KeralaNews

മയക്കുമരുന്നു സംഘത്തിന്റെ കൈയില്‍പെട്ട പതിനാറുകാരിയെ പോലീസ് രക്ഷപ്പെടുത്തി; പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായെന്ന് പോലീസ്

കൊച്ചി : മയക്കുമരുന്നു സംഘത്തിന്റെ കൈയില്‍പെട്ട് ലൈംഗിക ദുരുപയോഗത്തിനിരയായ പതിനാറുവയസുകാരിയെ സ്‌പൈഡര്‍ പോലീസ് രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നാല് ഗുണ്ടാസംഘാംഗങ്ങളെ കസ്റ്റഡിയിലെടുത്തു. പിടിയിലായ ഗുണ്ടകള്‍ തങ്ങള്‍ കൊച്ചിയിലെ ഗുണ്ടാനേതാവ് ഭായി നസീറിന്റെ സംഘാംഗങ്ങളാണെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി പോലീസിനെ വെല്ലുവിളിച്ചു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പ്രകാരം ആലുവ പോലീസ് സംഭവത്തില്‍ കേസെടുത്തു.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ യാദൃശ്ചികമായാണ് പെണ്‍കുട്ടിയുള്‍പ്പെട്ട സംഘം പോലീസിന്റെ പിടിയില്‍പ്പെട്ടത്. എറണാകുളം ജില്ലാ പോലീസ് ചീഫിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്‌പൈഡര്‍ പോലീസ് രാത്രി പട്രോളിങ്ങിനിടെ ആലുവ നഗരത്തില്‍നിന്ന് ഒരു യുവാവിനെ പിടികൂടി. ഇയാള്‍ മയക്കുമരുന്ന് കഴിച്ചിട്ടുള്ളതായി സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഘാംഗങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോയതാണെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന്, ഫെഡറല്‍ ബാങ്ക് ജങ്ഷന് സമീപത്തെ തട്ടുകടയിയെത്തിയ പോലീസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം മൂന്നു യുവാക്കളെ കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തപ്പോള്‍ കാമുകിയാണെന്നും മറ്റും പരസ്പര വിരുദ്ധമായ മറുപടികള്‍ സംഘാംഗങ്ങള്‍ നല്‍കി. ഇതോടെ പോലീസ് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തു.

പെണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണെന്നും 16 വയസാണ് പ്രായമെന്നും വിവരം ലഭിച്ചതോടെ സംഘാംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ സമയം തങ്ങള്‍ കൊച്ചിയിലെ ഗുണ്ടാനേതാവ് ഭായി നസീറിന്റെ സംഘാംഗങ്ങളാണെന്ന് ഗുണ്ടകളിലൊരാള്‍ പോലീസിനെ വെല്ലുവിളിച്ചു. ആലുവ വാഴക്കുളം സ്വദേശി നസിറുദ്ദീന്‍ എന്നയാളാണ് വെല്ലുവിളി മുഴക്കിയത്. ഇയാള്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. തുടര്‍ന്ന് പെണ്‍കുട്ടിയെയും പിടിയിലായ പ്രതികളെയും സ്‌പൈഡര്‍ പോലീസ് ആലുവ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി. പെണ്‍കുട്ടിയെ രാവിലെ മുതല്‍ കാണാനില്ലായിരുന്നുവെന്ന് രക്ഷിതാക്കള്‍ മൊഴിനല്‍കി. തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയെ ജൂവനൈല്‍ ഹോമിലേക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button