Kerala

കോന്നി ആനത്താവളത്തിലെ ഇന്ദ്രജിത്ത് ചരിഞ്ഞു

പത്തനംതിട്ട: സ്വകാര്യ വ്യക്തിയില്‍ നിന്നും ഏറ്റെടുത്ത് കോന്നി ആനത്താവളത്തില്‍ സംരക്ഷിച്ചുവന്ന ഇന്ദ്രജിത് എന്ന മോഴയാന ചരിഞ്ഞു. 16 വയസായിരുന്നു. ഇന്നലെ രാവിലെ മുതല്‍ മദപ്പാടിലായിരുന്ന ഇന്ദ്രജിത് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തിരുന്നില്ല.

തൃശൂര്‍ എലൈറ്റ് ഗ്രൂപ്പ് ഉടമ രഘുബാലിന്റെ ഉടമസ്ഥതയിലായിരുന്ന ഇന്ദ്രജിത്തിനെ സംരക്ഷിക്കാന്‍ കഴിയാതെ വന്നതോടെയാണ് ആനയെ വനം വകുപ്പിന് കൈമാറാന്‍ എലൈറ്റ് ഗ്രൂപ്പ് തീരുമാനിച്ചത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ 2014 നവംബര്‍ 22 നാണ് ഇന്ദ്രജിത്തിനെ കോന്നിയില്‍ എത്തിച്ചത്. വന്നനാള്‍ മുതല്‍ പാപ്പാന്‍മാരോടു പോലും ഇണങ്ങാന്‍ താല്‍പര്യം കാട്ടാത്ത ആന പല സമയങ്ങളിലും ആക്രമണകാരിയുമായിട്ടുണ്ട്്. ഒന്നാം പാപ്പാന്‍ ശശിയെ മാത്രമേ അല്‍പമെങ്കിലും അടുപ്പിക്കുമായിരുന്നുള്ളൂ. മരണശേഷം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മഹസര്‍ തയറാക്കി. പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിലെ പതോളജിസ്റ്റുമാരായ നന്ദകുമാര്‍, അരവിന്ദ് എന്നിവര്‍ ആനത്താവളത്തിലെത്തി രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കയച്ചു.

തുടര്‍ന്ന് ക്രെയിന്‍, വടം എന്നിവ ഉപയോഗിച്ച് ലോറിയില്‍ കയറ്റിയ ആനയെ നടുവത്തുമൂഴിയിലെ ഉളിയനാട് ഭാഗത്ത് വനത്തിലെത്തിച്ച് കോന്നി ഡി.എഫ്.ഒ മോഹനന്‍പിള്ള, വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ.സി.എസ്. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം സംസ്‌കരിച്ചു.

shortlink

Post Your Comments


Back to top button