കൊച്ചി: ഇടപ്പള്ളി ലുല മാളിലെ പാര്‍ക്കിംഗ് ഫീസ് അനധികൃതമാണെന്ന് ഉപഭോക്തൃ കോടതി ഉത്തരവ്. രമാ ജോര്‍ജ്ജ് എന്ന പൊതുപ്രവര്‍ത്തകയുടെ പരാതിയിലാണ് ഈ ഇടക്കാല ഉത്തരവ്. ഇന്ന് മുതല്‍ പാര്‍ക്കിംഗ് ഫീസിനത്തില്‍ പിരിച്ചെടുക്കുന്ന പണം കണ്‍സ്യൂമര്‍ കോടതിയില്‍ കെട്ടിവയ്ക്കാനാണ് നിര്‍ദ്ദേശം.
പാര്‍ക്കിംഗ് സൗകര്യം ഒരുക്കേണ്ടത് സ്ഥാപന ഉടമകളുടെ കടമയാണെന്നും അനധികൃതമായി പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമുള്ള രമയുടെ വാദങ്ങള്‍ കോടതി അംഗീകരിച്ചു. കേസുമായി ബന്ധപ്പെട്ട് തുടര്‍ന്നും നിയമനടപടികള്‍ നടക്കുമ്പോള്‍ പണം നിയമാനുസൃതം തിരിച്ച് നല്‍കാവുന്നതോ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാവുന്നതോ ആണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
പരാതിക്കാരി സമര്‍പ്പിച്ച രേഖകളില്‍ നിന്നും സര്‍വ്വീസ് ടാക്സ് അടയ്ക്കുന്നില്ലെന്ന് വ്യക്തമാണെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് തുടര്‍ന്നുള്ള നടപടികള്‍ ഈ മാസം 23-ന് നടക്കും.
Post Your Comments