Kerala

സീതാറാം യെച്ചൂരിക്കെതിരെ രാജ്യദ്രോഹക്കേസ്‌ ചുമത്തിയതിനെതിരെ സി.പി.ഐ (എം)

തിരുവനന്തപുരം: സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ രാജ്യദ്രോഹകേസ്‌ ചുമത്തിയതിലും വധഭീഷണിയുയര്‍ത്തിയതിലും അതിശക്തമായി പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളോടും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭ്യര്‍ഥിച്ചു.

മോദി ഭരണത്തിന്റെ തണലില്‍ ആര്‍എസ്‌എസ്‌-ബിജെപി വ്യാജദേശഭക്തന്മാര്‍ നടത്തുന്ന പ്രകോപനപരമായ നടപടികളുടെ ഭാഗമായാണ്‌ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ്‌ നേതാക്കളടക്കമുള്ളവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്‌. ജെഎന്‍യു വിഷയത്തില്‍ മതനിരപേക്ഷതയുടെയും പൗരവകാശത്തിന്റെയും സംരക്ഷണത്തിനുവേണ്ടി ധീരമായ നിലപാട്‌ കൈക്കൊണ്ടതിനാണ്‌ യെച്ചൂരിക്കെതിരെ കാവിപ്പട ഉറഞ്ഞുതുള്ളുന്നത്‌. വ്യാജദേശഭക്തന്മാരുടെ നെറികേടിനെതിരെ ദേശവ്യാപകമായുയരുന്ന പ്രതിഷേധത്തില്‍ കേരളം അതിശക്തമായി അണിനിരക്കും.

അധികാരത്തിന്റെ അപമാനകരമായ നിഷ്‌ക്രിയത്വത്തിനും അപകടകരമായ കടന്നാക്രമണത്തിനും ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്‌. നിഷ്‌ക്രിയതയ്‌ക്ക്‌ തെളിവാണ്‌ പാട്യാല കോടതിയിലെ സംഭവം. അപകടകരമായ കടന്നാക്രമണത്തിന്‌ തെളിവാണ്‌ സീതാറാം യെച്ചൂരി, ഡി രാജ, രാഹുല്‍ഗാന്ധി, അരവിന്ദ്‌ കെജ്‌രിവാള്‍ തുടങ്ങിയവര്‍ക്കെതിരെ തെലങ്കാന പൊലീസ്‌ ചുമത്തിയിരിക്കുന്ന കള്ളക്കേസ്‌. ആര്‍എസ്‌എസ്‌ അഭിഭാഷകരുടെ ഇടപെടല്‍ മാത്രമല്ല, കേന്ദ്ര-സംസ്ഥാന ഭരണങ്ങളുടെ അക്രമാസക്തമായ പിന്തുണയും പാളം തെറ്റിയ ഈ പോക്കിനു പിന്നിലുണ്ട്‌. മതനിരപേക്ഷ പുരോഗമനശക്തികളെ നിശ്ശബ്ദരാക്കാന്‍ ഭരണകൂട അധികാരങ്ങളെ ഒരുവശത്ത്‌ ഉപയോഗിക്കുന്നതിനൊപ്പം കാവിപ്പടയെ ഇളക്കിവിട്ട്‌ ഭീതി സൃഷ്ടിക്കുകയും ചെയ്യുന്നു. ആര്‍എസ്‌എസിന്റെയും ബിജെപിയുടെയും കൊള്ളരുതായ്‌മകളെ തുറന്നുകാട്ടുന്നതും ചരിത്രത്തെ ശരിയായി വ്യാഖ്യാനിക്കുന്നതും ദേശദ്രോഹമായി ചിത്രീകരിക്കുകയാണ്‌. ഇത്‌ പ്രബുദ്ധതയുള്ള ഒരു നാടിനും അംഗീകരിക്കാനാകില്ല. ഹിന്ദുത്വ സ്വേച്ഛാധികാരത്തിലേക്ക്‌ ഇന്ത്യയെ തളച്ചിടാനുള്ള ആര്‍എസ്‌എസ്‌-ബിജെപി നീക്കത്തിന്റെ ഭാഗമാണ്‌ സീതാറാം യെച്ചൂരിക്കെതിരായ രാജ്യദ്രോഹക്കേസും വധഭീഷണിയും.

മോദിഭരണത്തിന്റെ തണലില്‍ നടക്കുന്ന ഈ നീചനീക്കത്തില്‍ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനാധിപത്യവാദികളോടും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button