ന്യൂഡല്‍ഹി: ട്വിറ്ററില്‍ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുടുങ്ങി. ഹിന്ദു ദൈവം ഹനുമാനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് കെജ്രിവാളിന്റെ പോസ്റ്റ് എന്നാണ് പ്രതിയോഗികള്‍ കുറ്റപ്പെടുത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ജെ.എന്‍.യുവിനെ തീയിട്ട് നശിപ്പിച്ച് മോഡിക്കരികിലേക്ക് തിരിച്ചുവരുന്ന ഹനുമാന്റെ രൂപവുമാണ് കാര്‍ട്ടൂണിലെ പ്രധാന കഥാപാത്രങ്ങള്‍. പത്താന്‍കോട്ട് ആക്രമണം, രോഹിത് വെമുല, അസംബ്ലി തെരഞ്ഞെടുപ്പ് തുടങ്ങിയ വിവാദങ്ങളാല്‍ ചുറ്റപ്പെട്ട മെയ്ക്ക് ഇന്‍ ഇന്ത്യയുടെ വേദിയിലാണ് മോഡി നില്‍ക്കുന്നത്. മോഡിക്കരികില്‍ വാലില്‍ തീയുമായി എത്തുന്ന ഹനുമാന്‍ വേഷധാരി ‘ലക്ഷ്യം കണ്ടുവെന്നും, ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ജെ.എന്‍.യുവിലേക്ക് ആണെന്നും’ പറയുന്നു. ഈ സമയം വേദിയിലുണ്ടായിരുന്ന മാധ്യമങ്ങള്‍ മുഴുവനും ജെ.എന്‍.യുവിലേക്ക് തിരിയുന്നതായും കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിട്ടുണ്ട്.
കാവി ധരിച്ച, നെറ്റിയില്‍ കുങ്കുമം ചാര്‍ത്തി താടി വളര്‍ത്തിയ നിലയിലാണ് ഹനുമാന്റെ രൂപം.
കെജ്രിവാള്‍ ഹനുമാനെ അപമാനിച്ചു എന്ന രീതിയിലാണ് ട്വിറ്ററില്‍ പ്രതിഷേധം ശക്തിപ്പെടുന്നത്. ‘കെജ്രിവാള്‍ ഇന്‍സള്‍ട്ട് ഹനുമാന്‍’ എന്ന ഹാഷ് ടാഗും പരക്കെ പ്രചരിക്കുന്നുണ്ട്. ചിലര്‍ ഹനുമാനെ അപമാനിച്ചതിന് കെജ്രിവാളിന് എതിരെ കേസ് കൊടുക്കുമെന്ന് പറയുമ്പോള്‍ മറ്റുചിലര്‍ കെജ്രിവാള്‍ രാജ്യദ്രോഹിയാണെന്നും കുറ്റപ്പെടുത്തുന്നു.
Post Your Comments