Interviews

ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ ആരുമാകട്ടെ, രാജ്യത്തിനെതിരായാല്‍ എനിക്ക് അവന്‍ ശത്രുവാണ് – മേജര്‍ രവി മനസു തുറക്കുന്നു

അഭിമുഖം: സുജാതാ ഭാസ്കര്‍


 

സംവിധായകന്‍ മേജര്‍ രവി രാജ്യം കടന്നുപോകുന്ന സമകാലിക വിഷയങ്ങളില്‍ ഈസ്റ്റ്‌ കോസ്റ്റ് ഡെയിലിയോട് മനസുതുറക്കുന്നു.

***സർ, സാറിന്‍റെ ഒരു പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ ആയതു കണ്ടിരുന്നു. ദേശ സ്നേഹം സൈണികർക്കു മാത്രം ഉള്ളതല്ലെന്നായിരുന്നു അത്. ജെ.എന്‍.യു വിഷയത്തെ ആസ്പദമാക്കി ആണെന്ന് തോന്നുന്നു അത്?

അതെ ഇപ്പോഴത്തെ വിവാദ വിഷയങ്ങൾ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. ഒരുവശത്ത് സൈനീകർ സ്വജീവൻ പോലും തൃണവത്ഗണിച്ച് രാജ്യത്തെ സംരക്ഷിക്കുന്നു, ഇടയ്ക്ക് വെടിയേറ്റ്‌ പിടഞ്ഞു വീഴുന്നു.  മറുവശത്ത് എല്ലാ സ്വാതന്ത്ര്യവും ആവോളം അനുഭവിച്ചു സ്വന്തം രാജ്യത്തിനെയും പരമോന്നത നീതിപീഠത്തിനെയും അപമാനിച്ചു സംസാരിക്കുന്നു. അതിനെ പിന്തുണയ്ക്കാനായി രാഷ്ട്രീയ കക്ഷികളും. ഇതെല്ലാം  കാണുമ്പോള്‍ ഒരു പൌരന്‍ എന്ന നിലയിലും സൈനീകന്‍ എന്ന നിലയിലും ഒരുപാട് വിഷമം ഉണ്ട്. അതിര്‍ത്തിയില്‍ നില്‍ക്കുന്ന ഓരോ സൈനികനും ഉള്ളില്‍ കരയുകയാണ്. സ്വന്തം രാജ്യത്തിനെ സംരക്ഷിക്കുന്ന  അവരുടെ സ്വകാര്യ ദുഖങ്ങളും അഭിലാഷങ്ങളും മാറ്റി വെച്ചാണ് അവര്‍ രാജ്യ സംരക്ഷണം നടത്തുന്നത്.

***സര്‍, ജെ എൻ യു സംഭവത്തിൽ ദേശ വിരുദ്ധത ഉണ്ടെന്നു തോന്നുന്നുണ്ടോ?

അതിനെ പറ്റി പറയുകയാണെങ്കിൽ ജെ എൻ യു വിലെ എല്ലാ വിദ്യാർഥികളും ദേശ ദ്രോഹികളാണെന്നോ അത്തരം കാര്യങ്ങളെ പിന്തുണക്കുന്നവരാണെന്നോ എനിക്കഭിപ്രായമില്ല. പക്ഷെ മുൻപും അവിടെയുള്ള  ചില വിദ്യാർഥികളെയും ചില അധ്യാപകരെയും തീവ്രവാദ പ്രവർത്തനങ്ങൾക്ക് അറസ്റ്റ് ചെയ്തിട്ടുണ്ട് . നക്സലിസവും, ചില തീവ്രവാദ സംഘടനകളുടെ ആൾക്കാരും ചില വിദ്യാർഥി സംഘടനകളുടെ മറവിൽ കയറിക്കൂടിയിരിക്കാനും സാധ്യതയുണ്ട്.കാശ്മീരിനെ പറ്റി വേവലാതിപ്പെടുന്നവർ കാശ്മീരി പണ്ഡിറ്റുകളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നത് തങ്ങളുടെ തെറ്റ് അറിയാവുന്നത് കൊണ്ട് തന്നെയാണ്. ആ തെറ്റ് മറച്ചു വെച്ച് ദേശ വിരുദ്ധരെ രക്ഷിക്കാനും അവർക്കു വേണ്ടി സംസാരിക്കാനും ശ്രമിക്കുന്നതിന്‍റെ ഒക്കെ പിന്നിൽ ഒരു കാര്യമേയുള്ളൂ.

*** അതെന്താണെന്ന് പറയാമോ?

തീർച്ചയായും “കസേര” തന്നെ. കസേര ആണ് ഇന്ന് രാഷ്ട്രത്തിനെക്കാൾ വലുതായി ചിലർ കാണുന്നത്. അതിനായി സ്വന്തം രാഷ്ട്രത്തിനെയും തള്ളിപ്പറയും. തങ്ങളുടെ അധികാരത്തിനും കസേരയ്ക്കും വേണ്ടി എന്തും
ചെയ്യുന്നവരായിപ്പോയി ഇന്നത്തെ രാഷ്ട്രീയക്കാർ.

***ജമ്മു കാശ്മീരിൽ സൈനീകർക്ക് മതിയായ സുരക്ഷ ഉണ്ടെന്നു കരുതുന്നുണ്ടോ?

അത് പറയുമ്പോൾ മറ്റൊരു കാര്യം കൂടി പറയണം. യു ട്യൂബിൽ ഈയിടെ ഞാൻ ഒരു വീഡിയോ കണ്ടിരുന്നു, 16 ഉം 17 ഉം വയസ്സുള്ള ഒരു കൂട്ടം ചെറിയ പയ്യന്മാർ ഒരു സൈനീക വാഹനം ആക്രമിക്കുന്നതും സൈനീകനെ വലിച്ചിറക്കി മർദ്ദിക്കുന്നതും കല്ലെറിയുന്നതും കണ്ടു സത്യത്തിൽ മരവിച്ചിരുന്നു പോയി. തിരിച്ചു പ്രതികരിച്ചാൽ ഇരവാദം ആയി. അതിനെ പിന്തുണച്ചു എല്ലാവരും വരും. ഒരു സൈനീകൻ ആക്രമിക്കപ്പെട്ടാൽ ആരും വാർത്തയാക്കില്ല, മറിച്ച് അതിനെ തുടർന്ന് സൈനീകർ പ്രതികരിച്ചാൽ അത് പിന്നെ വാർത്തയാകും. ചീത്തപ്പേര് സൈനീകർക്കും.+

***സൈനീകരുടെ ചീത്തപ്പേരിനെ കുറിച്ച് പറഞ്ഞപ്പോഴാണ് ഓർത്തത്. സൈനീകരെ റേപ്പിസ്റ്റുകൾ എന്നൊക്കെ ചിലർ പറഞ്ഞു കണ്ടിട്ടുണ്ട്.അതിനെ പറ്റിയുള്ള ചില ഡോക്യുമെന്ററികൾ സർവ്വകലാശാലകളിൽ കാശ്മീരിൽ നിന്നുള്ളവർ കാണിച്ചിട്ടുള്ളതായും ചില ആളുകൾ പറഞ്ഞു കെട്ടിട്ടുണ്ട്.എന്താണ് സർ ഇതിന്‍റെ സത്യാവസ്ഥ.?

പറയാം, എല്ലാ മേഖലകളിലും ഒന്നോ രണ്ടോ പേര് ഉണ്ടാവും ഇതുപോലെ. അതുകൊണ്ട് ആ ഒരു മേഖലയിൽ ഉള്ളവര്‍ മുഴുവൻ അതെ രീതിയിൽ ഉള്ളവരാണെന്ന് കരുതുന്നത് വിഡ്ഢിത്തം അല്ലെ? ഒരു  സൈനീകൻ അത്തരം സ്ത്രീപീഡനം ചെയ്തെന്നു അറിഞ്ഞാൽ, വിതിൻ 3 മന്ത്സ് അയാളെ വിചാരണ ചെയ്തു കുറ്റം പ്രൂവ് ചെയ്‌താൽ ശിക്ഷ നടപ്പാക്കിയിരിക്കും. അതാണ്‌ പട്ടാളത്തിലെ നിയമം.പക്ഷെ ഇവിടെ എത്രയോ രാഷ്ട്രീയക്കാർ 20 വർഷങ്ങൾ വരെ കേസ് നടത്തി രക്ഷപെട്ടു നടക്കുന്നുണ്ട്? ശിക്ഷ ഏറ്റുവാങ്ങാതെ അധികാര സ്ഥാനങ്ങളിൽ അവർ ഇന്നും ഉണ്ടാവും. പീഡനത്തിനിരയായ സ്ത്രീകള് വയസ്സായാലും
പീഡനത്തിൽ കുറ്റവാളിക്ക് ശിക്ഷ കിട്ടില്ല. സൗമ്യയെ ക്രൂരമായി ബലാൽസംഗം ചെയ്തു കൊന്ന ഗോവിന്ദ ചാമിക്ക്‌ വേണ്ടി ഇവർ വേണമെങ്കിൽ വാദിക്കും. പേര് മനുഷ്യാവകാശമെന്ന് പറയും. അഫ്സൽ ഗുരു എന്ന വ്യക്തി നമ്മുടെ പരമോന്നത കോടതി കുറ്റവാളിയെന്നു കണ്ടെത്തി രാജ്യത്തെ പ്രഥമ പൗരനായ രാഷ്ട്രപതിയും അറിഞ്ഞു ശിക്ഷ വിധിച്ച കുറ്റവാളിയാണ് . അയാളെ തൂക്കിലേറ്റി. അയാൾക്ക്‌ ഒരു ഹീറോയുടെ പരിവേഷം നല്കി അയാളെ മഹത്വവൽക്കരിക്കുന്നവർ, ഹനുമന്തപ്പ എന്ന സൈനീകൻ മരണത്തോട് മല്ലടിച്ചപ്പോൾ ഒരു നോക്കു പോയി കണ്ടിരുന്നുവോ? സിയാച്ചിനിലെ മറ്റു സൈനീകർക്ക് ആദരവായി ഒരു  വാക്കെങ്കിലും പറഞ്ഞുവോ? രാജ്യത്ത് ഇരട്ട നീതിയാണ് നടപ്പാകുന്നത്.

*** സർ, ലാലേട്ടൻ ദേശ ദ്രോഹ മുദ്രാവാക്യത്തെ കുറിച്ച് സംസാരിച്ചത് വിവാദമായല്ലൊ, ചിലർ നിരഞ്ജനെ കാണാൻ പോലും ലാലേട്ടൻ കൂട്ടാക്കിയില്ല എന്ന് വിമർശിച്ചു കണ്ടിരുന്നു.

ഇന്ത്യയിൽ ആ സമയത്ത് ഇല്ലാത്ത ഒരാളെ പറ്റിയാണ് ഇത്തരം വിവാദങ്ങൾ എന്നോര്‍ക്കണം, ഒരു മനുഷ്യനു എന്തെല്ലാം പരിമിതികളും തിരക്കുകളും ഉണ്ടെന്നും അറിയണം. വിവരം അറിഞ്ഞപ്പോൾ തന്നെ  എന്നോട് മോഹൻലാൽ നിരഞ്ജന് ഒരു റീത്ത് വെക്കണം അവിടെ പോകണം എന്ന് പറഞ്ഞിരുന്നു. ഞാൻ അത് ചെയ്യുകയും ചെയ്തു. ലാലേട്ടനെ പോലെ ഒരു വ്യക്തി അവിടെ പോയില്ല ഇവിടെ പോയില്ല എന്നൊക്കെ കുറ്റം പറയാൻ പറ്റും. പക്ഷെ ഇത്രയും സങ്കടപൂർണ്ണമായ ഒരു സാഹചര്യത്തിൽ ലാലേട്ടൻ അവിടെ എത്തിയാൽ അവിടെ കൂടി നിൽക്കുന്നവരിൽ പലരും ലാലേട്ടനെ നോക്കുന്നത് സിനിമാ നടൻ എന്നരീതിയിൽ ആണ്. സുരേഷ് ഗോപി തന്നെ എന്നോട് പറഞ്ഞു, എന്താണിവരിങ്ങനെ എന്ന്. ഫോട്ടോ എടുക്കാൻ നിർബന്ധീക്കുന്ന ആരാധകരെ മരണ വീട്ടിൽ വെച്ച് എന്ത് പറയാനാണ്. കുറ്റം കാണാൻ മാത്രമാവരുത്  പൌര ധർമ്മവും ജേർണലിസവും.

*** രവി സാറിനെ അവിടെ കണ്ടിരുന്നു, യൂണിഫോമിൽ.

അതിനെ പറ്റി പറഞ്ഞപ്പോഴാണ് ഓർത്തത്. അതിലും കുറ്റം കണ്ടുപിടിക്കാൻ ചിലർ ഉണ്ടായിരുന്നു. ഞാൻ എന്തിനാണ് യൂണിഫോം ഇട്ടു അവിടെ വന്നതെന്ന്, എന്‍റെ യൂണിഫോമിനെ കുറ്റം പറഞ്ഞു ചിലർ. ഞങ്ങൾക്ക് യൂണിഫോറം ഏതൊക്കെ അവസരങ്ങളിൽ ഇടാമെന്ന് റൂൾസ് ആൻഡ് റെഗുലേഷൻസ് ഉണ്ട്. 90% ആളുകൾക്കും ഇതറിയില്ല. നമ്മൾ അവർക്ക് കൊടുക്കാൻ പറ്റുന്ന ഒരു ബഹുമാനമാണ് അത്. യൂണിഫോമിൽ നിന്ന് ഒരു സല്യൂട്ട് കൊടുക്കുന്നത് നമുക്ക് ഒരു ആത്മസംതൃപ്തി ആണ്. നിരഞ്ജൻ എന്‍റെ യൂണിറ്റ് തന്നെയാണ്. ഇതൊക്കെ പറഞ്ഞാൽ നമ്മളെ കുറ്റം പറയും. ഇതൊക്കെ മനസ്സിലാകണമെങ്കിൽ ദേശ സ്നേഹം വേണം. നല്ല ഒരു പേര് ഉണ്ടാക്കി വെച്ചിട്ടുണ്ട് സംഘി. എന്താണ് സംഘി? എന്തിനാണ് ദേശ സ്നേഹം പറയുന്നവരിൽ രാഷ്ട്രീയം കാണുന്നത്?

*** രാജ്യത്തെ കുറ്റവാളികളെ മതവല്‍രിക്കുന്നതിനെ കുറിച്ചും രാഷ്ട്രീയവല്‍രിക്കുന്നതിനെ കുറിച്ചും എന്താണ് അഭിപ്രായം?

എന്തിനേയും പാർട്ടിവല്‍രിക്കരുത്. മതവല്‍രിക്കരുത്. ഹിന്ദു-മുസ്ലീം-ക്രിസ്ത്യൻ ആരായാലും രാഷ്ട്രത്തിനെതിരായാൽ അവർ എന്‍റെ ശത്രുക്കളാണ്. ഒരു സൈനീകന് അവന്‍റെ രാഷ്ട്രത്തോടു ആണ് സ്നേഹം ഉണ്ടാകുന്നത്. അവന്‍റെ മുന്നിൽ ശത്രു ആയാൽ പോലും സ്വന്തം രാജ്യത്തിൽ അക്രമകാരികളാൽ അക്രമിക്കപ്പെടുന്നുണ്ടെങ്കിൽ അവനെ ശത്രു എന്ന് നോക്കാതെ രക്ഷിക്കുന്നതാണ് ധർമ്മം. അതുപോലെ രാജ്യദ്രോഹികളെ ഒരിക്കലും മതം നോക്കി സംരക്ഷിക്കാന്‍ പാടില്ല. തീവ്രവാദത്തിനും രാജ്യദ്രോഹത്തിനും മതമില്ല. സൈനീകന് മാത്രം അല്ല രാജ്യസ്നേഹം.

*** ആവിഷ്കാര സ്വാതന്ത്ര്യം എന്നാണു ജെ എൻ യു സംഭവത്തെ പറ്റി പറയുന്നത്. അതിനെ പറ്റി?

സ്കൂൾ തലം മുതൽ ദേശ സ്നേഹം വളർത്തുന്നതാവണം നമ്മുടെ രീതികൾ. ഒരു 20, 25 വര്ഷം മുൻപ് വരെ നമുക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നോ? ഇല്ല സർക്കാർ സ്കൂളുകളിൽ ഇന്ത്യ എന്‍റെ രാജ്യമാണ് എന്ന് പറഞ്ഞു തുടങ്ങുന്ന പ്രതിജ്ഞ ചൊല്ലി വളർന്ന കുട്ടികൾ ഒരിക്കലും ദേശ ദ്രോഹികളാവില്ല. ഇന്ന് അതൊക്കെ കാണാൻ തന്നെ കിട്ടുന്നില്ല. കുട്ടികളിൽ വളർത്തേണ്ടത് ദേശീയ ബോധമാണ്. അല്ലാതെ മത ബോധമല്ല. എല്ലാവർക്കും സ്വന്തം മതമാണ്‌ വലുതെന്ന ചിന്ത വരുമ്പോഴാണ് വർഗീയ കലാപങ്ങൾ ഉണ്ടാകുന്നത്. ഇനി മുതൽ എല്ലാ സ്കൂളുകളിലും ദേശീയ പതാക ഉയർത്തി അസംബ്ലി നടത്തണമെന്നാണ് എന്‍റെ വ്യക്തി പരമായ അഭിപ്രായം.ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരില് മതത്തിനെയോ രാഷ്ട്രത്തിനെയോ അപമാനിക്കുന്നവരെ ഒരിക്കലും സപ്പോർട്ട് ചെയ്യരുത്. അടുത്ത തലമുറയോട് കാണിക്കുന്ന തെറ്റാണ് അത്.

*** കാശ്മീരിനെ പറ്റി കൂടുതലായി??

കാശ്മീരിൽ നിന്നുള്ള ചിലർ വിദ്യാർഥികൾ എന്ന ലേബലിൽ ചില സർവ്വകലാശാലകളിൽ കാര്യങ്ങളുടെ ഒരു മുഖം മാത്രം ഷൂട്ട്‌ ചെയ്തു അവരുടെ ഭാഗം ആക്കി ഡോക്യുമെന്ററി ആക്കി പ്രദർശിപ്പിക്കുന്നതായിഅറിഞ്ഞു. പക്ഷെ അത് അവരുടെ മാത്രം വ്യൂ ആണ്. യഥാർത്ഥത്തിലവിടെ സൈനീകരെ ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുന്നത് സർവ്വ സാധാരണമാണ്. വിരലിൽ എണ്ണാവുന്ന ഒന്നോ രണ്ടോ പേര് ചെയ്യുന്ന തെറ്റുകളെ ആണ് ഊതിപ്പെരുപ്പിച്ചു കാണിക്കുന്നത്. യഥാർത്ഥത്തിൽ ഒരു തീവ്രവാദിക്കു കൊടുക്കുന്ന മര്യാദ അവിടെ കൊടുക്കുന്നില്ലെന്നതാണ് സത്യം. ഒരു സൈനീകനെയും അവിടെ കട്ട്മുടിക്കുന്നെന്നോ മോഷ്ടിക്കുന്നെന്നോഒന്നും പറയില്ല, റേപ് ചെയ്തെന്നുമാത്രമാണ് പറയുന്നത്. എങ്കിലേ സ്ത്രീകള്‍ സൈനീകരെ വെറുക്കൂ. അതാണ്‌സത്യം.

*** ചെറുപ്പക്കാരോട് എന്താണ് ഒരു സന്ദേശം?

ചെറുപ്പക്കാരെ, നിങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയ പതാക ഉയര്‍ത്തൂ, പക്ഷെ ചില ഒക്കേഷനില്‍ എങ്കിലും നിങ്ങള്‍ ദേശീയ പതാക ഉയര്‍ത്തൂ. രാഷ്ട്ര ബോധം കഴിഞ്ഞിട്ടേ ആകാവൂ നിങ്ങളുടെ രാഷ്ട്രീയ ബോധം.വന്ദേമാതരം ജാതിപരമല്ല. ജനഗണമനയില്‍ തുടങ്ങുന്ന ദേശീയ ഗാനം ജാതിപരമല്ല. ദേശീയ പതാക കത്തിക്കുന്നവനെ ഹീറോയായി കാണാന്‍ ഉള്ള പ്രവണത അപകടകരമാണ്. രാജ്യത്തിന്‍റെ നിയമങ്ങള്‍ അനുസരിക്കാന്‍ നമ്മള്‍ ഓരോ പൌരന്മാരും ബാധ്യസ്ഥരാണ്. നമ്മള്‍ പുറത്തേക്കിറങ്ങുംമ്പോള്‍ ആലോചിക്കണം, നമ്മള്‍ രാജ്യത്തിന് വേണ്ടി എന്ത് ചെയ്തു? ചെയ്യുന്നു എന്ന്. നമ്മളെ കൊണ്ട് രാജ്യത്തിന് ഉപകാരംഉണ്ടായില്ലെങ്കിലും ഉപദ്രവം ഉണ്ടാകുന്നുണ്ടോ എന്ന് നമ്മള്‍ ചിന്തിക്കണം. രാഷ്ട്രബോധം ഉണ്ടാവണം.

*** നന്ദി സര്‍ ഇനി കുറച്ചു പേര്‍സണല്‍, കുടുംബം?

കുടുംബം ഞാനും ഭാര്യയും ഒരു മകനും അടങ്ങുന്നതാണ് ഞങ്ങൾ ചെന്നൈയിലും കൊച്ചിയിലുമായി കഴിയുന്നു. മകൻ ഇപ്പൊ അടുത്ത മാസം ന്യൂയോർക്ക് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമോട്ടോഗ്രഫി പഠിക്കാൻ പോകുകയാണ്.

major

*** പുതിയ സിനിമയെ പറ്റി?

പുതിയ സിനിമ 71 വാർ ബേസ് ചെയ്തുള്ള ഒരു കഥയാണ്‌. യുദ്ധത്തിനെ പറ്റി ആണ് ഒരു യുദ്ധത്തിലും ഒരു രാജ്യവും ഇന്നേവരെ ജയിച്ചിട്ടില്ല. രണ്ടു കൂട്ടർക്കും നഷ്ടമേ വന്നിട്ടുള്ളൂ. അതാണ് കഥ, മോഹൻലാൽ ആണ് അഭിനയിക്കുന്നത്. ഡബിള്‍റോൾ ആണ്. മേജർ മഹാദേവൻ എന്ന ക്യാരക്ടറും അദ്ദേഹത്തിന്‍റെ അച്ഛനായും. ഒരു പാകിസ്താൻ കാരനായാലും യുദ്ധത്തിൽ മരിച്ചാൽ നമ്മൾ അയാളെ സല്യൂട്ട് ചെയ്യും. ഇതൊക്കെ പറയുന്ന വ്യത്യസ്തമായ ഒരു കഥയാണ്‌.
നന്ദി സർ, ഇത്രയും സമയം ചിലവാക്കിയതിൽ നന്ദി.

shortlink

Related Articles

Post Your Comments

Related Articles


Back to top button