അധികാരം നഷ്ടപ്പെട്ടവർ രാജ്യത്ത് കലാപത്തിനു ശ്രമിക്കുന്നു
ജെ എൻ യു വിദ്യാർഥി നേതാവ് ഒരാഴ്ച വിളിച്ചത് 800 കോളുകൾ, വിദേശത്തേക്കും വിളികൾ
പ്രധാനമന്ത്രി പറയുന്നത്
കെവിഎസ് ഹരിദാസ്
തന്നെ അപകീര്‍ത്തിപ്പെടുത്താനും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ഗൌരവതരവും ശ്രദ്ധിക്കേണ്ടതുമാണ് . ചില എന്‍.ജി.ഒ-കളുടെ വിദേശ ഫണ്ട് , അതിന്റെ വിനിയോഗം എന്നിവയൊക്കെ സംബന്ധിച്ച അന്വേഷണം അധികൃതർ തുടങ്ങിയപ്പോഴാണ് തനിക്കെതിരെ ആക്രമണം തുടങ്ങിയതെന്നും അദ്ദേഹം സൂചിപ്പിച്ചു. “വിദേശത്തു നിന്ന് പണം വരുന്നവരോട് കണക്കു ചോദിച്ചതാണ് വിഷമമായത്. അവരപ്പോൾ മോഡിയെ നശിപ്പിക്കൂ എന്ന് ആഹ്വാനം ചെയ്യാൻ തുടങ്ങി. എന്നാൽ അതൊക്കെ താനും ഭരണകൂടവും നേരിടുമെന്നും അതിനാണ് തന്നെ ജനങ്ങൾ തിരഞ്ഞെടുത്തത് ” എന്നും മോഡി പറഞ്ഞു. ഞായറാഴ്ച ഒരു ബിജെപി റാലിയിലാണ് നരേന്ദ്ര മോഡി മനസുതുറന്നത് . ഇത് ഇന്ന് രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങളിലേക്കുള്ള ഒരു വിരൽചൂണ്ടലായി കണക്കാക്കുന്നവരാണ് പലരും. തീർച്ചയായും, തന്റെ ഭരണകൂടത്തിനെതിരെ പല ഭാഗങ്ങളിൽ നിന്നും ഉയർന്നുവരുന്ന വിമർശനങ്ങളെയും രാജ്യത്ത് അസ്വസ്ഥത ഉണ്ടാക്കാനുള്ളചിലരുടെ പരിശ്രമങ്ങളെയും ഏതുവിധേനയാണ് ഈ സർക്കാർ കാണാൻ ഉദ്ദേശിക്കുന്നത് എന്നതും ആ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ദേശവിരുദ്ധ പ്രവര്ത്തനങ്ങളെ ശക്തിയുക്തം നേരിടുമെന്ന ഉറപ്പും അതിലൂടെ പ്രധാനമന്ത്രി രാഷ്ട്രത്തിനു നൽകുന്നു.
ജെ എൻ യു പ്രശ്നത്തിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാട് നാമൊക്കെ കണ്ടുകഴിഞ്ഞു. ഏത് ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നവനെയും തലയിലേറ്റി നടക്കാനും സംരക്ഷിക്കാനും അതിനായി ഭരണകൂടത്തെ അധിക്ഷേപിക്കാനുമൊക്കെ കോണ്ഗ്രസും അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന രാഷ്ട്രീയക്കാരും തയ്യാറാവും എന്നത് ഒരിക്കൽക്കൂടി ആ പ്രശ്നത്തോടെ വ്യക്തമാക്കപ്പെട്ടു. കാമ്പസിൽ ഉയർന്നത് ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ആണ് എന്നതിന് അനവധിപേർ ദൃക്‌സാക്ഷികളാണ്. എന്നാലും അത് നടന്നില്ല എന്നുപറഞ്ഞാണ് ഇക്കൂട്ടര് ആദ്യമൊക്കെ നടന്നത്. പിന്നീട് തെളിവ് വെളിച്ചം കണ്ടപ്പോൾ അതിനു പിന്നിൽ മറ്റുചിലരാണ് എന്നത് വ്യക്തമായി. പിന്നീടങ്ങോട് നാമൊക്കെ കണ്ടത് പാക്കിസ്ഥാന് സിന്ദാബാദ് വിളിക്കുന്നതും ഭീകരാക്രമണ കേസിൽ വധശിക്ഷക്ക് വിധേയനാക്കപ്പെട്ടയാളെ മഹത്വവൽക്കരിക്കാനും മറ്റുമുള്ള നീക്കങ്ങളാണ്. ഇന്ത്യയെ തകർക്കണം, ഇന്ത്യയെ വിഭജിക്കണം, കാശ്മീരിന് സ്വാതന്ത്ര്യം നല്കണം ………….. തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിൽ തെറ്റെന്താണ് എന്നും മറ്റും ചോദിക്കാനും ചിലരെല്ലാം തയ്യാറായി. നമ്മുടെ പ്രമുഖ ടിവി ചാനലുകളിൽ സ്ഥാനം പിടിച്ചിട്ടുള്ള മാധ്യമ പ്രമുഖരും അക്കൂട്ടത്തിലുണ്ട് എന്നത് നമ്മെയൊക്കെ ഇരുത്തിചിന്തിപ്പിക്കുന്നു.
ഓരോ ഇത്തരം പ്രശ്നങ്ങളെയും വഴിതിരിച്ചുവിടാൻ ഇത്തരം മാധ്യമ വിശാരദന്മാർ ശ്രമിക്കാറുണ്ട്. അത് ഇത്തവണയും കണ്ടു. ഭീകരപ്രവർത്തനത്തിന് താങ്ങും തണലുമായി നിന്നവരെ രക്ഷിക്കാനായി വിഷയം മാറ്റാനും ഭീകരവിരുദ്ധ നീക്കങ്ങളെ മനുഷ്യാവകാശ പ്രശ്നമായി ചിത്രീകരിക്കാനും ഇക്കൂട്ടർ തയ്യാറായത് നമ്മുടെയൊക്കെ മുന്നിലുണ്ട്. ഇവിടെ കൊല്ലപ്പെടുന്നവർക്കില്ലാത്ത എന്ത് മനുഷ്യാവകാശമാണ് രാജ്യദ്രോഹ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കുള്ളത് എന്നത് വിശദീകരിക്കാൻ അവരാരും തയ്യാറാവാറുമില്ല . ആയിരക്കണക്കായ കാശ്മീരി പണ്ഡിറ്റുകൾ കാശ്മീർ താഴവരവിട്ടു വന്ന് അഭയാര്ധികളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടായി. ആരെ ഭയന്നാണ് അവർ നാടുവിട്ടത് എന്നത് എല്ലാവർക്കുമറിയാം. ആ പണ്ഡിറ്റ്‌മാർക്കില്ലാത്ത എന്ത് മനുഷ്യാവകാശമാണ് വിദേശ അഞ്ചാം പത്തികളായി തൊക്കുമെന്തി എത്തുന്ന ഭീകരർക്കുള്ളത് ?. ഇവിടെ കാര്യങ്ങൾ വളരെ വ്യക്തമാണ്. പണ്ഡിറ്റുകൾ ഹിന്ദുക്കളാണ്; ഭീകരരാവട്ടെ മത ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരും. മതവും ജാതിയും നോക്കി മനുഷ്യാവകാശം തീരുമാനിക്കാൻ തുടങ്ങിയാലോ?.
ഇവിടെ പ്രശ്നം രാഷ്ട്രീയമാണ്. അധികാരം നഷ്ടപ്പെട്ട കോണ്ഗ്രസ് എന്തുകാണിച്ചും രാജ്യത്ത് അസ്വസ്ഥത ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. അതിനായി എന്തുചെയ്യാനും അവർക്ക് മടിയില്ല. ഇതിനു അനവധി ഉദാഹരണങ്ങളുണ്ട് . ദൽഹിയിലെ പള്ളി ആക്രമണം മുതൽ സാഹിത്യകാരന്മാരുടെ അവാർഡ് തിരിച്ചുനൽകൽ തുടങ്ങി ഗുജറാത്തിലെ പട്ടേൽ സംവരണ പ്രക്ഷോഭവും ഹൈദരാബാദ് സർവകലാശാലയിലെ പ്രശ്നങ്ങളും വരെ അത് കണ്ടതാണ്. അതിന്റെ തുടർച്ചയാണ് . അതിനൊക്കെ ശേഷമാണ് ഇക്കൂട്ടർ ജെ എൻ യുവിലെ ദേശവിരുദ്ധ പ്രവർത്തനം ഏറ്റെടുത്തത്. അത് തിരിച്ചടിച്ചപ്പോഴാണ് ഹരിയാനയിൽ ജാട്ട് സംവരണ പ്രക്ഷോഭം ആരംഭിച്ചത്. അവ ഓരോന്നിലെക്കും കടന്നുചെന്നാൽ അതിശയിപ്പിക്കുന്ന രാഷ്ട്രീയ കരങ്ങൾ ദൃശ്യമാവും. പട്ടേൽ സംവരണ സമരത്തിൽ അത് കണ്ടതാണ്, പരസ്യമായിത്തന്നെ. ജെ എൻയുവിലും അത് വ്യക്തം. അതിന്റെ കൂടുതൽ തെളിവുകൾ വെളിച്ചം കാണാനിരിക്കുന്നതേയുള്ളൂ. എന്നാൽ ഇന്നിപ്പോൾ കോണ്ഗ്രസ് – ഇടതു കക്ഷികൾ വാനോളം വാഴ്ത്തുന്ന ഉമർ ഖാലിദിന്റെ ഫോൺ രേഖകൾ ഇതിനകം ചില മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഈ മാസം മൂന്നു മുതൽ ഒൻപതുവരെയുള്ള കാലഘട്ടത്തിൽ അയാൾ തന്റെ ഫോണിൽ നിന്ന് വിളിച്ചത് ഏതാണ്ട് 800 കോളുകൾ ആണത്രേ. അതിൽ കാശ്മീർ, ബംഗ്ലാദേശ് , ഗൾഫ് രാജ്യങ്ങൾ എന്നിവയൊക്കെ പെടും. അതിനു പിന്നാലെയാണ് ജെ എൻയു കാമ്പസിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴങ്ങിയത്; അതിനുശേഷമാണ് അവിടെ ഇന്ത്യയെ തകർക്കുമെന്നും ഇന്ത്യ ഗോ ബാക്ക് എന്നും കാശ്മീരിന് സ്വാതന്ത്ര്യം കിട്ടുംവരെ തങ്ങൾ ഇതൊക്കെ തുടരുമെന്നുമുള്ള പ്രഖ്യാപനങ്ങൾ ഉയർന്നത് ……….. എന്താവാം അതിനുള്ള താല്പര്യം?. ഇന്നിപ്പോൾ രാഹുൽ ഗാന്ധിയും യെച്ചൂരി സഖാവും ഡി രാജയുമൊക്കെ പറയുന്നതനുസരിച്ച് അതൊക്കെ രാഷ്ട്ര താൽപര്യത്തിനാവുമോ ?. ഫോൺ രേഖകൾ കിട്ടിയിട്ടുണ്ട്; അവരെല്ലാം എന്താണ് സംസാരിച്ചത് എന്നതും നമ്മുടെ രഹസ്യാന്വേഷണ ഏജൻസികൾക്ക് ശേഖരിക്കാൻ പ്രയാസമുണ്ടാവില്ല. ചില നേതാക്കളുടെ മക്കൾ അവിടത്തെ സംഭവവികാസങ്ങളിൽ പരസ്യമായി ഉൾപ്പെട്ടത് ഇതിനകം നാം കണ്ടതാണ്. അതുമാത്രമല്ല, അതൊരു കണ്ണി മാത്രമാണ് എങ്കിലോ?. ആ മക്കൾ നടപ്പിലാക്കിയത് കാരണവന്മാരുടെ താല്പര്യമാണ് എങ്കിലോ?. ഇതൊരു രാഷ്ട്രീയ ഗൂഡാലോചന ആണോ എന്ന സംശയം പതുക്ക പതുക്കെ തെളിഞ്ഞുവരുന്നു എന്നല്ലേ കരുതേണ്ടത്?. പ്രശ്നം കോടതിയിലായതിനാൽ ഒരു പക്ഷെ ഭരണകൂടത്തിനു ഇന്നിപ്പോൾ അതിൽകൂടുതൽ എന്തെങ്കിലും പുറത്തുപറയാൻ കഴിയില്ലായിരിക്കാം. എന്നാൽ ഉമര് ഖാലിദിന്റെ മാത്രമല്ല മറ്റു പലരുടെയം ഫോൺ രേഖകൾ പുറത്തുവരാനുണ്ട് എന്നത് മറക്കണ്ട.
ദൽഹി കലാപ ശ്രമം പരാജയപ്പെട്ടപ്പോഴാണ് ഹരിയാനയിലേക്ക് ഇതേ കൂട്ടര് കടന്നുചെന്നത്. ദൽഹിക്ക് അടുത്തുള്ള സ്ഥലം; ബിജെപി ഭരിക്കുന്ന സംസ്ഥാനം. അവിടെ കലാപം ഉണ്ടായാൽ അതാണ് ഏറ്റവും ഗുണകരമെന്ന് കോൺഗ്രസുകാർ ചിന്തിച്ചാൽ കുറ്റം കാണാനാവില്ല. ജാട്ട് വിഭാഗത്തിനു സംവരണം വേണമെന്നതാണ് ആവശ്യം. കഴിഞ്ഞ പത്തുവർഷക്കാലം കേന്ദ്രവും ഹരിയാനയും ഭരിച്ചത് കോൺഗ്രസാണ് . അന്നൊന്നുമില്ലാത്ത പ്രക്ഷോഭം പിന്നെങ്ങനെ പെട്ടെന്ന് ഉയർന്നുവന്നു ?. ഒരു സാധാരണ സമരമായിരുന്നില്ല അത് എന്നതോർക്കുക . നാടുമുഴുവൻ അവർ അക്രമം അഴിച്ചുവിട്ടു. കണ്ണിൽ കണ്ടതൊക്കെ നശിപ്പിച്ചു. ദേശീയ മാധ്യമങ്ങൾ കണക്കനുസരിച്ച് ഏതാണ്ട് 20,000 കോടിയുടെ നാശനഷ്ടം അവിടെ രണ്ടുമൂന്നു ദിവസം കൊണ്ടുണ്ടായി. പന്ത്രണ്ടോളം പേർ കൊല്ലപ്പെട്ടു. ദൽഹിക്കുള്ള കുടിവെള്ളം തടയാൻ പോലും അവർ ശ്രമം നടത്തി. സൈന്യം തെരുവിൽ ഇറങ്ങിയപ്പോഴാണ് കുറച്ചെങ്കിലും നിയന്ത്രണമുണ്ടായത്. ഒരു സംഘടനയും അതിനു പിന്നിലില്ല; പിന്നെങ്ങനെ ഇത് നടന്നു?. ആ സംശയമാണ് കാര്യങ്ങൾ കോണ്ഗ്രസിന്റെ അകത്തളങ്ങളിലേക്ക് കൊണ്ടുചെന്നെത്തിച്ചത്. കോണ്ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപിന്ദർ സിംഗ് ഹൂദായുടെ രാഷ്ട്രീയോപദേഷ്ടാവ് പ്രൊഫ. വീരേന്ദർ സിങ്ങും ദലാൽ ഖാപ് ചൗരാസിയുടെ വക്താവ് കാപ്റ്റൻ മാൻ സിംഗ് ദലാലും തമ്മിലുള്ള ഫോൺ സംഭാഷണം കള്ളക്കളികൾ വെളിച്ചത്തുകൊണ്ടുവരുന്നുണ്ട് . ” നോക്കൂ, സിർസയിൽ കലാപം നടക്കുന്നില്ല. അവിടെക്കൂടി വേഗം അതാരംഭിക്കണം ” എന്നാണ് കോണ്ഗ്രസ് നേതാവ് ജാട്ട് സമരത്തിനു നേതൃത്വം നല്കുന്നയാളെ ഉപദേശിക്കുന്നത് അല്ലെങ്കിൽ നിര്ദ്ദേശം നല്കുന്നത്. ഇതൊക്കെ നടത്താൻ തന്റെ രാഷ്ട്രീയ ഉപദേഷ്ടാവിനെ ഏൽപ്പിച്ചിട്ട് ഭുപിന്ദർ സിംഗ് ഹൂദ ദൽഹിയിൽ വന്നു സത്യാഗ്രഹം നടത്തുകയാണ്. കോണ്ഗ്രസ് ആണ് ജാട്ട് കലാപത്തിനു പിന്നിൽ എന്നതിന് വേറെ തെളിവ് എന്തിന് ?. ആ ടെലിഫോൺ സംഭാഷണം ‘ ഇന്ത്യ സംവാദ്’ പുറത്തുവിട്ടിട്ടുണ്ട്. ഹരിയാനയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്ഗ്രസ് തൂത്തെറിയപ്പെട്ടു എന്നതോർക്കുക. അതിനു പരിഹാരം കാണാൻ സോണിയ – രാഹുൽ പ്രഭൃതികൾ നടത്തുന്ന കുത്സിത നീക്കമാണിത്. ഒരു രാജ്യത്തും ഇത്തരത്തിൽ ഒരു രാഷ്ട്രീയ കക്ഷി ശ്രമിക്കുമെന്ന് തോന്നുന്നില്ല. ആത്മാര്ധത എന്നത്, രാഷ്ട്ര ഭക്തി എന്നത് ഇന്നിപ്പോൾ ഈ പ്രതിപക്ഷ കക്ഷികളുടെ അജണ്ടയിൽ ഇല്ലാതെ വന്നിരിക്കുന്നു. ഇറ്റലിയും റോമും ഒക്കെയാണ് തങ്ങൾക്കു പ്രധാനം എന്ന് കരുതുന്നവരിൽ നിന്ന് ഇതിലേറെ പ്രതീക്ഷിച്ചതാവും ഒരു പക്ഷെ തെറ്റ്.
പ്രധാനമന്ത്രി സൂചിപ്പിച്ചത് ചില എൻ ജി ഓ കളുടെ കള്ളക്കളികളെ സംബന്ധിച്ചാണ്; വിദേശത്തുനിന്നു പണം കൊണ്ടുവന്നു ഇന്ത്യയിലെ വികസന പദ്ധതികൾ അട്ടിമറിക്കാൻ നടത്തുന്ന ഉദ്യമങ്ങളെക്കുറിച്ചാണ് . അത്തരം പല പ്രസ്ഥാനങ്ങളും ഇന്നാട്ടിൽ ഉണ്ടായിരുന്നു. അവയോട് കേന്ദ്ര സർക്കാർ ഒന്നേ ആവശ്യപ്പെട്ടുള്ളൂ. എവിടന്ന് എത്ര പണം കിട്ടുന്നു; അത് എന്തിനായി ചിലവിടുന്നു. ആ കണക്കുകൾ ഓഡിറ്റ് ചെയ്തു അതിന്റെ റിപ്പോർട്ട് എല്ലാ വർഷവും കൃത്യമായി ആദായ നികുതി വകുപ്പിന് നൽകണം. വിദേശ പണം ലഭിച്ചാൽ അത് ആ സംഘടന അവരുടെ വെബ് സൈറ്റിൽ കാണിക്കണം. എന്തിനു എവിടന്നു എത്ര പണം വന്നു എന്നത് ലോകമറിയണം എന്നർഥം. ബാങ്കിൽ നിന്ന് വലിയതോതിൽ പണം പിൻവലിക്കുന്ന വേളയിൽ അത് ആദായ നികുതി അധികൃതരെ അറിയിക്കണമെന്ന് ബാങ്കുകൾക്കും നിർദ്ദേശം നല്കി. അതിനൊപ്പം രാഷ്ട്ര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്ന് ഐ ബിയും മറ്റും ചൂണ്ടിക്കാണിച്ച ചില സംഘടനകളുടെ ഓഫീസ് അടച്ചുപൂട്ടാനും നിർദ്ദേശം നല്കി. അതിലെന്തു പ്രശ്നം?. പക്ഷെ, വിദേശത്തുനിന്നു കണക്കില്ലാതെ പണം ലഭിച്ചിരുന്നവർ വിഷമത്തിലായി. ആ പണമുപയോഗിച്ച് എന്തുമേതും ചെയ്തുവന്നവർക്ക് പ്രയാസമായി. ആ വിദേശ ബന്ധമുള്ള ശക്തികൾക്ക് താങ്ങും തണലുമായി നമ്മുടെ പ്രതിപക്ഷവും കൂടി അണിനിരന്നപ്പോൾ അതൊരു ശക്തികേന്ദ്രമായി. പണമുണ്ടെങ്കിൽ എന്തുമാവാം എന്ന് ചിന്തിച്ചവർ ഇന്നിപ്പോൾ ഒരു തിരഞ്ഞെടുക്കപ്പെട്ട, വികസന പദ്ധതികൾ നടപ്പിലാക്കുന്ന ഭരണകൂടത്തെവരെ അട്ടിമറിക്കാൻ ശ്രമിക്കുന്നു.
എന്നാലിന്ന് ജനങ്ങൾ അതൊക്കെ കാണുന്നുണ്ട്, വിലയിരുത്തുന്നുണ്ട്. ദൽഹിയിലെ ഒരു കൂട്ടം അഭിഭാഷകർ അതാണ് കാണിച്ചുതന്നത്. ദേശവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കെതിരെ അവർ പരസ്യമായി രംഗത്തുവന്നത് നാമൊക്കെ കണ്ടു. അതിനുപിന്നലെയാണ് വിമുഖ ഭടന്മാർ ദൽഹിയിൽതന്നെ ശക്തിപ്രകടണം നടത്തിയത്. ആയിരങ്ങളാണ് അതിൽ അണിനിരന്നത്. പത്താൻകൊട്ടിലെയും മുംബൈയിലെയും ഭീകരാക്രമണങ്ങൾ ലൈവ് ആയി സംപ്രേഷണം ചെയ്തവർക്ക് അത് വാര്ത്തയാവാതിരുന്നതും നാമൊക്കെ കണ്ടതാണ്. ഇന്നിപ്പോൾ രാജ്യത്തിന്റെ മുക്കിലും മൂലയിലും ദേശഭക്ത സംഗമങ്ങൾ നടക്കുകയാണ്. അമ്മമാരും കുട്ടികളുമടക്കം പതിനായിരങ്ങൾ ഓരോ ജില്ലയിലും അണിനിരക്കുന്നു. അതുകൂടി കഴിയുമ്പോൾ ജനസാമാന്യത്തിന് ഇന്നാട്ടിലെ രാഷ്ട്രവിരുദ്ധ ശക്തികളെക്കുറിച്ച് വ്യക്തതവരും എന്ന് കരുതാം.
കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ച ഒരു ധീര ജവാന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇതിനകം പലരും കണ്ടിരിക്കും. ‘ചിലര്‍ക്ക് വേണ്ടത് സംവരണമാണ്. മറ്റുചിലര്‍ക്കാകട്ടെ സ്വാതന്ത്രവും. എന്നാല്‍ എനിക്കൊന്നും വേണ്ട, പോരാട്ട ഭൂമിയിൽ ഉപയോഗിക്കുന്ന എന്റെ ബ്ലാങ്കറ്റ് ഒഴികെ’ എന്നാണ് ക്യാപ്‌റ്റന്‍ പവന്‍ കുമാർ പറയുന്നത്. ഹൃദയത്തിൽ തട്ടിയുള്ള ഒരു പ്രതികരണം തന്നെയാണത് എന്നതിൽ സംശയവുമില്ല. അസഹിഷ്‌ണുത, രാജ്യദ്രോഹം, സംവരണത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ തുടങ്ങിയവയെല്ലാം , ചൂടേറിയ ചര്‍ച്ചകൾക്ക് വഴിവെച്ചിരിക്കുന്നതിനിടയിലാണ് ഇത് പ്രാധാന്യമർഹിക്കുന്നത് . രണ്ട് കാരണങ്ങളാണ് പവന്‍ കുമാറിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിനെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിലെ ഏറ്റവും മികച്ച പ്രതികരണമായി വിലയിരുത്താന്‍ സഹായിക്കുന്നത്. നിലവില്‍ സംവരണ ആവശ്യമുയര്‍ത്തി ഹരിയാനയിൽ ശക്‌തമായ പ്രക്ഷോഭം നടത്തുന്ന ജാട്ട് വിഭാഗത്തില്‍പ്പെട്ടയാളാണ് പവന്‍ കുമാർ . ഒപ്പം രാജ്യദ്രോഹ മുദ്രാവാക്യങ്ങൾ മുഴങ്ങിയ ജെ.എന്‍.യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയാണ് അദ്ദേഹം. താന്‍ വധിക്കപ്പെടുന്ന സൈനിക ഓപ്പറേഷന് മിനിട്ടുകൾ മുന്പാണ് പവന്‍കുമാർ ഫേസ്‌ബുക്കിൽ അത് പോസ്റ്റ് ചെയ്തത് എന്നതും പ്രാധാന്യമർഹിക്കുന്നു. ആ യുവ സൈനികന്റെ രാഷ്ട്ര ഭക്തിയുടെ പത്തിലൊന്ന് എങ്കിലും നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് ഉണ്ടായിരുന്നുവെങ്കിൽ ….
Post Your Comments