NewsInternational

അഫ്‌സല്‍ ഗുരു വിവാദം: എസ്.എ.ആര്‍. ഗീലാനി അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍ പാര്‍ലമെന്റാക്രമണക്കേസില്‍ വധശിക്ഷക്ക് വിധേയനാക്കിയ അഫ്‌സല്‍ ഗുരുവിന് അനുകൂലമായി ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിയുയര്‍ന്ന സംഭവത്തില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസറും പാര്‍ലമെന്റാക്രമണക്കേസില്‍ കോടതി കുറ്റമുക്തനുമാക്കിയ എസ്.എ.ആര്‍. ഗീലാനിയെ പൊലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാത്രി വസതിയില്‍നിന്നാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നതുമായി ബന്ധപ്പെട്ട് ഗീലാനിക്കും കണ്ടാലറിയാവുന്ന മറ്റു ചിലര്‍ക്കുമെതിരേ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധ സംഘം ചേരല്‍ വകുപ്പുകള്‍ അനുസരിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, ഇവര്‍ക്കെതിരെ ബി.ജെ.പി എം.പി മഹേഷ് ഗിരിയും എ.ബി.വി.പിയും പരാതി നല്‍കിയിരുന്നു. ചടങ്ങിന്റെ മുഖ്യ സംഘാടകന്‍ ഗീലാനി ആണെന്നും അദ്ദേഹത്തിന്റെ ഇമെയിലില്‍നിന്നാണ് ഹാള്‍ ബുക്കു ചെയ്തതെന്നും പൊലീസ് പറയുന്നു.

shortlink

Post Your Comments


Back to top button