NewsIndia

ജെ.എന്‍.യു അന്വേഷണം: എന്‍.ഐ.എ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ ദേശദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈകോടതി തള്ളി. കേസ് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണമെന്ന ആവശ്യവും കോടതി തള്ളി.

ജെ.എന്‍.യുവിലെ അഫ്‌സല്‍ ഗുരു അനുസ്മരണം, ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ എന്നിവയെക്കുറിച്ച് എന്‍.ഐ.എ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ അഭിഭാഷകനായ രഞ്ജന അഗ്‌നിഹോത്രിയാണ് ഹൈകോടതിയെ സമീപിച്ചത്.

എന്‍.ഐ.എ അന്വേഷണം വേണമെന്ന ആവശ്യം അനവസരത്തിലുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഡല്‍ഹി പൊലീസ് കേസ് അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്. കേസ് അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന ഹര്‍ജിക്കാരന്റെ ആരോപണം കണക്കിലെടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ദേശവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നത് വിദ്യാര്‍ഥികള്‍ക്ക് പറ്റിയ സ്വാഭാവിക പിഴവാണോ എന്നും അതിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം വിദ്യാര്‍ഥിയൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ ദേശദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ സര്‍വകലാശാലയില്‍ പ്രക്ഷോഭം തുടരുകയാണ്. കനയ്യ കുമാറിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തില്‍ അഭിഭാഷകരും പൊലീസും ജെ.എന്‍.യു വിദ്യാര്‍ഥികളെയും അധ്യാപകരെയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദ്ദിച്ച പശ്ചാത്തലത്തില്‍ പ്രക്ഷോഭത്തിന് ശക്തിയേറിയിട്ടുണ്ട്.

ക്ലാസുകള്‍ ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി അധ്യാപകരും ഒത്തുചേര്‍ന്നു. പ്രതിഷേധ സൂചകമായി സര്‍വകലാശാല പരിസരത്ത് ദേശീയതയെക്കുറിച്ച് ക്ലാസുകള്‍ നടത്തുമെന്നും അധ്യാപകര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button