കൊല്ലം: ബി.ഡി.ജെ.എസിന്റേത് അവസരവാദ രാഷ്ട്രീയമായിരിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി.ഡി.ജെ.എസിന് ഒരു പാര്‍ട്ടിയുമായും അയിത്തമില്ല. ആദര്‍ശം പ്രസംഗിച്ചു നടന്നാല്‍ വിലപ്പോകുമോ എന്ന് ചോദിച്ച വെള്ളാപ്പള്ളി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതു-വലതു പക്ഷങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അവകാശപ്പെട്ടു. എന്നാല്‍ ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന ചോദ്യത്തിന് വെള്ളാപ്പള്ളി മറുപടി നല്‍കാന്‍ തയ്യാറായില്ല.
അതേസമയം, ഇടതുപക്ഷവുമായി ചര്‍ച്ച നടത്തിയെന്ന വെള്ളാപ്പള്ളിയുടെ വാദം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തള്ളി. ഏതു നേതാവുമായാണ് ചര്‍ച്ച നടത്തിയതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. ഇതിന് ശേഷം താന്‍ കൂടുതല്‍ പ്രതികരിക്കാമെന്നും വി.എസ് വ്യക്തമാക്കി.
ബി.ഡി.ജെ.എസുമായി ചര്‍ച്ച നടത്തിയെന്ന വെള്ളാപ്പള്ളിയുടെ വാദം തള്ളിയ കോടിയേരി ബി.ജെ.പിയ്ക്ക് വേണ്ടാതായപ്പോള്‍ വെള്ളാപ്പള്ളി കള്ളക്കളി കളിക്കുകയാണെന്നും ആരോപിച്ചു.
Post Your Comments