Kerala

മോഹന്‍ലാലിനെതിരെ എം.ഐ.ഷാനവാസ് എം.പി

തിരുവനന്തപുരം: ജെ.എന്‍.യു വിവാദത്തെ വിമര്‍ശിച്ച് ബ്ലോഗെഴുതിയ നടന്‍ മോഹന്‍ലാലിനെതിരെ വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി എം.ഐ.ഷാനവാസ് രംഗത്ത്. ജനഹൃദയങ്ങളിൽ സ്ഥാനം നേടിയവർ വസ്തുതകൾ പഠിക്കാതെ അപക്വമായി പ്രതികരിച്ചാലും ജീവിച്ചിരിക്കുന്ന ഇന്ത്യയെ കൊല്ലുവാൻ സാധിക്കും എന്ന യാഥാർഥ്യം മോഹൻലാലിനെ പോലുള്ളവർ മനസിലാക്കണമെന്ന് ഷാനവാസ് ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു. അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിൽ കൽബുർഗിക്കും ദബോൽക്കറും പൻസാരെക്കും മരണ ശിക്ഷ വിധിക്കുന്നവർ രാജ്യ ഭരണത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് കണ്ട് യുവത്വം മൗനത്തിന്റെ വാത്മീകത്തില്‍ ഒളിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ ഇന്ത്യ മരിക്കുന്നതെന്നും ‘ഒരു മഹാനടന്റെ അവസരവാദ വിലാപം’ എന്ന തലക്കെട്ടില്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പില്‍ ഷാനവാസ്‌ പറഞ്ഞു.

മോഹൻലാലിനെ പോലേ തന്നെ മഹാനടൻമാരായ അമീർ ഖാനും , ഷാരൂഖ്‌ ഖാനും ഉണ്ടായ അനുഭവം ജനാധിപത്യത്തോടും ഭരണഘടനയോടുള്ള വെല്ലുവിളിയായിരുന്നു . ഈ രണ്ടു മഹാനടൻമാരോടും പാക്കിസ്ഥാനിലേക്ക് പോകാൻ ഇവിടുത്തെ സങ്കപരിവാർ ശക്തികൾ അക്രോശിച്ചപ്പോൾ മോഹൻലാലിനെ എവിടെയും കണ്ടില്ലെന്നും ഷാനവാസ്‌ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക്‌  പോസ്റ്റിന്റെ പൂര്‍ണരൂപം

………………..ഒരു മഹാനടന്റെ അവസരവാദ വിലാപം…………..

ജനഹൃദയങ്ങളിൽ സ്ഥാനം നേടിയവർ വസ്തുതകൾ പഠിക്കാതെ അപക്വമായി പ്രതികരിച്ചാലും ജീവിച്ചിരിക്കുന്ന ഇന്ത്യയെ കൊല്ലുവാൻ സാധിക്കും എന്ന യാഥാർഥ്യം മോഹൻലാലിനെ പോലുള്ളവർ മനസിലാക്കണം. നാളെയുടെ ഇന്ത്യയെ പ്രതിനിധി കരിക്കേണ്ട രോഹിത് വെമുലയെ പോലുള്ള യുവത്വങ്ങൾ ജാതി പിശാചിന്റെ ദുരിതം പേറി ഒരു ചാൺ കയറിൽ ജീവിതം അവസാനിപ്പിക്കുകയാണ് , ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സേക്ക് ക്ഷേത്രമൊരുക്കാൻ ഒരു സംഘം സങ്കോചമില്ലാതെ മുന്നോട്ടു വരുന്നു . അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിൽ കൽബുർഗിക്കും ദബോൽക്കറും പൻസാരെക്കും മരണ ശിക്ഷ വിധിക്കുന്നവർ രാജ്യ ഭരണത്തോട് ഒട്ടി നില്‍ക്കുന്നു . ഇത് കണ്ടു യുവചേദന മൗനത്തിന്റെ വാത്മീകത്തില്‍ ഒളിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ ഇന്ത്യ മരിക്കുന്നത് . .

മാതൃരാജ്യത്തെയും ജനനിയെയും നല്ല പാതിയും വിട്ടകന്നു ജനകോടികൾക്കായി രക്തസാക്ഷിയായ ധീര ജവാന്മാരോടുള്ള സ്നേഹം ഒരു ഇന്ത്യക്കാരനെ പുതിയതായി പഠിപ്പിക്കേണ്ട ആവിശ്യമില്ല. ജീവൻ ബലികഴിച്ച ഒരു ജവാന്റെയും മൃതദേഹം സന്ദർശിക്കാൻ ഒരിക്കൽ പോലും മോഹലാൽ തയാറായിട്ടില്ല. വെള്ളിത്തിരയിലെ വേഷ പകര്ച്ചകളിലൂടെ മലയാളി മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മോഹൻലാലിൻറെ ചേതോ വികാരത്തെ നിരാശജനകമെന്ന വാക്കിലൊതുക്കുവാൻ പ്രയാസമാണ് .

മോഹൻലാലിനെ പോലേ തന്നെ മഹാനടൻമാരായ അമീർ ഖാനും , ഷാരൂഖ്‌ ഖാനും ഉണ്ടായ അനുഭവം ജനാധിപത്യത്തോടും ഭരണഘടനയോടുള്ള വെല്ലുവിളിയായിരുന്നു . ഈ രണ്ടു മഹാനടൻമാരോടും പാക്കിസ്ഥാനിലേക്ക് പോകാൻ ഇവിടുത്തെ സങ്കപരിവാർ ശക്തികൾ അക്രോശിച്ചപ്പോൾ മോഹൻലാലിനെ എവിടെയും കണ്ടില്ല . അറിഞ്ഞോ അറിയാതെയോ ഞാൻ ആദരിക്കുന്ന മോഹൻലാൽ എന്ന കലാകാരൻ വർഗ്ഗീയ ശക്തികളുടെ തേച്ചുമിനുക്കിയ കത്തിയായി മാറുമ്പോൾ ലജ്ജ കൊണ്ട് നമ്മൾക്ക് തലതാഴ്ത്താം.

അനീതിക്കും , അസമത്വത്തിനുമെതിരെ ഉയരുന്ന സ്വാതന്ത്രൃ വാഞ്ജയുടെ ശബ്ദങ്ങളെ കപട രാഷ്ട്ര പ്രേമ ഫോബിയയിൽ മുക്കിക്കൊല്ലുന്ന കല ഹിറ്റ്ലര്‍ തുടങ്ങി വെച്ചതാണ്.ഇവിടെ തനിയാവർത്തനത്തിന് , സായിപ്പിന് മാപ്പെഴുതി നൽകി ജയിലറയിൽ നിന്ന് മണിയറ പുൽകിയ, ഗാന്ധി ഘാതകരുടെ പിൻമുറക്കാർ പാഴ്ശ്രമം നടത്തുന്നു.അതിന് വളമേകാൻ സിയാച്ചിന്റെ ദൈന്യതയും, നെഹ്റുവിന്റെ ഉദ്ധരണികളും , ലാലിന്റെ സ്വരവും ഒന്നിച്ചെന്ന് കരുതി അലിഞ്ഞ് പോകുന്നതല്ല യഥാർത്ഥ ദേശീയ വാദിയുടെ രാഷ്ട്ര ബോധവും , മാനവിക സങ്കൽപ്പങ്ങളും .
…………………എം ഐ ഷാനവാസ്‌ എം പി…………..

 

………………..ഒരു മഹാനടന്റെ അവസരവാദ വിലാപം………….. ജനഹൃദയങ്ങളിൽ സ്ഥാനം നേടിയവർ വസ്തുതകൾ പഠിക്കാതെ അപക്വമായി…

Posted by MI Shanavas on Monday, February 22, 2016

shortlink

Related Articles

Post Your Comments

Related Articles


Back to top button