കെയ്‌റോ: രണ്ട് വയസ്സുള്ളപ്പോള്‍ നാലുപേരെ കൊലപ്പെടുത്തിയെന്ന കേസില്‍ ഈജിപ്റ്റില്‍ നാലുവയസ്സുകാരന് ജീവപര്യന്തം തടവ് വിധിച്ചു. പടിഞ്ഞാറന്‍ കെയ്‌റോയിലെ അഹമ്മദ് മന്‍സൂര്‍ കര്‍നി എന്ന ബാലനെതിരെയാണ് വിചിത്രമായ ശിക്ഷ വിധിച്ചത്.
2014 ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിക്ക് രണ്ട് വയസ്സ് പ്രായം മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. മൊത്തം 115 പേരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. സാങ്കേതിക പിഴവ് മൂലമാവാം എന്നാണ് റിപ്പോര്‍ട്ട്. കൊലപാതകം, കൊലപാതകശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, സൈനികരേയും പോലീസ് ഉദ്യോഗസ്ഥരേയും ഭീഷണിപ്പെടുത്തല്‍, സൈനിക വാഹനങ്ങള്‍ നശിപ്പിക്കല്‍ മുതലായവയാണ് നാലുവയസ്സുകാരനെതിരെ കോടതി കണ്ടെത്തിയിട്ടുള്ള കുറ്റങ്ങള്‍.
കേസ് വായിക്കാതെയാണ് ന്യായാധിപന്‍ വിധി പ്രഖ്യാപിച്ചതെന്ന് പ്രതിഭാഗം വക്കീല്‍ ഫൈസല്‍ സായിദ് പറഞ്ഞു. കുട്ടിയുടെ പേര് അബദ്ധത്തില്‍ ചേര്‍ക്കുകയായിരുന്നു. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് സുരക്ഷാ സൈന്യത്തിന് കൈമാറിയെങ്കിലും അപ്പോഴേക്കും കേസ് സൈനിക കോടതി പരിഗണിക്കുകയായിരുന്നു.
Post Your Comments