ലണ്ടന്‍: ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് വിവാഹിതയായ ഒരു സ്ത്രീയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളുമായി ബി.ബി.സി ഡോക്യുമെന്ററി. 30 വര്‍ഷത്തിലേറെ നീണ്ട അടുപ്പം സൂചിപ്പിക്കുന്ന കത്തുകളാണ് ഡോക്യൂമെന്ററിയിലുള്ളത്.
പോളിഷ് ചിന്തകയും എഴുത്തുകാരിയുമായ അന്ന തെരേസ ടിമിനിക്ക എന്ന വനിതയുമായാണ് മുന്‍ പോപ്പിന് അടുപ്പമുണ്ടായിരുന്നത്. കത്തുകളില്‍ ചിലത് അവര്‍ക്കിടയിലുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധത്തിലേക്ക് വിരല്‍ചൂണ്ടുന്നതായി ഡോക്യുമെന്ററി സ്ഥാപിക്കുന്നു. കരോള്‍ ജോസഫ് വോസില എന്നാണ് ജോണ്‍ പോള്‍ രണ്ടാമന്റെ പൂര്‍വനാമം. 1978 മുതല്‍ 2005 വരെയാണ് അദ്ദേഹം റോമന്‍ കാത്തലിക് സഭയുടെ തലവനായിരുന്നത്. 1973ല്‍ ഇദ്ദേഹം തത്ത്വചിന്തയെക്കുറിച്ച് രചിച്ച ഒരു പുസ്തകവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലൂടെയാണ് ഇവരുടെ സൗഹൃദം ആരംഭിക്കുന്നത്. ഈ പുസ്തകം പിന്നീട് അന്ന തെരേസ ഇംഗ്‌ളീഷിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു.
1976 സെപ്റ്റംബറിലെഴുതിയ ഒരു കത്തില്‍ തെരേസയെ ‘ദൈവം തനിക്കു തന്ന സമ്മാനമെന്ന്’ വിശേഷിപ്പിക്കുന്നുണ്ട്. ‘പരസ്പരം പിരിയുന്നതിനെക്കുറിച്ച് നീ പറയുന്നുണ്ട്, എന്നാല്‍ എനിക്കതിന് മറുപടിയില്ല’ എന്നാണ് മറ്റൊരു കത്തിലെ വാക്കുകള്‍. ബി.ബി.സിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എഡ്വേഡ് സ്റ്റുവര്‍ട്ടനാണ് ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്. നാഷണല്‍ ലൈബ്രറി ഓഫ് പോളണ്ടില്‍ നിന്ന് ഇവരുടെതായി തനിക്ക് ലഭിച്ചത് 350ലേറെ കത്തുകളാണെന്ന് അദ്ദേഹം പറയുന്നു.
എന്നാല്‍, സ്ഥാനമേല്‍ക്കുന്നതിനുമുമ്പ് ജോണ്‍ പോള്‍ രണ്ടാമനുമായി ഒരു വിവാഹിതയായ സ്ത്രീ പ്രണയത്തിലകപ്പെടുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് മുന്‍ പോപ്പുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 2005ലാണ് ജോണ്‍ പോള്‍ മാര്‍പ്പാപ്പ മരിച്ചത്. 2014ല്‍ മരിച്ച അന്ന തെരേസയുടെ ഭാഗത്തുനിന്നുള്ള കത്തുകള്‍ വീണ്ടെടുക്കാന്‍ ബി.ബി.സിക്ക് കഴിഞ്ഞിട്ടില്ല.
Post Your Comments