Kerala

ഇതും കേരളത്തില്‍! ദളിതന്‍ കുളിച്ച ക്ഷേത്രക്കുളത്തില്‍ ശുദ്ധികര്‍മങ്ങള്‍ നടത്തി

കൊയിലാണ്ടി: കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിലെ ക്ഷേത്രക്കുളത്തില്‍ ദളിതന്‍ കുളിച്ചതിന്റെ പേരില്‍ ശുദ്ധികര്‍മങ്ങള്‍ നടത്തി പുണ്യാഹം തളിച്ചു. ഒക്ടോബര്‍ 17-നായിരുന്നു സംഭവം. ക്ഷേത്രക്കുളം നവീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ദളിത്‌ സമുദായക്കാരനാണ് കുളത്തില്‍ കുളിക്കാനിറങ്ങിയത്. ക്ഷേത്രക്കുളം നവീകരിക്കാന്‍ രൂപീകരിച്ച കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റായിരുന്നു ഇദ്ദേഹം. നവീകരണം പൂര്‍ത്തിയ കുളം സമര്‍പ്പണം കഴിഞ്ഞപ്പോള്‍ ഇദ്ദേഹം ആദ്യമായി കുളിക്കാനിറങ്ങുകയായിരുന്നു.

ഇതിനെതിരെ ചിലര്‍ അപ്പോള്‍ തന്നെ പ്രതിഷേധം അറിയിച്ചിരുന്നുവെന്നും ഇക്കൂട്ടത്തില്‍ ചിലര്‍ മുന്‍കൈയെടുത്ത് ഇക്കഴിഞ്ഞ ജനുവരി 26ന് ശുദ്ധികര്‍മങ്ങള്‍ നടത്തി പുണ്യാഹം തളിച്ച് പുനര്‍സമര്‍പ്പണം നടത്തിയെന്നുമാണ് ദളിത്‌ സംഘടനാ നേതാക്കള്‍ ആരോപിക്കുന്നത്.

കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ വികൃതമാക്കുന്ന സംഭവമാണ് കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തില്‍ നടന്നതെന്നും ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി തിരികെ കൊണ്ടുവരാനുള്ള നീക്കം നടക്കുന്നതിന്റെ ഭാഗമാണിതെന്നും ഇതിനെതിരെ പൊതുസമൂഹം രംഗത്തുവരണമെന്നും വിവിധ ദളിത് സംഘടനാ ഭാരവാഹികളായ എം.എം. ശ്രീധരന്‍, പി.എം.ബി നടേരി, ശശീന്ദ്രന്‍ ബപ്പന്‍കാട്, നിര്‍മലൂര്‍ ബാലന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button