NewsIndia

എച്ച്.എല്‍ ദത്തു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാകും

ന്യൂഡല്‍ഹി: സൂപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍.എച്ച്.ആര്‍.സി) ചെയര്‍മാനായേക്കും. ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ വിരമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് 11 മുതല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. അഞ്ച് വര്‍ഷമാണ് എന്‍.എച്ച്.ആര്‍.സി ചെയര്‍മാന്റെ കാലാവധി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ എന്നിവരടങ്ങുന്ന സമിതിയാണ് എച്ച്.എല്‍ ദത്തുവിനെ എന്‍.എച്ച്.ആര്‍.സി ചെയര്‍മാനാക്കാന്‍ തീരുമാനമെടുത്തത്. യോഗത്തില്‍ ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്തില്ല. പേര് അംഗീകാരത്തിനായി രാഷ്ട്രപതിക്ക് അയക്കും.

കര്‍ണാടകയിലെ ചിക്മഗളൂരു സ്വദേശിയായ ഹണ്ട്യാല ലക്ഷ്മി നാരായണസ്വാമി ദത്തു എന്ന എച്ച്.എല്‍ ദത്തു കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നും വിരമിച്ചത്. 2014 സെപ്റ്റംബറിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റത്. കര്‍ണാടക, കേരള, ഛത്തീസ്ഗഡ് ഹൈക്കോടതികളില്‍ അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button