ബെയ്ജിങ്ങ്: ചൈനയിലെ സിനിമാപ്രേമികള്‍ക്കായി ഒരു സന്തോഷവാര്‍ത്ത. തീയേറ്റര്‍ ദൃശ്യാനുഭവത്തിന്റെ അവസാന വാക്കായ ഐ മാക്സിന്റെ 100 പുതിയ സ്‌ക്രീനുകളാണ് ചൈനയില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്നത്. 2016 ല്‍ ചൈനയില്‍ മാത്രമായി 100 ഐമാക്സ് തീയേറ്ററുകള്‍ തുറക്കാനാണ് പുതിയ പദ്ധതി. 2015 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ലോകത്തെ 66 രാജ്യങ്ങളിലായി 1008 ഐമാക്സ് തിയറ്ററുകളാണുള്ളത്.
ചൈനയിലെ ഐമാക്സ് വിനോദ വിപണി 2015 ല്‍ കാര്യമായ വളര്‍ച്ചയാണ് നേടിയത്. 66.9 ശതമാനം ലാഭം കമ്പനിക്ക് ലഭിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഹോളിവുഡ് സിനിമകളുടെ ചൈനയിലെ വിതരണക്കാര്‍ നല്‍കുന്ന കണക്കനുസരിച്ച് ചൈനയില്‍ ഐമാക്സ് ബോക്സ് ഓഫീസ് 312.4 ദശലക്ഷം ഡോളര്‍ കഴിഞ്ഞ വര്‍ഷം വാരിക്കൂട്ടി. 2014ലേതിനേക്കാള്‍ 53.4 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം 31 സിനിമകളാണ് ചൈനയില്‍ ഐമാക്സ് തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്.
2015 ലെ ആഗോള ബോക്സ് ഓഫീസില്‍ ഏറ്റവും വരുമാനം നേടിയ ചിത്രങ്ങളിലൊന്നായ ഫ്യൂരിയസ് 7 ആണ് ചൈനയിലെ ഐമാക്സ് വിജയത്തിനും ചുക്കാന്‍ പിടിച്ചത്. 39 ദശലക്ഷം ഡോളറാണ് ഐമാക്സ് ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത്. ചൈനീസ് ചിത്രമായ ‘മോണ്‍സ്റ്റര്‍ ഹണ്ട്’ 27 ദശലക്ഷം ഡോളറും നേടി.
സാധാരണ സിനിമകളിലെ ദൃശ്യങ്ങളേക്കാള്‍ കൂടുതല്‍ റെസല്യൂഷനില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും, പ്രദര്‍ശിപ്പിക്കുകയുമാണ് ഐമാക്സില്‍. ഐമാക്സ് സിനിമകള്‍ നിര്‍മ്മിക്കാന്‍ പ്രത്യേക ക്യാമറയും സാങ്കേതിക സംവിധാനങ്ങളും വേണം. ഒപ്പം, സിനിമ കാണാന്‍ ഐമാക്സ് തീയേറ്ററുകളും. കനേഡിയന്‍ കമ്പനിയായ ഐമാക്സ് കോര്‍പറേഷനാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. നിലവിലുളള ടിക്കറ്റ് നിരക്കിനേക്കാള്‍ പല മടങ്ങ് കൂടുതലാണ് ഐമാക്സ് ഈടാക്കുന്നതെങ്കിലും ഐമാക്സ് സൃഷ്ടിക്കുന്ന മായിക ദ്യശ്യ, ശബ്ദ പ്രപഞ്ചത്തിന് അത് അധികമാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
Post Your Comments