ബജാജിന്റെ ഏറ്റവും പുതിയ ഇരുചക്ര വാഹനം വി 15 വിപണിയിലെത്തി. ഓട്ടോ എക്സ്പോയ്ക്ക് മുമ്പായി ബജാജ് പ്രദര്‍ശിപ്പിച്ച ബൈക്കിന്റെ അവതരണം നിശബ്ദമായാണ് നടന്നത്. ക്രൂസര്‍ ബൈക്കിന്റെയും കഫേ റേസറിന്റെയും സങ്കര രൂപമാണ് വി 15 ന്. ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്തിന്റെ സ്റ്റീല്‍ കൊണ്ടാണ് വി 15 ന്റെ പെട്രോള്‍ ടാങ്ക് നിര്‍മിച്ചിരിക്കുന്നത്.
62,000 രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.ഭാരം 135 കിലോഗ്രാം.
വി 15 ന്റെ 150 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, ഡി.ടി.എസ്.ഐ എന്ജിന് 11.80 ബി.എച്ച്.പി കരുത്ത് പ്രധാനം ചെയ്യുന്നു. സാധാരണ റോഡ് സാഹചര്യങ്ങളില്‍ ലീറ്ററിന് 60 കിമീ മൈലേജ് ലഭിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഇലക്ട്രിക് സ്റ്റാര്‍ട്ടും ഫ്രണ്ട് ഡിസ്ക് ബ്രേക്കും സ്റ്റാന്‍ഡേര്‍ഡ് ഫിറ്റിങ്ങായുള്ള ഒറ്റ വകഭേദമേ വി 15 നുള്ളൂ. നിലവില്‍ ബുക്ക് ചെയ്യാവുന്ന ബൈക്കിന്റെ വിതരണം മാര്‍ച്ച് പകുതിയോടെ ആരംഭിക്കും.
ഡിസ്കവറിനെക്കാള്‍ 10 മിമീ അധിക വീല്‍ബേസുള്ള വി 15 ന് ഉയരം കുറവാണ്. 780 മി.മീ ആണ് ഉയരം. ബജാജ് ഡിസ്കവറിനെക്കാള്‍ 20 മി.മീ കുറവ്. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 16 ഇഞ്ചും വലുപ്പമുള്ള മെലിഞ്ഞ 10 സ്പോക്കുള്ള അലോയ് വീല്‍ ഉപയോഗിക്കുന്നു. ക്രോം ഷോക്ക് അബോസോര്ബറുകള്, സീറ്റിലെ വെളുപ്പ് അല്ലെങ്കില്‍ ചുവപ്പ് തുന്നല്‍, സിംഗിള്‍ സീറ്റര്‍ പോലെ തോന്നിക്കുന്ന പിന് സീറ്റിന്റെ കവര്‍ എന്നിവയെല്ലാം കഫേ റേസര്‍ ലുക്ക് നല്കുന്നു. സാധാരണ ബൈക്കുകളുടേതിനേക്കാള് 60 മടങ്ങ് തെളിച്ചമുള്ള പ്രകാശം നല്കാന് കഴിവുള്ളതാണ് വി 15 ന്റെ 55/60 വാട്ട്സ് ഹെഡ്ലാംപ് എന്ന് ബജാജ് അവകാശപ്പെടുന്നു.
ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലാണ് ഐ.എന്‍.എസ് വിക്രാന്ത്. 1971 ഇന്ത്യ പാക്കിസ്ഥാന് യുദ്ധത്തില്‍ ഇന്ത്യയുടെ വിജയത്തിന് പ്രധാന പങ്കുവഹിച്ച കപ്പലാണിത്. 1957 ല്‍ ബ്രിട്ടനില്‍ നിന്ന് സ്വന്തമാക്കിയ കപ്പല്‍ 1961 ലാണ് സര്‍വീസില്‍ പ്രവേശിക്കുന്നത്. 1997 ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച കപ്പല്‍ മ്യൂസിയമാക്കി മാറ്റി. 2014 ലാണ് കപ്പല്‍ പൊളിക്കുന്നത്. ഇതിന്റെ ഘടകങ്ങള്‍ ബജാജ് ഓട്ടോ സ്വന്തമാക്കുകയായിരുന്നു.
Post Your Comments