KeralaNews

സ്വാതന്ത്ര്യത്തിന്റേയും പുരോഗതിയുടേയും പുതിയ പ്രഭാതങ്ങള്‍ക്ക് വേണ്ടി പറത്തിവിട്ട വെള്ളരിപ്രാവ് നിലംപതിച്ചപ്പോള്‍

തിരുവനന്തപുരം : സമാധാനത്തിന്റെ സന്ദേശം ഉയര്‍ത്തി പ്രാവിനെ പറത്താമെന്ന് വിചാരിച്ച സി.പി.എം നേതാവ് പിണറായി വിജയന് പറ്റിയ അക്കിടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് . തിരുവനന്തപുരത്ത് നടന്ന നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനത്തിലാണ് ചിരി പടര്‍ത്തുന്ന സംഭവ വികാസങ്ങള്‍ അരങ്ങേറിയത് .

സ്റ്റേജിലെത്തിയ പിണറായി വിജയന് ഉപഹാരങ്ങള്‍ നല്‍കുന്നതിനിടയിലാണ് സംഭവം. നേതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച് സ്റ്റേജിലെത്തിയ കുറച്ച് കുഞ്ഞുങ്ങളാണ് പിണറായിക്ക് പറത്താന്‍ വെള്ള പ്രാവിനെ നല്‍കിയത് . എന്നാല്‍ പിണറായി മുകളിലേക്ക് പറത്തിയ പ്രാവ് പറക്കാനാകാതെ സ്റ്റേജില്‍ തന്നെ വീണു. ഒന്നു രണ്ട് നിമിഷം എല്ലാവരും സ്തബ്ധരായെങ്കിലും ഉപഹാരം നല്‍കുന്ന പരിപാടി തുടര്‍ന്നു.

അതിനിടയില്‍ സ്റ്റേജിലുണ്ടായിരുന്ന ഒരു പ്രവര്‍ത്തകന്‍ പ്രാവിനെ എടുത്ത് വീണ്ടും പിണറായിക്ക് നല്‍കിയെങ്കിലും അദ്ദേഹമത് നിരസിച്ചു. നിരാശനായ പ്രവര്‍ത്തകനാകട്ടെ പോണ പോക്കില്‍ പ്രാവിനെ മേലോട്ടെറിഞ്ഞ് രംഗത്ത് നിന്ന് നിഷ്‌ക്രമിച്ചത് ചിരി പടര്‍ത്തുന്നതാണ്. പ്രാവ് സ്റ്റേജില്‍ വീണപ്പോള്‍ കോടിയേരി കാണിച്ച ആംഗ്യവും രസിപ്പിക്കുന്നതായി.പിണറായിക്ക് പ്രാവിനെ കൊടുക്കുന്നതിനിടയില്‍ അതിന്റെ കാലിലെ കെട്ടഴിക്കാന്‍ സംഘാടകര്‍ വിട്ടു പോയതാണ് പ്രശ്‌നമായത്.

പിണറായിയുടെ പ്രാവ് പറത്തലിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞു. പിണറായി തൊട്ടപ്പോഴേ പ്രാവിന്റെ കാറ്റുപോയെന്നും മറ്റുമുള്ള രീതിയിലാണ് പരിഹാസത്തിന്റെ പോക്ക്.

shortlink

Post Your Comments


Back to top button