ഹരിയാനയില്‍ ജാട്ട് വിഭാഗക്കാര്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് പ്രക്ഷോഭം ഊര്‍ജ്ജിതമാക്കിയതോടെ ഗുജറാത്തിലെ പട്ടേല്‍ വിഭാഗക്കാരും അവരുടെ പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചു. ഗുജറാത്തിന്‍റെ ഭരണരംഗത്ത് ഒന്നര പതിറ്റാണ്ടിലേറെയായി രംഗത്തുള്ള ബിജെപി-യ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായാണ് പട്ടേല്‍ പ്രക്ഷോഭക്കാര്‍ ഇപ്പോള്‍ വന്നിരിക്കുന്നത്.
2002 ഫെബ്രുവരി 27-ന് ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസ്സിന്റെ എസ്-6 കോച്ച് കത്തിച്ച സംഭവം നരേന്ദ്രമോദിയെ വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രിയാക്കുന്നതിനു വേണ്ടി ബിജെപി തന്നെ ആസൂത്രണം ചെയ്തതാണെന്നാണ് പട്ടേല്‍ പ്രക്ഷോഭ നേതാവ് രാഹുല്‍ ദേശായ് ഇപ്പോള്‍ ആരോപിക്കുന്നത്. പട്ടേല്‍ വിഭാഗക്കാരുടെ മറ്റൊരു തലമുതിര്‍ന്ന നേതാവായ ലാല്‍ജിഭായ് പട്ടേലും ഈ ആരോപണത്തെ പിന്താങ്ങി അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറേ മാസങ്ങളായി പട്ടേല്‍ വിഭാഗക്കാര്‍ ഗുജറാത്തില്‍ സമരപാതയിലാണ്. സംവരണവും മറ്റ് ആനുകൂല്യങ്ങലുമാണ് അവരുടെ ആവശ്യം. പക്ഷെ, ആനന്ദിബെന്‍ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ഗുജറാത്ത് ഗവണ്മെന്റ്, പലപ്പോഴും വന്‍ അക്രമങ്ങളിലേക്ക് വരെ വഴിതിരിഞ്ഞ, ഇവരുടെ പ്രക്ഷോഭത്തെ ഒട്ടൊക്കെ ഫലപ്രദമായിത്തന്നെ പ്രതിരോധിക്കുകയാണ്. ഇപ്പോള്‍ പട്ടേല്‍ വിഭാഗക്കാര്‍ക്ക് സംവരണാനുകൂല്യങ്ങള്‍ അനുവദിച്ചു നല്‍കിയാല്‍, ഭാവിയില്‍ മറ്റു വിഭാഗങ്ങളും ഇതേ ആവശ്യമുന്നയിച്ച് പ്രക്ഷോഭപാതയിലേക്ക് നീങ്ങുമെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് ഗവണ്മെന്റ് ഇങ്ങനെയൊരു പ്രതിരോധം തീര്‍ത്തിരിക്കുന്നത്. മാത്രമല്ല, എല്ലാ വിഭാഗങ്ങളിലേയും പോലെ സാമ്പത്തികമായി അവശതയനുഭവിക്കുന്ന ഒട്ടേറെ ആളുകള്‍ ഉണ്ടെങ്കിലും, പട്ടേല്‍ വിഭാഗക്കാര്‍ പൊതുവില്‍ ധനികരാണ്.
ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ തങ്ങളുടെ സ്ഥാപിതതാല്പര്യങ്ങള്‍ ഫലവത്താകാന്‍ പോകുന്നില്ല എന്ന തിരിച്ചറിവാണോ ഇപ്പോള്‍ ഇത്തരമൊരു ആരോപണവുമായി രംഗത്തെത്താന്‍ പട്ടേല്‍ നേതാക്കളെ പ്രേരിപ്പിച്ചത് എന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു. അധികാരത്തിലെത്താന്‍ സഹായിച്ചാല്‍ സംവരണവും മറ്റ് ആനുകൂല്യങ്ങളും പട്ടേല്‍ വിഭാഗത്തിന് നല്‍കാം എന്ന്‍ കോണ്‍ഗ്രസ് പരസ്യമായി വാഗ്ദാനവും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് പാളയത്തിലേക്ക് നീങ്ങുന്നതിന്‍റെ ഭാഗമല്ലേ, കോണ്‍ഗ്രസിന് എന്തുകൊണ്ടും രാഷ്ട്രീയമായി പ്രയോജനാപ്രദമാകുന്ന ഈ ആരോപണം എന്നും കരുതേണ്ടിയിരിക്കുന്നു.
കെട്ടിച്ചമച്ച ഒരു ആരോപണമല്ലേ ഇപ്പോള്‍ പട്ടേല്‍ നേതാക്കള്‍ ഉന്നയിക്കുന്നത് എന്നതിന് അവരുടെ ആരോപണത്തിലെ പൊരുത്തക്കേടുകള്‍ തന്നെ തെളിവാണ്. മോദിയെ മുഖ്യമന്ത്രി പദത്തിലെത്തിക്കാന്‍ വേണ്ടിയാണ് ബിജെപി ഗോധ്ര സംഭവം ആസൂത്രണം ചെയ്തത് എന്നതാണ് രാഹുല്‍ ദേശായിയുടെ ആരോപണത്തിന്‍റെ കാതല്‍. പക്ഷെ, നരേന്ദ്രമോദി ഗുജറാത്തിന്‍റെ മുഖ്യമന്ത്രി പദത്തില്‍ അവരോധിതനാകുനത് 2001 ഒക്ടോബര്‍ 7-നാണ്. ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവം നടക്കുന്നത് 2002 ഫെബ്രുവരി 27-നും.
നാല് മാസങ്ങള്‍ക്കു മുമ്പ് പൂര്‍ത്തികരിച്ച ഒരു ലക്ഷ്യത്തിനു വേണ്ടി എന്തിനാണ് ബിജെപി ഇത് ചെയ്തതെന്ന് വിശദീകരിക്കേണ്ടത് ആരോപണമുന്നയിച്ച പട്ടേല്‍ നേതാക്കള്‍ തന്നെയാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ നിയമസംവിധാനം മുഴുവനെന്നോണം ഈ സംഭവത്തെ ഇഴകീറി പരിശോധിച്ചതാണ്. അവരാരും ഇങ്ങനെയൊരു കണ്ടെത്തല്‍ നടത്തിയിട്ടില്ല താനും.
അര്‍ഹമല്ലാത്ത അംഗീകാരങ്ങള്‍ നേടിയെടുക്കാനായി ഏതു വളഞ്ഞവഴികളും സ്വീകരിക്കുന്നവരും, അധികാരത്തിനു വേണ്ടി അവരെ പിന്താങ്ങുന്നവരും ഭാവിയില്‍ മറ്റു വിഭാഗക്കാര്‍ക്കും ഇത്തരം പ്രക്ഷോഭങ്ങളുമായി രംഗത്തെത്താനുള്ള പ്രോത്സാഹനമാണ് നല്‍കുന്നത്. ഇന്ത്യയെ ഒരു കലാപഭൂമിയാക്കി മാറ്റാനേ അതുപകരിക്കൂ.
Post Your Comments