NewsInternational

സിറിയയില്‍ ആശുപത്രികള്‍ക്കും സ്‌കൂളിനും നേരെ റഷ്യന്‍ വ്യോമാക്രമണം

ഡമാസ്‌കസ്: സിറിയയുടെ വിവിധ പ്രദേശങ്ങളില്‍ റഷ്യ വ്യോമാക്രമണം ശക്തമാക്കി. തിങ്കളാഴ്ച അലപ്പോ, ഇദ്‌ലിബ് പ്രവിശ്യകളിലായി നടത്തിയ വ്യോമാക്രമണത്തില്‍ അന്‍പത് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അലപ്പോയില്‍ ഒരു ആശുപത്രിയും സ്‌കൂളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഇവിടെ റഷ്യന്‍ ആക്രമണം ശക്തമായതോടെ മേഖലയില്‍നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ ഒഴിഞ്ഞുപോയത് സിവിലിയന്മാരുടെ ജീവിതം കുടുതല്‍ ദുരിതത്തിലാക്കിയിട്ടുണ്ട്.

സിറിയയില്‍ സന്നദ്ധ സേവനം നടത്തുന്ന ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി ലക്ഷ്യമിട്ടാണ് ഇദ്‌ലിബ് പ്രവിശ്യയില്‍ ആക്രമണം നടന്നത്. ഇവിടെ ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആശുപത്രിക്കുനേരെ മിനിറ്റുകളുടെ വ്യത്യാസത്തില്‍ നാലുതവണയാണ് ആക്രമണമുണ്ടായതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, സിറിയയിലേക്ക് തങ്ങളുടെ സൈന്യം കടന്നുവെന്ന ആരോപണം തുര്‍ക്കി നിഷേധിച്ചു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സിറിയയില്‍ കരസൈന്യത്തെ അയക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തുര്‍ക്കി പ്രതിരോധമന്ത്രി ഇസ്മത്ത് ഇല്‍മാസ് വ്യക്തമാക്കി. നേരത്തെ, യു.എന്നിന് നല്‍കിയ പരാതിയിലാണ് സിറിയ തുര്‍ക്കിക്കെതിരെ ആരോപണം ഉന്നയിച്ചത്.

shortlink

Post Your Comments


Back to top button