Writers' Corner

അമ്മിഞ്ഞപ്പാല്‍ പോല്‍ സുകൃതം അമ്മ മലയാളം..

അഞ്ജു പ്രഭീഷ്

‘മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം,
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചിടുന്നതൊന്നാമതായ്.
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രികള്‍
മര്‍ത്യന് പെറ്റമ്മ തന്‍ ഭാഷ താന്‍.’
ഇത് വള്ളത്തോള്‍ നാരായണമേനോന്റെ ‘എന്റെ ഭാഷ’യെന്നുള്ള കവിതയിലെ ഏതാനും വരികള്‍ . കവി ഈ വരികള്‍ എഴുതുന്ന സമയത്ത് ബ്രിട്ടീഷ് ആധിപത്യം കൊടികുത്തി വാഴുകയും ആംഗലേയ ഭാഷ മലയാളമണ്ണില്‍ ചുവടുറപ്പിച്ചു തുടങ്ങുകയുമായിരുന്നു. സംസാരിച്ചുതുടങ്ങുന്ന പിഞ്ചുകുഞ്ഞിന്റെ നാവില്‍നിന്നും അമ്മിഞ്ഞപ്പാലിന്റെ മാധുര്യം പോലെ പുറപ്പെടുന്ന ആദ്യ ശബ്ദമാണ് ‘അമ്മ’യെന്ന വാക്ക്. ആ അമൃതവാക്ക് അവന്‍ ഏതു ഭാഷയിലാണോ ഉച്ചരിക്കുന്നത് അതാണ് അവന്റെ മാതൃഭാഷ. അമ്മിഞ്ഞപ്പാലിനോടൊപ്പം ചുണ്ടില്‍ വിരിയുന്ന ആ ഭാഷയാണ് അവനു ചുറ്റുമുള്ള ലോകത്തെ കുറിച്ചുള്ള ആദ്യയറിവ് അവനു നല്‍കുന്നത്. പിന്നീടു മറ്റേതു ഭാഷയില്‍ അവന്‍ അഗ്രഗണ്യനായാലും ആ ഭാഷകള്‍ക്കൊന്നിനും പെറ്റമ്മയുടെ സ്ഥാനം ഉണ്ടാകിലെന്ന് കവി അടിവരയിട്ടു പറയുന്നു..മുലപ്പാല്‍ ഒരു കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണോ,അതുപോലെ തന്നെ ഒരു കുഞ്ഞിന്റെ മാനസികവും ബൗദ്ധികവുമായ വികാസത്തിന് മാതൃഭാഷ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു..നാം നിസ്സഹായരായിരുന്ന ആ ശൈശവദശയില്‍,ചുണ്ടും നാവും തിരിയാതിരുന്ന, സ്ഥലകാലബോധം ഇല്ലാതിരുന്ന ആ നാളുകളില്‍ നമ്മെ അന്ധകാരത്തില്‍ നിന്നും മെല്ലെ കൈപ്പിടിച്ചുയര്‍ത്തി വെളിച്ചം കാട്ടിതന്നതു മറ്റാരുമായിരുന്നില്ല,അത് നമ്മുടെ അമ്മമലയാളം തന്നെയായിരുന്നു ..ബോധത്തിലേക്ക് നമ്മെ ഉണര്‍ത്തിയ ഭാഷ നമ്മുടെ മാതൃഭാഷയായിരുന്നു ..അമ്മയും അച്ഛനും താരാട്ടും നാദവും സ്വരവും എല്ലാം ആദ്യമറിഞ്ഞത് അവളിലൂടെയല്ലേ..

എത്രത്തോളം മഹത്തരമാണ് നമ്മുടെ ഭാഷ..എവിടെ മലയാളിയുണ്ടോ അവിടെ മലയാളവുമുണ്ട് ..മാമലകള്‍ക്കപ്പുറത്ത് മരതക പട്ടുടുത്തു നില്‍ക്കുന്ന മലയാളം എന്നും പ്രവാസമനസ്സിന്റെ നോവാണ്..പ്രവാസജീവിതത്തിന്റെ മടുപ്പിക്കുന്ന ദിനരാത്രങ്ങളെ പെയ്തുകുളിര്‍പ്പിക്കുന്ന മഴയാണ് മലയാളം..പ്രവാസജീവിതത്തില്‍ ഓരോ മലയാളിയും മലയാളത്തെ നെഞ്ചോടു ചേര്‍ക്കാന്‍ ശ്രമിക്കുന്നു, കാരണം അവനറിയാം അവന്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുന്നത് ചില അക്ഷരക്കൂട്ടങ്ങളെയല്ല,മറിച്ചു അവന്റെ സംസ്‌കാരത്തെയും പൈതൃകത്തെയുമാണെന്ന്…ശ്രേഷ്ഠഭാഷാപദവി കൈവരിച്ച അഞ്ചാമത്തെ ഭാഷയാണ് ഏകദേശം രണ്ടായിരത്തിമുന്നൂര്‍ വര്‍ഷത്തെ പഴക്കം അനുമാനിക്കപ്പെടുന്ന നമ്മുടെ ഭാഷ.

മലയാളം നമ്മുടെ അഭിമാനം ആണ്, അത് നമ്മുടെ സംസ്‌കാരമാണ്. അനുഭവത്തിന്റെ, ആത്മാവിന്റെ,ഹൃദയത്തിന്റെ ഭാഷയാണ് മാതൃഭാഷ. ഒരാളുടെ മനസ്സിന്റെ നന്മയെയും കരുണയെയും വികാരങ്ങളെയും പൂര്‍ണമായും പ്രതിഫലിപ്പിക്കാന്‍ മാതൃഭാഷയ്ക്ക് മാത്രമേ കഴിയൂ..മനസ്സിന്റെ ജാലകമാണ് മാതൃഭാഷ.. നമ്മുടെ മണ്ണിനെയും കാലാവസ്ഥയെയും ഹൃദിസ്ഥമാക്കിയ നമ്മുടെ നന്മ മലയാളത്തോളം വികാരങ്ങളെയും വിചാരങ്ങളെയും പ്രതിഫലിപ്പിക്കുവാന്‍ ആംഗലേയത്തിനു കഴിയുമോ? ഏത് യന്ത്രവത്കൃത ലോകത്തു ജീവിച്ചാലും ഏത് സാങ്കേതിക വിദ്യയുടെ ചുവട്ടില്‍ കിടന്നാലും മലയാളഭാഷയേയും സംസ്‌കാരത്തെയും മറക്കുന്നത് പെറ്റമ്മയെ മറക്കുന്നതിന് തുല്ല്യമാണ്. കൊയ്ത്തും മെതിയും വയലും വിളയും കോരനും ഞാറ്റുപാട്ടും ഒക്കെയും സംസ്‌കൃതിയില്‍ നിന്നും അകലെയായപ്പോള്‍ നമുക്ക് നഷ്ടമായത് നമ്മുടെ വാമൊഴി തെളിമലയാളം കൂടിയാണ്.. കൊയ്ത്തുപാട്ടും നാടന്‍പാട്ടും എങ്ങോ പോയ്മറഞ്ഞു.. പത്രഭാഷയും ചാനല്‍ഭാഷയും ഒരു പൊങ്ങച്ചസംസ്‌കാരം മാത്രമായി മാറുകയാണ്. മറ്റു ഭാഷകള്‍ക്കൊപ്പം കൈപിടിച്ചു നടത്താമായിരുന്ന അമ്മമൊഴിയെ ഓടയിലേക്കു തള്ളിയിട്ട് മലിനമാക്കുകയാണ് ചാനല്‍ സംസ്‌കാരങ്ങള്‍.

വരമൊഴി ഇല്ലാതാകുമ്പോള്‍, അതിനെ വ്യക്തമായി അറിയുന്ന ആളുകളുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരുമ്പോള്‍, പ്രത്യേകിച്ചും വാമൊഴിയുടെ ഉപയോഗം തുച്ഛമായിത്തീര്‍ന്നു കൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ നിര്‍ബന്ധമല്ലാതിരിക്കുന്ന നാളെകളില്‍ ഭാഷയുടെ ഭാവി തീര്‍ച്ചയായും അപകടത്തില്‍ തന്നെയാണ്. എല്ലാ ചരാചരങ്ങള്‍ക്കും വളര്‍ച്ചയുടെയും തുടര്‍ന്ന് തളര്‍ച്ചയുടെയും നാളുകള്‍ ഉണ്ടെന്നാണ് പ്രകൃതി നമ്മെ പഠിപ്പിക്കുന്നത്. പക്ഷേ മലയാളഭാഷ നമ്മുടെ ചരിത്രവും സംസ്‌കൃതിയുമായി അഴിച്ചെടുക്കാനാവാത്തവണ്ണം ഇഴപിരിഞ്ഞുകിടക്കുമ്പോള്‍, ഭാഷയ്ക്ക് സംഭവിക്കുന്ന ജീര്‍ണത നമ്മുടെ ചരിത്രത്തിനും സംസ്‌കൃതിക്കും സംഭവിക്കുന്ന ജീര്‍ണത തന്നെയാണെന്ന് നാം വേദനയോടെയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്…

shortlink

Post Your Comments


Back to top button