സംവിധായികന്‍ ഇസ്രായേല്കാരന്. അഭിനേതാക്കളില്‍ ഭൂരിഭാഗം പേരും പാലസ്തീന്‍കാര്‍. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ അറബി. ഇങ്ങനെ അപൂര്‍വ്വതകളേറെയുള്ള ഒരു ഇസ്രായേലി ഹിപ്-ഹോപ് ചിത്രത്തിനാണ് ഇത്തവണ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഓഡിയന്‍സ് പുരസ്കാരം.
ഉദി അലോണി സംവിധാനം ചെയ്ത “ജംഗ്ഷന് 48” എന്ന ചിത്രമാണ് ഏറ്റവും നല്ല ചിത്രത്തിനുള്ള പനോരമ ഓഡിയന്‍സ് അവാര്‍ഡ് ബെര്‍ലിനില്‍ നേടിയത്.
മിഡില്‍-ഈസ്റ്റില്‍ മുഴുവനെന്നോണം മയക്കുമരുന്ന് എത്തിക്കുന്ന പ്രധാനകേന്ദ്രങ്ങളില്‍ ഒന്ന് എന്ന ചീത്തപ്പേരുള്ള, ഇസ്രായേലി തലസ്ഥാനമായ ടെല്‍-അവീവിന് സമീപമുള്ള ജൂത-പാലസ്തീന് സങ്കരനഗരമായ ലോഡില്‍ ജീവിക്കുന്ന ഒരു പാലസ്തീനിയന്‍ റാപ്പ് കലാകാരന്റെയും കാമുകിയുടെയും കഥയാണ് “ജംഗ്ഷന് 48” പറയുന്നത്.
“ഇതൊരു വിപ്ലവാത്മക ചിത്രമാണ്. കാരണം, പാലസ്തീന്‍കാരെ സാധാരണ രീതിയില്‍ ലോകത്തിനു മുന്പില് അവതരിപ്പിക്കുന്ന രീതിയിലല്ല ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്,” അഭിനേത്രി സമര് ഖുപ്തി അഭിപ്രായപ്പെട്ടു. അത്ര കര്‍ക്കശമായ മുസ്ലീം പാരമ്പര്യം പിന്തുടരുന്ന കഥാപാത്രങ്ങളല്ല ഈ സിനിമയിലേത് എങ്കിലും, പാലസ്തീന്‍കാര്‍ക്ക് “ജംഗ്ഷന് 48” പെട്ടെന്നുതന്നെ ഇഷ്ടപ്പെടുമെന്നും ഖുപ്തി അഭിപ്രായപ്പെട്ടു.
ആസ്വാദകര്‍ ചിത്രത്തോട് പ്രതികരിച്ച രീതിയില്‍ സംവിധായകന് അലോണിയും ആഹ്ലാദവാനാണ്.
Post Your Comments