Kerala

ഭര്‍ത്താവിനെ പിരിച്ചുവിട്ട കമ്പനി മേധാവിയെ തല്ലാന്‍ ഭാര്യ ക്വട്ടേഷന്‍ സംഘത്തെ ഇറക്കി

കുമളി ● ഭര്‍ത്താവിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട കമ്പനി മേധാവിയെ തല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയ യുവതി അറസ്റ്റില്‍. തിരുവന്തപുരം ശ്രീകാര്യം ശബരീനഗറില്‍ ശരത്തിന്റെ ഭാര്യ പൊന്നുവാണ് പിടിയിലായത്. സംഭവത്തില്‍ പൊന്നുവിനെ കൂടാതെ ഭര്‍ത്താവ് ശരത്‌, ക്വട്ടേഷന്‍ സംഘാംഗളായ കുറവിലങ്ങാട്‌ സ്വദേശി അജയ്‌, കട്ടപ്പന സ്വദേശികളായ ലിജോ ജോസഫ്‌, രഞ്‌ജിത്‌, സുഭാഷ്‌, മിഥുന്‍, എല്‍ദോ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 11 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വകാര്യ റിസോര്‍ട്ട്‌ ഗ്രൂപ്പിന്റെ അസിസ്‌റ്റന്റ്‌ വൈസ്‌ പ്രസിഡന്റായ വരുണ്‍ ജോര്‍ജ്‌ തോമസ് ആണ് ആക്രമിക്കപ്പെട്ടത്. കുമളിയിലുള്ള റിസോര്‍ട്ടിന്റെ മുറിയില്‍ വച്ചായിരുന്നു ആക്രമണം. ഒപ്പം വരുണിന്റെ മൊബൈല്‍ ഫോണും 5000 രൂപയും ക്രെഡിറ്റ്‌ കാര്‍ഡും തിരിച്ചറിയല്‍ രേഖകളും ചെക്ക് ലീഫും ഇവര്‍ കൈക്കലാക്കി. ചെക്ക്‌ലീഫ്‌ ഉപയോഗിച്ച്‌ എഴുപതിനായിരത്തോളം രൂപ ഇവര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്ന തന്റെ ഭര്‍ത്താവിനെ ജോലിയില്‍ പിരിച്ചുവിട്ടതിന്റെ വൈരാഗ്യം തീര്‍ക്കുന്നതിനായി പൊന്നുവാണ്‌ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതെന്ന്‌ പോലീസ്‌ പറഞ്ഞു. സംഭവം നടന്ന ദിവസം ആറംഗ സംഘം റിസോര്‍ട്ടില്‍ മുറിയെടുത്തിരുന്നുവെന്ന റിസോര്‍ട്ട്‌ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

shortlink

Post Your Comments


Back to top button