ്പോല്‍ എന്റെ നഗ്‌ന വീഡിയോ മാത്രമേയുള്ളൂ..’ ഫോക്‌സ് സ്‌പോര്‍ട്‌സിലെ വിഖ്യാത മാധ്യമ പ്രവര്‍ത്തക നിറകണ്ണുമായി അമേരിക്കയിലെ ടെന്നീസെ കോടതിമുറിയില്‍ പറഞ്ഞതിങ്ങനെയാണ്. ഒരുകാലത്ത്, കളിക്കളത്തില്‍ കളിക്കാരേക്കാള്‍ വലിയതാരമായിരുന്ന സ്‌പോര്‍ട്‌സ് അവതാരകയും റിപ്പോര്‍ട്ടറുമായ എറിന്‍ ആന്‍ഡ്രൂസാണ് ഒരു ഒളിക്യാമറ വീഡിയോ എങ്ങനെയാണ് തന്റെ ജീവിതം തകര്‍ത്തതെന്ന് വിവരിച്ചത്.

താന്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പുറത്തായതിനെതിരെ നല്‍കിയ കേസിന്റെ വിചാരണയിലാണ് ആന്‍ഡ്രൂസ് തന്റെ ജീവിതം തകര്‍ത്ത ഹോട്ടല്‍ അനുഭവത്തെക്കുറിച്ച് വിതുമ്പിക്കൊണ്ട് പറഞ്ഞത്. 2008 ല്‍ ഇ.എസ്.പി.എന്‍ ചാനലില്‍ ജോലി ചെയ്യുമ്പോള്‍ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ മാരിയേറ്റില്‍ വെച്ചായിരുന്നു സംഭവം. ഏഴരക്കോടി ഡോളര്‍ ഹോട്ടല്‍ ഗ്രൂപ്പിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ആന്‍ഡ്രൂസ് കോടതിയെ സമീപിച്ചിരിക്കുന്നത്. ആന്‍ഡ്രൂസറിയാതെ പകര്‍ത്തിയ വീഡിയോ വ്യാപകമായി ഇപ്പോഴും പ്രചരിക്കുകയാണ്. എന്നാല്‍ വീഡിയോ ആന്‍ഡ്രൂസിന്റെ കരിയര്‍ വളര്‍ത്തുകയാണ് ചെയ്തതെന്നാണ് പ്രതിഭാഗം വാദിക്കുന്നത്

എല്ലാ ദിവസവും ഈ സംഭവം തന്നെ വേട്ടയാടുകയാണെന്നും ആന്‍ഡ്രൂസ് പറയുന്നു. ദിവസവും ഇതേക്കുറിച്ച് ആരെങ്കിലും ട്വീറ്റ് ചെയ്യുന്നു, ആരെങ്കിലും പത്രത്തില്‍ ഇതേക്കുറിച്ച് എഴുതുന്നു, ട്വിറ്ററില്‍ ചിലരിപ്പോഴും തനിക്കാ വീഡിയോ അയച്ചുതരുന്നു, പൊതുസ്ഥലത്ത് ഇക്കാര്യവും പറഞ്ഞ് പലരും തന്നെ മോശമായി സമീപിക്കുന്നു എന്ന് തുടങ്ങി, താനറിയാത്ത ‘കുറ്റത്തിന്’ നേരിടേണ്ടിവന്ന ശിക്ഷകളെക്കുറിച്ചാണ് അവള്‍ക്ക് പറയാനുള്ളത്. താന്‍ അപമാനത്തിലും, നിരാശയിലുമാണെന്നും സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിംഗിലെ എക്കാലത്തെയും വലിയ വനിതാ പ്രതിഭകളിലൊരാളാണ് പറയുന്നത്.

സംഭവം തന്നെ ചെറിയൊരു റിപ്പേര്‍ട്ടറായി ഒതുക്കിയെന്നും, ജോലി തകര്‍ത്തുവെന്നും അവര്‍ പറയുന്നു. സ്‌പോര്‍ട്‌സിനെ ഇഷ്ടപ്പെട്ട വനിതയായതിനാലുള്ള ശിക്ഷയാണ് താന്‍ അനുഭവിക്കുന്നതെന്നും ആന്‍ഡ്രൂസ് പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൈക്കിള്‍ ഡേവിഡ് ബാരറ്റ് ഇപ്പോള്‍ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

യാഹു ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് ഇടങ്ങളിലും മറ്റും 2008 കാലത്ത് ഏറ്റവുമധികം പ്രശസ്തയായ വ്യക്തിയായതിനാലാണ് ആന്‍ഡ്രൂസിനെ പിന്തുടര്‍ന്ന് നഗ്‌ന വീഡിയോ എടുത്തതെന്നാണ് പ്രതി നല്‍കിയ മൊഴി. ഇതിനായി ഇന്‍ഷുറന്‍സ് എക്‌സിക്യുട്ടീവായ ബാരറ്റ് ,ആന്‍ഡ്രൂസിനെ നിരവധി നഗരങ്ങളില്‍ പിന്തുടര്‍ന്നു. എല്ലായിടത്തും ആന്‍ഡ്രൂസ് താമസിക്കുന്ന ഹോട്ടലന്വേഷിച്ച് ആന്‍ഡ്രൂസിന്റെ റൂമിനടുത്ത് റൂം ലഭിക്കുമോ എന്ന് അന്വേഷിക്കും. ഒടുവില്‍ മാരിയേറ്റ് ഹോട്ടലില്‍ ആന്‍ഡ്രൂസിന്റെ റൂമിനടുത്ത് റൂം ലഭിക്കുന്നു. ആന്‍ഡ്രൂസിന്റെ റൂമിലേക്ക് ഒരു ചെറിയ സുഷിരമുണ്ടാക്കി വെക്കുകയും, ഷവറിന്റെ ശബ്ദം കേട്ടപ്പോള്‍ സുഷിരത്തിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ഇതാണ് പിന്നീട് വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് കൈമാറപ്പെട്ട വീഡിയോയ്ക്ക് പിന്നിലുള്ള കഥ.

ഇഎസ്പിഎന്നില്‍ അക്കാലത്ത് ആന്‍ഡ്രൂസിന്റെ മുഖം കണ്ടാല്‍ ആരാധകരുടെ ഇടിച്ചുകയറ്റമുണ്ടായിരുന്ന കാലമായിരുന്നു. അന്ന് തന്നെ ആന്‍ഡ്രൂസിന്റെ സൗന്ദര്യമാണോ, റിപ്പോര്‍ട്ടിംഗാണോ ഈ ആകര്‍ഷണത്തിന് കാരണമെന്ന തര്‍ക്കം സജീവമായിരുന്നു. ഇതിനിടയിലാണ് വീഡിയോ പുറത്തുവരുന്നത്. അതോടെ ഒരു പ്രത്യേക കണ്ണിലൂടെ തന്നെ എല്ലാവരും നോക്കിക്കാണാന്‍ തുടങ്ങിയെന്നും, തന്റെ മാധ്യമപ്രവര്‍ത്തന ജീവിതത്തിന് തിരിച്ചടിയായെന്നുമാണ് ആന്‍ഡ്രൂസ് ഇപ്പോള്‍ പരാതിപ്പെട്ടിരിക്കുന്നത്.

shortlink

Post Your Comments


Back to top button