NewsIndia

ഇന്ത്യയില്‍ താലിബാനിസം കൊണ്ടുവരാന്‍ അനുവദിക്കില്ല- എ.ബി.വി.പിയില്‍ നിന്ന് രാജിവച്ചവര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ താലിബാന്‍ സംസ്കാരം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും നിയമത്തെ നിയമത്തിന്റെ വഴിക്ക് വിടണമെന്നും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ എ.ബി.വി.പിയില്‍ നിന്ന് രാജിവച്ചവര്‍. രാജ്യത്തെ ഏറ്റവും ദേശസ്നേഹമുള്ള സ്ഥാപനമാണ്‌ ജെ.എന്‍.യു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കഴിയില്ല. കനയ്യ കുറ്റക്കാരനാണോയെന്ന് സുപ്രീംകോടതി തീരുമാനിക്കട്ടെ. കനയ്യ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല്‍ ശിക്ഷിക്കപ്പെടണം. ഉമര്‍ ഖാലിദ്‌ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാലും ശിക്ഷിക്കപ്പെടണം. പക്ഷെ അത് നിയമമാണ് തീരുമാനിക്കേണ്ടതെന്നും താലിബാന്‍ സംസ്കാരം ഇന്ത്യയില്‍ ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും എ.ബി.വി.പി ജെ.എന്‍.യു ഘടകം മുന്‍ ജോയിന്റ് സെക്രട്ടറി പ്രദീപ്‌ നര്‍വാള്‍ പറഞ്ഞു.

ജെ.എന്‍.യുവിന് വേണ്ടി പോരാടാന്‍ പോകുകയാണെന്ന് വ്യക്തമാക്കിയ പ്രദീപ്‌ ഈ പ്രശ്നത്തിന്റെ പേരില്‍ സർവകലാശാലയും അധ്യാപകരെയും വിദ്യാർഥികളെയും മുഴുവൻ ആക്രമിക്കുന്ന രീതി ശരിയല്ല. ഇവിടെ എല്ലാ തരം ശബ്ദങ്ങൾക്കും ഇടം നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു.

ദേശിയപതാകയുടെ പേരില്‍ തെമ്മാടിത്തരം പ്രചരിപ്പിക്കുകയാണെന്നും, ഇത് രാജ്യവിരുദ്ധമാണെന്നും പ്രദീപ്‌ നര്‍വാള്‍ ആരോപിച്ചു. താനും രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടുമോയെന്ന് ഭയപ്പെടുന്നു. ജെ.എന്‍.യു.വിന്റെ ശവശരീരത്തിന് മുകളില്‍ രാഷ്ട്രീയം കളിയ്ക്കാന്‍ തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജെ.എന്‍.യുവിലെ അഫ്സല്‍ ഗുരു അനുസ്മരണപരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ രാജ്യവിരുദ്ധ പ്രകടനത്തെത്തുടര്‍ന്നുണ്ടായ കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചാണ് ജോയിന്റ് സെക്രട്ടറി പ്രദീപ്, സ്കൂൾ ഒാഫ് സോഷ്യൽ സയൻസസ് പ്രസിഡന്റ് രാഹുൽ യാദവ്, സെക്രട്ടറി അങ്കിത് ഹൻസ എന്നിവര്‍ കഴിഞ്ഞദിവസം രാജിവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button