Kerala

ന്യൂമാന്‍ കോളേജില്‍ കെ.എസ്.യു നേതാവിന്റെ കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരുക്ക്

ഇടുക്കി : തൊടുപുഴ ന്യൂമാന്‍ കോളേജില്‍ കെ.എസ്.യു നേതാവിന്റെ കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരുക്ക്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഗോപിക ജയനാണ് പരുക്കേറ്റത്. തലക്കും കാലിനും പരുക്കേറ്റ ഗോപിക ജയനെ (19) തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെ.എസ്.യു നേതാവും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ സിബി ജോസഫ് ഓടിച്ച ഇന്നോവ കാറാണ് ഗോപികയെ ഇടിച്ചത്. അമിതവേഗത്തില്‍ വന്ന വാഹനം ഗോപികയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. ക്ലാസ് വിട്ട് വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് നടന്നുപോകുന്നതിനിടെ അമിതവേഗത്തില്‍ എത്തിയ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് ഗോപികയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

മറ്റു വിദ്യാര്‍ത്ഥികള്‍ ഇന്നോവ തടഞ്ഞെങ്കിലും സിബി ഓടി രക്ഷപ്പെടുകയായിരുന്നു. നിയമം ലംഘിച്ച് ക്യാംപസിനുള്ളില്‍ വാഹനം കയറ്റിയ സംഭവത്തിലും വിദ്യാര്‍ത്ഥിനിയെ ഇടിച്ചു പരുക്കേല്‍പിച്ചതും ചൂണ്ടിക്കാട്ടി കോളജ് അധികൃതര്‍ തൊടുപുഴ പോലീസില്‍ പരാതി നല്‍കി.

shortlink

Post Your Comments


Back to top button