IndiaNews

നിരവധി രാജ്യങ്ങളില്‍ വ്യാപിച്ചു ചിദംബരത്തിന്റെ സ്വത്തുക്കള്‍; കാര്‍ത്തി ചിദംബരത്തിന്റെ പേരിലുള്ള സ്വത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ്

മുംബൈ: ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യ, ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനും കൂട്ടര്‍ക്കുമെതിരെയുള്ള രാജ്യദ്രോഹക്കുറ്റം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരേ പ്രതിപക്ഷം ആക്രമണം ശക്തമാക്കവെ, മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക് ചിദംബരത്തിനു വിദേശത്ത് അനധികൃത സ്വത്തുക്കളുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടെത്തി.

കാര്‍ത്തി ചിദംബരത്തിന് വലിയ അളവില്‍ വിദേശത്ത് നിക്ഷേപമുള്ളതായാണ് എന്‍ഫോഴ്‌സ്‌മെന്റിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇംഗ്ലണ്ട്, യുഎഇ, തായ്‌ലാന്റ്, സിംഗപ്പൂര്‍, മലേഷ്യ, സൗത്ത് ആഫ്രിക്ക, യുഎസ്എ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിക്ഷേപമുണ്ടെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലും മറ്റുമാണ് പ്രധാനമായും മുതല്‍ മുടക്കിയിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ നടപടി വേണമെന്ന് എഐഎഡിഎംകെ അംഗം രാജ്യസഭയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ ബഹളത്തില്‍ രാജ്യസഭ പത്ത് മിനിറ്റ് നേരത്തേക്ക് നിര്‍ത്തിവച്ചു.

വിവാദമായ എയര്‍സെല്‍-മാര്‍ക്‌സിസ് ഇടപാടില്‍ കാര്‍ത്തിക്കെതിരേ തെളിവുകള്‍ ലഭിച്ചതായും ഇഡി അധികൃതര്‍ വെളിപ്പെടുത്തുന്നു. കാര്‍ത്തിയുടെ കമ്പനിയായ അഡ്വാന്റേജ് സ്ട്രാറ്റര്‍ജിക് കണ്‍സള്‍ട്ടിംഗില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയിലൂടെയായിരുന്നു ഇടപാടുകള്‍ നടത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

യുകെയില്‍ 88 ഏക്കര്‍ ഭൂസ്വത്ത്, ദക്ഷിണാഫ്രിക്കയില്‍ മൂന്നു മുന്തിരിത്തോട്ടങ്ങള്‍, ശ്രീലങ്കയില്‍ മൂന്നു റിസോര്‍ട്ടുകള്‍, സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലാന്റ് എന്നിവടങ്ങളില്‍ സ്വന്തമായി സ്ഥലങ്ങള്‍, ബാര്‍സിലോണയില്‍ നാല് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന 11 കളിക്കളങ്ങളുള്ള ടെന്നിസ് അക്കാദമി, ഫ്രാന്‍സിലും ദുബായിയിലും നിക്ഷേപങ്ങള്‍ എന്നിങ്ങനെ പോകുന്നു മുന്‍ കേന്ദ്ര ധനമന്ത്രിയുടെ മകന്റെ ധനവിവര പട്ടിക!

shortlink

Related Articles

Post Your Comments

Related Articles


Back to top button