Kerala

മന്ത്രി കെ.സി. ജോസഫ് ജനങ്ങളോട് മാപ്പുപറയണമെന്ന് ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ മന്ത്രി കെ.സി. ജോസഫ് ജനങ്ങളോടാണ് മാപ്പു പറയേണ്ടതെന്ന് ഹൈക്കേടതി. മന്ത്രി നല്‍കിയ മാപ്പപേക്ഷ ഹൈക്കോടതി സ്വീകരിച്ചില്ല. വിശദാംശങ്ങളടങ്ങിയ സത്യവാങ്മൂലം വീണ്ടും സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. കേസ് വീണ്ടും ഈ മാസം പത്തിന് പരിഗണിക്കും.

മന്ത്രിയുടെ ക്ഷമാപണം ജനങ്ങളിലെത്തണമെന്ന് കോടതി നിരീക്ഷിച്ചപ്പോള്‍ മാപ്പപേക്ഷ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാമെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ എന്തുവേണമെന്ന് നിര്‍ദേശിക്കുന്നില്ലെന്ന് പറഞ്ഞ കോടതി കെ.സി. ജോസഫ് കൈക്കൊള്ളുന്ന മാര്‍ഗം തൃപ്തികരമാണോയെന്നും പരിശോധിക്കുമെന്നും അറിയിച്ചു.

ഹൈക്കോടതിയില്‍ നേരിട്ടു ഹാജരായാണ് മന്ത്രി ക്ഷമാപണം നടത്തിയത്. കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലത്തില്‍പോലും കോടതിയലക്ഷ്യം നടത്തിയതായി അംഗീകരിക്കാത്ത കെ.സി. ജോസഫ് കുറ്റസമ്മതം നടത്തിയാല്‍ മാത്രമേ മാപ്പപേക്ഷ പരിഗണിക്കാവൂവെന്ന് എതിര്‍ഭാഗം കോടതിയില്‍ വാദിച്ചു. വി. ശിവന്‍കുട്ടി എംഎല്‍എയാണ് ഹൈക്കോടതി ജഡ്ജിക്കെതിരേ മന്ത്രി ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്.

shortlink

Post Your Comments


Back to top button