മുസാഫര്‍നഗര്‍: ഒരു ആഡംബര ബൈക്ക് നിര്‍മ്മിക്കാന്‍ തടി തന്നെ ധാരാളം എന്ന് തെളിയിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് സ്വദേശി. മുസാഫര്‍നഗറിലെ ഗാന്ധി കോളനി നിവാസിയായ രാജ് ശാന്തനുവാണ് വ്യത്യസ്തമായ ഈ ബൈക്ക് നിര്‍മ്മിച്ചത്. ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന് തടിബൈക്ക് സമ്മാനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും യുവാവ് പറയുന്നു.
180 സി.സി ബൈക്കാണ് രാജ് തടിയില്‍ നിര്‍മ്മിച്ചത്. ‘വൂഡി പാഷണ്‍’ എന്ന് പേരിട്ടിരിക്കുന്ന ബൈക്ക് ഒരു ലിറ്റര്‍ പെട്രോളില്‍ 15 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. 2.5 ലക്ഷം രൂപയാണ് ബൈക്ക് നിര്‍മ്മാണത്തിനായി രാജ് ശാന്തനുവിന് ചെലവായത്.
സാധാരണ ബൈക്കുകളേക്കാള്‍ വലിപ്പത്തില്‍ മുമ്പന്‍ തന്റെ വൂഡി പാഷനാണെന്ന് രാജ് പറയുന്നു. ഹോളിവുഡ് ചിത്രം ഗോസ്റ്റ് റൈഡറിലെ ബൈക്കിനോട് രൂപസാദൃശ്യം പുലര്‍ത്തുന്ന വൂഡി പാഷനില്‍ എഞ്ചിനെ തണുപ്പിക്കുന്നതിന് പ്രത്യേക റേഡിയേറ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്. സ്പോര്‍ട്സ് ബൈക്കുകള്‍ക്ക് ഉപയോഗിക്കുന്ന ടയറുകളും വൂഡി പാഷന്റെ പ്രത്യേകതയാണ്. നിരവധിപ്പേര്‍ ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് തന്നെ സമീപിച്ചതായി രാജ് പറയുന്നു. എന്നാല്‍ ഇരുചക്ര വാഹനപ്രേമിയായ ജോണ്‍ എബ്രഹാമിന് ബൈക്ക് സമ്മാനമായി നല്‍കാനാണ് തന്റെ ആഗ്രഹമെന്നും രാജ് ശാന്തനു വ്യക്തമാക്കി.
Post Your Comments