ദുബായ്: മിനിസ്റ്റര്‍ ഒഫ് ഹാപ്പിനസ്, യു.എ.ഇ മന്ത്രാലയത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്ത പദവി. ലോകചരിത്രത്തിലാദ്യമായി സന്തോഷത്തിന്റെ മന്ത്രിയെ തെരഞ്ഞെടുത്തു വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ രാഷ്ട്രം. അതും ഒരു വനിതാ മന്ത്രിയെ. ഇപ്പോഴിതാ സ്ഥാനാ രോഹണച്ചടങ്ങിലേക്ക് വ്യത്യസ്തയായി കടന്നുവന്നു വൈറലായിരിക്കുകയാണ് സന്തോഷത്തിനും സഹിഷ്ണുതയ്ക്കും വേണ്ടിയുള്ള മന്ത്രി, ഒഹൂദ് ബിന്റ് ഖല്‍ഫാന്‍ അല്‍ റൂമി.
കഴുത്തില്‍ തിളങ്ങുന്ന വെള്ളക്കല്ലുകള്‍ കൊണ്ട് ഹാപ്പി എന്നെഴുതിയ മാലയണിഞ്ഞാണ് അല്‍ റൂമി എത്തിയത്. 2013ല്‍ ലാന്‍വിന്‍ ഫാഷന്‍ ഹൗസ് വിപണിയിലെത്തിച്ച ആഭരണശ്രേണിയില്‍ ഉള്‍പ്പെട്ടതാണ് ഈ മാല. സന്തോഷത്തിന്റെ മന്ത്രി എന്ന ചുമതലയ്‌ക്കൊപ്പം പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഡയറക്ടര്‍ ജനറല്‍ എന്ന പദവിയും റൂമി വഹിക്കും.
സ്ഥാനാരോഹണ ചടങ്ങിനായി ഹാപ്പി മാലയണിഞ്ഞെത്തിയ റൂമിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സന്തോഷത്തിന്റെ മന്ത്രി എന്ന പദവിയെ വളരെ രസിപ്പിക്കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇഫ് ഐ വെയര്‍ ദി ഹാപ്പിനസ് മിനിസ്റ്റര്‍ എന്ന ഹാഷ്ടാഗും അറബിക് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
30,000പേരാണ് ഈ ഹാഷ്ടാഗിന് പിന്തുണയറിയിച്ചിരിക്കുന്നത്. താന്‍ മന്ത്രിയായാല്‍ സ്ത്രീകള്‍ സന്തോഷത്തോടെയിരിക്കാന്‍ നെയില്‍ പോളിഷ് സൗജന്യമായി നല്‍കുമെന്ന രസകരമായ കമന്റുകളും ഈ ഹാഷ് ടാഗിന് താഴെ നിറയുന്നുണ്ട്. സന്തോഷത്തിനൊരു മന്ത്രിയോ എന്നു കളിയാക്കിയവരും ഉണ്ട്. അങ്ങനെയാണെങ്കില്‍ സങ്കടത്തിനും വിഷാദത്തിനുമൊക്കെ മന്ത്രിമാര്‍ വേണ്ടേയെന്നും ഈജിപ്തുകാരും ജോര്‍ദാന്‍കാരുമൊക്കെ ചോദിക്കുന്നു.
Post Your Comments