India

വിദേശത്ത് തൊഴില്‍ തേടി പോകുന്ന നേഴ്‌സുമാരുടെ ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരമായി പ്രോട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്‌സ് കേരളത്തിലേക്ക്

ന്യൂഡല്‍ഹി: നേഴ്‌സുമാരുടെ വിദേശനിയമന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്‌സിനെ കേരളത്തിലേക്ക് നിയോഗിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആന്റോ ആന്റണി എം.പി എന്നിവര്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി.

വിദേശ സര്‍ക്കാരുകള്‍ നേരിട്ട് നടത്തുന്ന നിയമനങ്ങള്‍ സ്വീകരിക്കാന്‍ പോലും നേഴ്‌സുമാര്‍ക്ക് അനുമതി ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രിയും എം.പിയും കൂടിക്കാഴ്ചയില്‍ സുഷമാ സ്വരാജിനെ ധരിപ്പിച്ചിരുന്നു. ഈ മാസം തന്നെ പ്രൊട്ടക്റ്റര്‍ സംസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി അറിയിച്ചു. സന്ദര്‍ശനവേളയില്‍ത്തന്നെ പ്രശ്‌നപരിഹാരം കണ്ടെത്താനും സുഷമ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ നോര്‍ക്ക, ഒഡേപെക് തുടങ്ങിയ ഏജന്‍സികള്‍ മുഖേനയുള്ള നിയമനം കാര്യക്ഷമമാക്കാനും ശ്രമമുണ്ടാകും.

കുവൈത്ത് സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ കേരളം ഉന്നതതല സംഘത്തെ നിയോഗിച്ചിരുന്നു. കുവൈത്തില്‍ നിന്നുള്ള സംഘവും പ്രതിസന്ദര്‍ശനം നടത്തിയെങ്കിലും പ്രശ്‌നപരിഹാരത്തിന് ക്രിയാത്മക നടപടിയൊന്നുമുണ്ടായില്ല. ആയിരക്കണക്കിന് നേഴ്‌സുമാര്‍ക്കാണ് എല്ലാ മാസവും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് പോലും വിദേശത്ത് പോകാനാവുന്നില്ല.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കേരളത്തില്‍ നിന്നുള്ള നേഴ്‌സുമാരെ നിയമിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കിലും അനിശ്ചിതമായി കാത്തിരിക്കാന്‍ അവര്‍ തയ്യാറല്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button