തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള മൃതസഞ്ജീവനി പദ്ധതിയുടെ പുതിയ ചുവടുവയ്പ്പായ അവയവങ്ങള്‍ വിമാന മാര്‍ഗമെത്തിക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ആരോഗ്യ മേഖലയിലുണ്ടാകുന്ന കണ്ടുപിടുത്തങ്ങളും നേട്ടങ്ങളും കേരളത്തിലും എത്തിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്തെ ഒരാശുപത്രിയിലേക്ക് വിമാനം വഴി ഹൃദയം കൊണ്ടു പോയതിനെ തുടര്‍ന്നാണ് ഒരു തുടര്‍സംവിധാനം വേണമെന്ന ചര്‍ച്ച വന്നത്. മൃതസഞ്ജീവനിയിലെ പുതിയ കാല്‍വയ്പ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിന്റേയും തുറമുഖ വകുപ്പിന്റേയും സഹകരണത്തോടെ കേരളത്തിലെ അവയവം മാറ്റിവയ്ക്കാന്‍ കഴിയുന്ന എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളേയും ഈ പദ്ധതിയുടെ ഭാഗമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ഇതിനായി അഞ്ച് കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് തന്നെ മാതൃകയാകാവുന്നതാണ് മൃതസഞ്ജീവനി പദ്ധതിയെന്നും മന്ത്രി പറഞ്ഞു.എത്രയും വേഗം തന്നെ അവയവങ്ങള്‍ വിമാന മാര്‍ഗമെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യാതിഥിയായ തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞു.
അവയവങ്ങള്‍ വിമാന മാര്‍ഗമെത്തിക്കാനുള്ള പദ്ധതിയുടെ ധാരണാപത്രം കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യുവും രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജി എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാന്‍ ജി. ചന്ദ്ര മൗലിയും തമ്മില്‍ കൈമാറി.
രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജി സെക്രട്ടറി പി. ഷെറീഫ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ നോബിള്‍ ഗ്രേഷ്യസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
അവയവങ്ങള്‍ വിമാന മാര്‍ഗമെത്തിക്കാനുള്ള പദ്ധതി
മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവം എത്രയും പെട്ടെന്ന് സ്വീകര്‍ത്താവിന്റെ അടുത്തെത്തിക്കാന്‍ വേണ്ടിയാണ് കേരളത്തിലാദ്യമായി സംസ്ഥാന സര്‍ക്കാര്‍ അവയവങ്ങള്‍ വിമാന മാര്‍ഗമെത്തിക്കാനുള്ള പദ്ധതി തുടങ്ങിയത്. അവയവമാറ്റിവയ്ക്കല്‍ പ്രക്രിയയ്ക്ക് സമയം വളരെ പ്രധാനമാണ്. മസ്തിഷ്‌ക മരണം സംഭവിച്ചയാളും അദ്ദേഹത്തിന്റെ അവയവം ചേര്‍ച്ചയുള്ള സ്വീകര്‍ത്താവും തമ്മിലുള്ള അകലം വളരെ കൂടുതലായിരിക്കും. അപ്പോള്‍ റോഡുമാര്‍ഗമുള്ള യാത്ര ഒരിക്കലും ഫലം ചെയ്യില്ല. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വിമാനമാര്‍ഗം കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ശ്രീ ചിത്രയില്‍ നിന്നും ഹൃദയം കൊച്ചിയിലെത്തിച്ചിരുന്നു. നാവിക സേനയുടെ പ്രത്യേക വിമാനമാണ് അന്നുപയോഗിച്ചത്.
രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയുമായി സര്‍ക്കാര്‍ ധാരണയിലെത്തുന്നതോടെ കാലതാമസമില്ലാതെ അവയവം സ്വീകര്‍ത്താവിന്റെ അടുത്തെത്തിക്കാന്‍ സാധിക്കുന്നു.
Post Your Comments