തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ചീഫ് ഇലക്ടിക്കല്‍ ഇന്‍സ്‌പെക്ടര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ട്രന്‍സ്‌ഫോമറുകള്‍ക്ക് സമീപം പൊങ്കാല ഇടുമ്പോള്‍ വേണ്ടത്ര സുരക്ഷിത അകലം പാലിക്കണം. ട്രാന്‍സ്‌ഫോര്‍മര്‍ സ്റ്റേഷന്‍ ചുറ്റുവേലിക്ക് സമീപം സാധനസാമഗ്രികള്‍ സൂക്ഷിക്കുകയോ വിശ്രമിക്കുകയോ ചെയ്യരുത്. ട്രാന്‍സ്‌ഫോര്‍മറുകള്‍, വൈദ്യുത പോസ്റ്റുകള്‍ എന്നിവയുടെ ചുവട്ടില്‍ ചപ്പുചവറുകള്‍ കൂട്ടിയിടാതിരിക്കുക. വൈദ്യുത പോസ്റ്റിനു ചുവട്ടിലും താഴ്ന്ന് കിടക്കുന്ന വൈദ്യുത ലൈനുകള്‍ക്കടിയിലും പൊങ്കാലയിടാന്‍ അനുവദിക്കരുത്. ക്ഷേത്ര പരിസരങ്ങളില്‍ ശബ്ദം, വെളിച്ചം എന്നിവയ്ക്ക് ഉപയോഗിക്കുന്ന വൈദ്യുത വയറുകള്‍ സ്വിച്ച് ബോര്‍ഡുകള്‍ എന്നിവ ഗുണനിലവാരം ഉള്ളവ മാത്രം ഉപയോഗിക്കുക. ഉത്സവവേളകളില്‍ ജനറേറ്റര്‍ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത അലങ്കാരങ്ങള്‍ അംഗീകാരമുള്ള കോണ്‍ട്രാക്ടര്‍ മുഖാന്തിരം നടത്തി, ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. വഴിയരികില്‍ സ്ഥാപിക്കുന്ന ട്യൂബ് ലൈറ്റുകള്‍/ദീപാലങ്കാരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കയ്യെത്താത്ത ഉയരത്തില്‍ സ്ഥാപിക്കുക. ഗേറ്റുകള്‍, ഇരുമ്പ് തൂണുകള്‍, ഗ്രില്ലുകള്‍, ലോഹബോര്‍ഡുകള്‍ എന്നിവയില്‍ കൂടി ദീപാലങ്കാരങ്ങള്‍ ചെയ്യരുത്.
വൈദ്യുത ലൈനിന് സമീപത്തായി ബാനറുകള്‍, കമാനങ്ങള്‍, പരസ്യബോര്‍ഡുകള്‍ മുതലായവ സ്ഥാപിക്കരുത്. ഇന്‍സുലേഷന്‍ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴകിയതോ, യോജിപ്പിച്ചതോ ആയ വയറുകള്‍ വയറിംഗിനായി ഉപയോഗിക്കാതിരിക്കുക. വൈദ്യുത ലൈനുകള്‍ക്ക് സമീപത്തുകൂടിയോ, അടിയിലൂടെയോ വൈദ്യുതീകരണത്തിനായുള്ള വയറുകള്‍ അലക്ഷ്യമായി എടുക്കുകയോ എറിയുകയോ ചെയ്യാതിരിക്കുക. താത്കാലിക വൈദ്യുത പ്രതിഷ്ഠാപനങ്ങളില്‍ ഗുണമേന്മയുള്ള ഇ.എല്‍.സി.ബി (30 എം.എ) സ്ഥാപിക്കുക. വിളക്കുകെട്ടിന് മുളം തൂണുകളില്‍ ട്യൂബ് ലൈറ്റുകളോ ബള്‍ബുകളോ കെട്ടി കയ്യില്‍ വഹിച്ചുകൊണ്ടുപോകുന്നത് ഒഴിവാക്കുക. വളരെ ഉയരമുള്ളതും വലിപ്പമുള്ളതുമായ ഫ്‌ളോട്ടുകള്‍, വാഹനത്തില്‍ കൊണ്ടുപോകാതിരിക്കുക. ഫ്‌ളോട്ടുകള്‍ വൈദ്യുത ലൈനിനു സമീപം വരുമ്പോള്‍ ലൈനുകള്‍ സ്വയം ഉയര്‍ത്താന്‍ ശ്രമിക്കാതിരിക്കുക. വൈദ്യുത പോസ്റ്റുകളില്‍ അലങ്കാര വസ്തുക്കള്‍ സ്ഥാപിക്കാതിരിക്കുക. അനധികൃതമായി വയറിംഗ് നടത്താതിരിക്കുക. തുടര്‍ച്ചയായ വൈദ്യുത കണക്ഷന്‍ എടുക്കുന്നതിന് ഗുണനിലവാരമുള്ള പ്ലഗ്ഗുകള്‍, സോക്കറ്റുകള്‍, കണക്ടറുകള്‍ എന്നിവ ഉപയോഗിക്കുക.
Post Your Comments