ന്യൂഡല്‍ഹി: തെക്കന്‍ ചൈനയിലെ സമുദ്രഭാഗത്ത് ചൈന ഉന്നത ഫ്രീക്വന്‍സിയിലുള്ള റഡാര്‍ സ്ഥാപിച്ചേക്കുമെന്ന വാര്‍ത്ത ലോകത്തെ ഭയപ്പെടുത്തുന്നു. ചൈനയുടെ അത്യാധുനിക റഡാര്‍ ഇന്ത്യയ്ക്കും ഭീഷണി തന്നെയാണ്.മുന്‍പ് ചൈന വിക്ഷേപിച്ച മിസൈലുകളെക്കാളും അപകടകരമായി പരിണമിക്കാന്‍ ഇതിനു സാധിക്കുമെന്നത് തന്നെയാണ് കാരണം. അയല്‍ രാജ്യങ്ങളില്‍ നടക്കുന്ന എല്ലാ നീക്കങ്ങളും ഈ റഡാര്‍ പിടിച്ചെടുക്കും. സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആണ് ഇങ്ങനെയൊരു നിരീക്ഷണ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ഏകദേശം അമ്പത്തിരണ്ടേക്കര്‍ വിസ്തീര്‍ണ്ണമുള്ള ക്വാര്‍ട്ടറൊണ്‍ മണല്‍ത്തിട്ടിലാണ് ചൈന റഡാര്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. വുഡി ദ്വീപില്‍ നിന്നും ചൈന മിസൈലുകള്‍ നിര്‍മിക്കുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഈ ദ്വീപിനു സമീപത്തുള്ള സ്പ്രാറ്റ്‌ലിസ് ദ്വീപിലാണ് റഡാര്‍ സ്ഥാപിക്കാനൊരുങ്ങുന്നത് എന്നത് ഈ മേഖല കൂടുതല്‍ ചൈനയുടെ നിരീക്ഷണവലയത്തിനുള്ളില്‍ ആവാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്. ചൈനാകടലിന്റെ എണ്‍പത് ശതമാനവും ഇപ്പോള്‍ ചൈനയുടെ കയ്യിലാണ്. ഇവിടം റഡാര്‍ സ്ഥാപിക്കുന്നതോടെ വ്യോമനിരീക്ഷണവും കടലിലൂടെയുള്ള ആക്രമണ പ്രതിരോധവും ചൈനയ്ക്ക് കൂടുതല്‍ എളുപ്പമാകും.
പ്രതിവര്‍ഷം അഞ്ചു ട്രില്ല്യന്‍ ഡോളറിന്റെ ചരക്കുനീക്കങ്ങളാണ് ഈ സമുദ്രഭാഗത്തിലൂടെ നടക്കുന്നത്. അതുകൊണ്ടു തന്നെ ഇതുവഴിയുള്ള ജലഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രാദേശിക സുരക്ഷാ സംവിധാനങ്ങള്‍ ഹവായ് ദ്വീപില്‍ യു.എസും വികസിപ്പിക്കുന്നുണ്ട്. അതുപോലെയേ ചൈനയുടെ മിസൈല്‍ വിന്യാസവും കാണാനാവൂ എന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്. എന്നാല്‍ വുഡി ദ്വീപ് വിയറ്റ്‌നാം, തായ്വാന് എന്നീ രാജ്യങ്ങളുടെ കീഴിലാണെന്നും അതുകൊണ്ടുതന്നെ ഇങ്ങനെ താരതമ്യപ്പെടുത്തല്‍ നടക്കില്ലെന്നും വൈറ്റ്ഹൗസ് പ്രതിനിധി പറഞ്ഞു.
ദക്ഷിണ ചൈനാ കടലിലെ തര്‍ക്കദ്വീപില്‍ ചൈന അത്യാധുനിക മിസൈല്‍ സ്ഥാപിച്ചതായി തായ്‌വാനും യു.എസും ആരോപണം ഉന്നയിച്ചിരുന്നു. എട്ട് മിസൈലുകള്‍ വഹിക്കുന്ന രണ്ട് യൂണിറ്റുകള്‍ നിര്‍മ്മിച്ചെന്നതാണ് ആരോപണം. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ ലഭിച്ചതായി ഫോക്‌സ് ന്യൂസ് ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടു പിന്നാലെ ചൈനയുടെ നിയന്ത്രണത്തിലുള്ള വൂഡി ദ്വീപില്‍ മിസൈലുകള്‍ സ്ഥാപിച്ചതായി തായ്‌വാനും പറഞ്ഞു.
എന്നാല്‍ ഈ വാര്‍ത്തകള്‍ ചൈന നിഷേധിച്ചു. പാശ്ചാത്യമാധ്യമങ്ങളുടെ കെട്ടുകഥയാണ് സംഭവമെന്നാണ് ചൈനയുടെ വാദം
Post Your Comments