India

പാട്ടിന്റെ ശബ്ദം കുറയ്ക്കാനാവശ്യപ്പെട്ടു: ജിം നടത്തിപ്പുകാരന്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്നു

ന്യൂഡല്‍ഹി: പാര്‍ട്ടിക്കിടെ പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിന് ജിം നടത്തിപ്പുകാരന്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊന്നു. ഡല്‍ഹിയിലെ വസന്ത് കുഞ്ജിലാണ് സംഭവം. ഇന്റര്‍ യൂണിവേഴ്‌സിറ്റി ആക്‌സിലറേറ്റര്‍ സെന്ററിലെ എഡിറ്ററായ ഹര്‍ദീപ് ആണ് കൊല്ലപ്പെട്ടത്.

ജിം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ ഒന്നാം നിലയിലുള്ള തന്റെ മുറിയിലിരിക്കുകയായിരുന്നു ഹര്‍ദീപ്. ഈ സമയത്ത് താഴെയുള്ള ജിമ്മില്‍ ഉച്ചത്തില്‍ പാട്ടുവെച്ചിരിക്കുകയായിരുന്നു. തനിക്ക് ഉറങ്ങണമെന്നും പാട്ടിന്റെ ശബ്ദം കുറയ്ക്കണമെന്നും ഹര്‍ദീപ് ജിം നടത്തിപ്പുകാരന്‍ റിങ്കുവിനോടാവശ്യപ്പെട്ടു. എന്നാല്‍ റിങ്കു ഇതംഗീകരിക്കാന്‍ തയ്യാറാവാതെ ഹര്‍ദീപിനോട് ക്ഷോഭിക്കുകയായിരുന്നു. ഇതോടെ ഇക്കാര്യം അധികൃതരോട് പറയുമെന്ന് പറഞ്ഞ് ഹര്‍ദീപ് മുറിയിലേക്ക് തിരിച്ചുപോയി.

അല്‍പ്പസമയത്തിന് ശേഷം റിങ്കുവും രണ്ട് സുഹൃത്തുക്കളും ഹര്‍ദീപിന്റെ മുറിയിലെത്തി പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു. ഹര്‍ദീപിനെ മുറിയില്‍ നിന്നും പുറത്തിറക്കി മര്‍ദ്ദിച്ചതിന് ശേഷം റിങ്കു കയ്യിലിരുന്ന പിസ്റ്റളെടുത്ത് വെടിവെയ്ക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഹര്‍ദീപിനൊപ്പമുണ്ടായിരുന്ന സുഹൃത്താണ് അദ്ദേഹത്തെ ഒരു ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിച്ചത്. സംഭവ ശേഷം രക്ഷപ്പെട്ട പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Post Your Comments


Back to top button