KeralaNews

ജയരാജന് വേണ്ടി തിരുത്തിയ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് പുറത്ത്

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ മുന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനായി വൈദ്യപരിശോധനാ റിപ്പോര്‍ട്ട് തിരുത്തി. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടാണ് തിരുത്തിയത്. മാതൃഭൂമി ഓണ്‍ലൈനാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവിട്ടത്. ഈ രേഖ കണ്ണൂര്‍ ജയില്‍ സൂപ്രണ്ടില്‍ നിന്നും സി.ബി.ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് ജയരാജനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ ആദ്യം എഴുതിയ്. ഇത് തിരുത്തി ഹയര്‍ കാര്‍ഡിയാക് സെന്ററിലേക്ക് മാറ്റണമെന്ന് ചേര്‍ക്കുകയായിരുന്നു. ഇതേ ആശുപത്രിയിലെ മറ്റൊരു സീനിയര്‍ ഡോക്ടര്‍ പറഞ്ഞതനുസരിച്ചാണ് ഇങ്ങനെ മാറ്റിയെഴുതിയതെന്ന് മെഡിക്കല്‍ ഓഫീസര്‍ സി.ബി.ഐക്ക് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞു.

ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കുന്നതിന് തടസ്സമാകാതിരിക്കാനാണ് ഇങ്ങനെ തിരുത്തി എഴുതിച്ചതെന്നും ഡോക്ടര്‍ സി.ബി.ഐയോട് സമ്മതിച്ചിട്ടുണ്ട്. റിമാന്‍ഡിലായിക്കഴിഞ്ഞാല്‍ ജയരാജനെ പരിയാരത്ത് എത്തിക്കാനുള്ള ആസൂത്രിത നീക്കം നേരത്തെ തുടങ്ങിയിട്ടുണ്ടാവാമെന്നാണ് സി.ബി.ഐയുടെ വിലയിരുത്തല്‍. ഇതിനായി കണ്ണൂര്‍ സെല്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ സഹായം ലഭിച്ചതായും സി.ബി.ഐ കരുതുന്നുണ്ട്. അതിനാല്‍ ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പയെ നേരില്‍ കണ്ട് തിങ്കളാഴ്ച വൈകീട്ട് സി.ബി.ഐ വിശദീകരണം തേടിയിരുന്നു.
ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള നീക്കങ്ങളെല്ലാം തന്നെ തുടക്കത്തില്‍ തടയാനാണ് സി.ബി.ഐ ശ്രമിക്കുന്നത്. ജയില്‍ സൂപ്രണ്ടിനെയും ഡോക്ടറേയും നേരില്‍ കണ്ട് സി.ബി.ഐ വിശദീകരണം തേടിയത് ഈ നീക്കത്തിന്റെ ഭാഗമായാണ്.

shortlink

Post Your Comments


Back to top button