ഏറ്റവും അധികം കാലം ബഹിരാകാശത്ത് താമസിച്ചു എന്ന ഖ്യാതിയുമായി നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞന് സ്കോട്ട് കെല്ലി ഇന്ന് ഭൂമിയിലേക്ക് തിരിച്ചെത്തും. ഭൂമിയിലേക്ക് തിരികെയെത്തുന്ന ആ സമയത്തിനായി കാത്തിരിക്കുകയാണ് കെല്ലി. 2006-2007 കാലത്ത് 215 ദിവസം ബഹിരാകാശ നിലയത്തില്‍ താമസിച്ച മിഖായേല്ലോപ്പസ് എന്ന ശാസ്ത്രജ്ഞന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.
ബഹിരാകാശത്തെ ദിവസങ്ങള്‍ അനുസരിച്ച് 540 ദിനങ്ങളാണ് സ്കോട്ട് കെല്ലി ബഹിരാകാശനിലയത്തില്‍ കഴിഞ്ഞത്. നാല് തവണയാണ് ഇതുവരെ അദ്ദേഹം ബഹിരാകാശത്തേക്ക് യാത്രപോയത്. 10944 സൂര്യോദയങ്ങളും അസ്തമയങ്ങളും അദ്ദേഹം കണ്ടുകഴിഞ്ഞു. മണിക്കൂറില്‍ 17,000 കിലോമീറ്റര്‍ വേഗതയിലാണ് നിലയം ഭൂമിയെ ചുറ്റുന്നത്. അങ്ങനെ നോക്കിയാല്‍ ബഹിരാകാശനിലയം ഇതുവരെ 5440 തവണ ഭൂമിയെ വലംവെച്ചിരിക്കുന്നു.
പതിനാല് കോടി മുപ്പത്തെട്ട് ലക്ഷത്തി നാല്പ്പത്താറായിരത്തി അഞ്ഞൂറ്റി ഇരുപത്തഞ്ച് മൈല്‍ ദൂരം കെല്ലി ഇതുവരെ യാത്ര ചെയ്തു. ജലത്തിന്റെ ഉപയോഗമാണ് കെല്ലിക്ക് ഇക്കാലത്തിനിടയ്ക്ക് ഏറ്റവും വെല്ലുവിളിയായത്. 850 ലിറ്റര്‍ ജലമാണ് അദ്ദേഹം പുനരുപയോഗിച്ചത്. അതും സ്വന്തം വിയര്‍പ്പും മൂത്രവും ഉപയോഗിച്ച്. ഇതിനുള്ള സജ്ജീകരണങ്ങള്‍ ബഹിരാകാശ നിലയത്തിലുണ്ട്.
ഇതിനിടെ ബഹിരാകാശ നിലയത്തില്‍ ഒരു സൂര്യകാന്തിച്ചെടിയും കെല്ലി വളര്‍ത്തിയെടുത്തു. ഇതിന്റെ ചിത്രങ്ങള്‍ ഈയിടെയാണ് അദ്ദേഹം പുറത്തുവിട്ടത്. ദക്ഷിണേന്ത്യയുടേയും ഇന്ത്യാ-പാക് അതിര്ത്തിയുടേയുമടക്കം നിരവധി ചിത്രങ്ങളും ഇക്കാലത്തിനിടെ അദ്ദേഹം ഭൂമിയിലേക്കയച്ചു.
Post Your Comments