International

ഓസ്‌ട്രേലിയന്‍ തീരത്തെ ജലപിശാചിന്റെ രഹസ്യം എന്തെന്നോ?

ഓസ്‌ട്രേലിയന്‍ തടാകത്തിന്റെ തീരത്ത് ജലപിശാച്… ഇതിന്റെ വാര്‍ത്തയും ചിത്രവും പ്രചരിച്ചത് വളരെ പെട്ടെന്നായിരുന്നു. ന്യൂ സൗത്ത് വെയില്‍സിലെ മക്വാറി തടാകതീരത്താണ് ഈ കൂറ്റന്‍ അജ്ഞാത ജീവി പ്രത്യക്ഷപ്പെട്ടത്. നീളന്‍ ശരീരം, കാഴ്ചയില്‍ മുതലയെ പോലെ എന്നാല്‍ കാലുകളില്ല, നീളന്‍ വാലും മേലാകെ ശല്‍ക്കങ്ങളുമുണ്ട്. മുഖം ഒരു ഡോള്‍ഫിനു സമാനമാണ്. വായിലാകട്ടെ നിറയെ കൂര്‍ത്ത പല്ലുകളും. പക്ഷെ ജീവനുണ്ടായിരുന്നില്ല. തീരത്തടിഞ്ഞ ഈ ഭീകരന്റെ ഫോട്ടോയെടുത്ത് റോബര്‍ട്ട് ടിന്‍ഡല്‍ എന്ന പ്രദേശവാസി ഫേസ്ബുക്കിലിട്ടു. ആളുകളിത് ഏറ്റെടുത്തതോടെ ഫോട്ടോ വൈറലായി. ഗ്രീക്ക് പുരാണങ്ങളില്‍ വായിച്ചിട്ടുള്ള കടല്‍ ചെകുത്താനാണെന്ന് ചിലര്‍, തടാകത്തിലെ അജ്ഞാത ആണവ പരീക്ഷണത്തെ തുടര്‍ന്ന് ഈല്‍ മത്സ്യം വലുതായതാണെന്ന് വേറെ ചിലര്‍. ചിലര്‍ക്കിത് വെറും ഫോട്ടോഷോപ്പ് തട്ടിപ്പായിരുന്നു.

പാശ്ചാത്യ മാധ്യമങ്ങളിലുള്‍പ്പെടെ വലിയ തലക്കെട്ടോടെ ഈ ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ ശാസ്ത്രലോകവും അന്വേഷണം തുടങ്ങി. ഇത് വന്നു നിന്നത് ഈല്‍ മത്സ്യത്തില്‍ തന്നെയായിരുന്നു. ഓസ്‌ട്രേലിയന്‍ തടാകങ്ങളിലെ സ്ഥിരം കാഴ്ചയായ പൈക്ക് ഈല്‍ എന്നറിയപ്പെടുന്ന മത്സ്യമാണിത്. പ്രദേശത്തെ ചൂണ്ടക്കാരുടെ പ്രിയ മത്സ്യം. 1.8 മീറ്ററോളം നീളം വരും ഒത്ത ഒരു പൈക്ക് ഈലിന്.

എന്നാല്‍ മക്വാറിയില്‍ കണ്ടെത്തിയതിന് അത്രപോലും നീളമുണ്ടായിരുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രത്യേക ആംഗിളില്‍ എടുത്ത ഫോട്ടോ ആയതിനാലാണെത്രെ അതിന് വലിപ്പം കൂടിയതായി തോന്നിയത്. ഫോട്ടോഗ്രഫിയില്‍ ഇതിനെ ഫോള്‍സ് പേര്‍സ്‌പെക്ടീവ് എന്നു പറയും. ചെറിയ വസ്തുക്കളെ ആംഗിളിലെ പ്രത്യേകത കാരണം വലുതായി തോന്നും. ഈ തന്ത്രമാണ് ടിന്‍ഡല്‍ ഉപയോഗിച്ചത്.

shortlink

Post Your Comments


Back to top button