മാവേലിക്കര: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കിണറ്റില്‍ വീണ ഒന്നര വയസ്സുകാരനെ കെട്ടിട നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ബംഗാളി യുവാവ് രക്ഷിച്ചു. ചെട്ടിക്കുളങ്ങര ഈരേഴ വടക്ക് പാലാഴിയില്‍ ഘടം വിദ്വാന്‍ റാം ഗോപാലിന്റേയും ശ്രീകലയുടേയും ഇളയമകന്‍ ശ്രീദത്തിനെയാണ് ബംഗാള്‍ മുഷിദാബാദ് സ്വദേശി സഫര്‍ അലിഖാന്‍ (38) കിണറ്റില്‍ ചാടി രക്ഷപ്പെടുത്തിയത്.
ആറു വയസ്സുള്ള സഹോദരന്‍ ശ്രീധറിനൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ശ്രീദത്ത് കിണറിനു സമീപത്തായി അടുക്കിവെച്ചിരുന്ന ഓടിനു മുകളില്‍ കയറുന്നതിനിടെ കാല്‍ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. ശ്രീധറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ ശ്രീകലയും അയല്‍വാസികളും പകച്ചു നില്‍ക്കുന്നതിനിടെ സമീപത്തെ വീട്ടില്‍ പണിയിലേര്‍പ്പെട്ടു കൊണ്ടിരുന്ന സഫര്‍ അലിഖാന്‍ ഓടിയെത്തി കിണറ്റിലിറങ്ങി മുങ്ങിത്താണ ശ്രീദത്തിനെ രക്ഷിക്കുകയായിരിന്നു. ഇയാള്‍ തന്നെ കുട്ടിക്ക് പ്രഥമശ്രുശ്രൂഷ നല്‍കുകയും ചെയ്തു.
പിന്നീട് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.
Post Your Comments