Prathikarana Vedhi

ജെ.എന്‍.യു രാജ്യവിരുദ്ധമോ ?

ഹരി പത്തനാപുരം

വിലക്കയറ്റവും, സോളാറും, ബാര്‍കോഴയും ഒക്കെ എലി പോലെ പോയി. സര്‍ക്കാര്‍ കാരുണ്യത്തില്‍ പഠിക്കുന്ന ജെ.എന്‍.യുവിലെ കുട്ടികളാണ് ഇന്ന് താരങ്ങള്‍. ഇന്ത്യയില്‍ ആയത് കൊണ്ട് രാജ്യതാല്പര്യങ്ങള്‍ക്ക് എതിരാണെങ്കിലും മാധ്യമങ്ങള്‍ക്ക് ചര്‍ച്ച നടത്താം. ആരും എതിര്‍ക്കില്ല. പക്ഷേ, നിങ്ങള്‍ വാക്കുകള്‍ കൊണ്ട് നടത്തുന്ന കസര്‍ത്തുകള്‍ ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്ന് മാത്രം കരുതരുത്. ആ കാലം മാറി. സ്വര്‍ണ്ണപാത്രം കൊണ്ട് അടച്ചു വെച്ചാലും നടന്ന കാര്യങ്ങള്‍ സത്യസന്ധമായി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരും.

ജെ.എന്‍.യുവിലെ കുറച്ച് കുട്ടികള്‍ രാജ്യദ്രോഹപരമായ കാര്യങ്ങള്‍ നടത്തി എന്നുള്ളത് വ്യക്തം. ഇന്ത്യന്‍ സൈനികര്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യുമ്പോള്‍ രാജ്യത്തെ നശിപ്പിക്കാന്‍ എത്തിയവര്‍ക്ക് അനുസ്മരണം നടത്തുന്നത് ഒരു കാരണവശാലും ന്യായീകരിക്കത്തക്കതല്ല. അത് കൊച്ചു കുട്ടി ക്യാംപസില്‍ നടത്തിയ അച്ചടക്കമില്ലായ്മയായി നിസാരവത്ക്കരിച്ചാല്‍ നാളെ ഇതേ പ്രസ്താവനകള്‍ ചെറിയ ഗ്രൂപ്പുകള്‍ ആവര്‍ത്തിക്കും. അത് ആയിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും എത്താന്‍ ദിവസങ്ങള്‍ മാത്രം മതിയാകും. ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭീഷണിയായി മാറിയേക്കാം ഈ സംഭവങ്ങള്‍.

ജെ.എന്‍.യുവിലെ കുറച്ച് കുട്ടികള്‍ നടത്തിയ വിവരക്കേടുകളെ അനുകൂലിക്കുന്നത് ഇന്ത്യന്‍ ഭരണഘടന വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഉചിതമല്ല. ജെ.എന്‍.യുവില്‍ നടന്ന സംഭവങ്ങളെ ന്യായീകരിച്ച് കൊണ്ട് വ്യക്തി സ്വാതന്ത്ര്യം ഉയര്‍ത്തി പിടിക്കുന്ന രാത്രി പരദൂഷകരോട് ഒരു ചോദ്യം നിങ്ങളുടെ ചാനലിന്റെ നിയമവലിക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഒരാളെ അവിടെ ജോലിയില്‍ തുടരാന്‍ അനുവദിക്കുമോ…ഉടമസ്ഥനോടൊപ്പം ലിഫ്റ്റില്‍ കയറി എന്ന കാരണം കൊണ്ട് പോലും ഒരു ജീവനക്കാരനെ പിരിച്ചു വിട്ട മാധ്യമസ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്.

ഈ വിഷയത്തിന്‍റെ മറ്റൊരു വശം ഗവണ്‍മെന്റിന്റെ അനാവശ്യ ധൃതിയാണ്. ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി തൂക്കിക്കൊല്ലുന്ന മാധ്യമ ധര്‍മ്മം തന്നെയാണ് മോദി സര്‍ക്കാരും ഈ വിഷയത്തില്‍ കാട്ടിയത്. ജെ.എന്‍.യുവിലെ 80% വിദ്യാര്‍ത്ഥികളും ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭാഗമല്ല എന്നാണ് എന്റെ അറിവ്. വിരലില്‍ എണ്ണാവുന്ന ചെറിയ സംഘം കാണിച്ച വൃത്തികേടിന് ഒരു വിഭാഗത്തെയാകെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. നിങ്ങള്‍ മാത്രം ദേശസ്‌നേഹം ഉള്ളവരും ബാക്കിയുള്ളവരെല്ലാം ദേശദ്രോഹികള്‍ എന്നുമുള്ള കാഴ്ചപ്പാട് ആദ്യം മാറ്റുക. ഒരാള്‍ തെറ്റു ചെയ്‌തോ എന്ന് ശാസ്ത്രീയമായി തെളിയിക്കാതെ അയാളെ രാജ്യദ്രോഹി എന്ന് മുറവിളി കൂട്ടുന്നത് അനീതിയാണ്. നാളെ കോടതിയില്‍ ഈ സംഭവം തെളിയിക്കാന്‍ നിങ്ങള്‍ക്ക് ആയില്ലെങ്കില്‍ തലയില്‍ മുണ്ടിട്ട് നടക്കുകയാവും ഉചിതം.

shortlink

Related Articles

Post Your Comments

Related Articles


Back to top button