മുംബൈ: നവവധുവിനെ എച്ച്.ഐ.വി. പിടിപെടുന്നതില്‍ നിന്നും വനിതാ ശിശുക്ഷേമ വകുപ്പ് രക്ഷപ്പെടുത്തി. വിവാഹത്തിന് ശേഷമാണ് വധുവിന്റെ രക്ഷകരായി വനിതാ ശിശുക്ഷേമ വകുപ്പ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ വരന്‍ എച്ച്.ഐ.വി ബാധിതനാണെന്ന് സ്ഥിരീകരിച്ചു.
പശ്ചിമ ഗോദാവരിക്ക് സമീപം നാഗലാഡിബ്ബ ഗ്രാമത്തിലാണ് സംഭവം. ഫെബ്രുവരി 16നായിരുന്നു യുവതിയുടെ വിവാഹം. സമരാജുചെരുവ ഗ്രാമത്തില്‍നിന്നുള്ള ബന്ധുവാണ് യുവതിയെ വിവാഹം കഴിച്ചത്. വിവാഹം ആഘോഷപൂര്‍വം നടത്തുകയും ദമ്പതികള്‍ക്കുള്ള മംഗള മുഹൂര്‍ത്തം വിവാഹദിവസത്തിന് രണ്ടുദിവസത്തിന് ശേഷം ഫെബ്രുവരി 18ന് രാത്രി 10.40 എന്ന് തീരുമാനിക്കുകയും ചെയ്തു. ഫെബ്രുവരി 18 വൈകിട്ട് 7.30നാണ് സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിലേക്ക് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. നാഗലാഡിബ്ബയില്‍ രണ്ട് ദിവസം മുമ്പ് നടന്ന വിവാഹത്തില്‍ വരന്‍ എച്ച്.ഐ.വി ബാധിതനാണെന്നായിരുന്നു സന്ദേശം.
വിവരത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പോലീസിനൊപ്പം കല്യാണ വീട്ടിലെത്തുകയും വരനെ നിര്‍ബന്ധപൂര്‍വം താഡേപള്ളിഗുഡം ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനാക്കുകയുമായിരുന്നു. പരിശോധനയില്‍ വരന് രോഗം ബാധിച്ചിരുന്നതായി കണ്ടെത്തി. മുമ്പ് ഗള്‍ഫില്‍ പോകുന്നതിനായി യുവാവ് ശ്രമം നടത്തിയിരുന്നെങ്കിലും വൈദ്യ പരിശോധനയില്‍ എച്ച്.ഐ.വി ബാധിച്ചതായി കണ്ടെത്തിയതിനാല്‍ ഇത് സാധിച്ചിരുന്നില്ല. എന്നാല്‍ യുവാവിന്റെ കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ ഇയാള്‍ രോഗബാധിതനാണെന്ന കാര്യം അറിയാമായിരുന്നില്ല.
രണ്ട് കുടുംബാംഗങ്ങളെയും കൗണ്‍സിലിങ്ങിന് വിധേയരാക്കിയതായും ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ നവദമ്പതികളുടെ വിവാഹ ബന്ധം വേര്‍പെടുത്തിയതായും വനിതാ ശിശുക്ഷേമ വകുപ്പ് പ്രൊജക്ട് ഡയറക്ടര്‍ ജി. ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി.
Post Your Comments