KeralaNews

ശബരിമലയിലെ പൂങ്കാവനത്തിലും ക്വാറി മാഫിയയുടെ കണ്ണ്‍, ഇവിടെ അനധികൃതഖനനത്തിനെത്തിയ ക്വാറിമാഫിയയെ നാട്ടുകാർ തടഞ്ഞു

ശബരിമല: ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ കോട്ടപ്പാറ വിളക്ക് കല്ലുമല തകര്‍ക്കാന്‍ ക്വാറി മാഫിയയുടെ നീക്കം. ഇവിടെ അനധികൃതഖനനത്തിനെത്തിയ ക്വാറിമാഫിയയെ നാട്ടുകാര്‍ തടഞ്ഞു..പെരുനാട് പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് കോട്ടപ്പാറ വിളക്ക് കല്ലുമല. ഗാഡ്ഗിൽ റിപ്പോര്‍ട്ടിൽ പരിസ്ഥിതിലോല പ്രദേശമായി രേഖപ്പെടുത്തിയിരിക്കുന്ന ഈ മലയാണ് റാന്നി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്വാറി മാഫിയ കണ്ണ് വെച്ചിരിക്കുന്നത്.

ശബരിമല മകരവിളക്കിനോട് അനുബന്ധിച്ച് പൂജ നടത്തുന്ന മലയാണ് വിളക്ക് കല്ലുമല. പുരാതന ക്ഷേത്ര അവശിഷ്ടങ്ങള്‍ ഇപ്പോഴും ഈ മലമുകളില്‍ ഉണ്ട്. നാട്ടുകാര്‍ പാവനമായി കാണുന്ന ഇവിടെ ക്വാറി മാഫിയ എത്തിയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ടെന്ന് പ്രദേശവാസികള്‍ സംശയം പ്രകടിപ്പിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയില്ലെങ്കിൽ ഇവിടെ അനധികൃത ഖനനത്തിന് മാഫിയ തയ്യാറാവില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പശ്ചിമഘട്ടത്തോട് ചേർന്ന് നില്ക്കുന്ന പരിസ്ഥിതി ലോല പ്രദേശമാണ് ഇവ. വനത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ സ്ഥലം ക്വാറിമാഫിയക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കണ്ണ് വെച്ചതാണെന്ന് നാട്ടുകാര്‍ പറയുന്നു.

ശബരിമലയിൽ പോകുന്നവർ ഈ കല്ലുമലയിൽ വിളക്ക് വെച്ചാണ് പോകുന്നതെന്നും, നാട്ടുകാര് ഇപ്പോഴും പൂജ നടത്തുന്ന സ്ഥലമാണിതെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.

shortlink

Post Your Comments


Back to top button