International

സാത്താനെന്ന് പറഞ്ഞ് വെളിയില്‍ കളഞ്ഞ പിഞ്ചുകുഞ്ഞിന് ജീവകാരുണ്യ പ്രവര്‍ത്തക തുണയായി

ആഫ്രിക്കന്‍ രാജ്യങ്ങളിലെ അന്ധവിശ്വാസത്തിന്റ വ്യാപ്തി തുറന്നു കാണിക്കുന്നതാണ് ഈ പിഞ്ചുകുഞ്ഞിന്റെ അവസ്ഥ. സാത്താന്‍ കുഞ്ഞെന്ന് ആരോപിച്ച് നൈജീരിയന്‍ കുടുംബം മരിക്കാന്‍ വിട്ട രണ്ടുവയസ്സുകാരന് ജീവിതത്തിലേക്ക് പ്രതീക്ഷ നല്‍കിയത് ഒരു ജീവകാരുണ്യ പ്രവര്‍ത്തകയാണ്. വീട്ടുകാരാല്‍ തെരുവിലെറിയപ്പെട്ട് പട്ടിണികൊണ്ട് മരണാസന്നനായ കുഞ്ഞിനെ ഡാനിഷ് ജീവകാരുണ്യപ്രവര്‍ത്തക കണ്ടെത്തുകയും ആശുപത്രിയിലാക്കുകയുമായിരുന്നു.

ഹോപ്പ് എന്ന് പേരിട്ട് വിളിക്കുന്ന ബാലന്‍ കഴിഞ്ഞ എട്ടു മാസമായി വഴിയാത്രക്കാര്‍ ഉപേക്ഷിക്കുന്ന ഭക്ഷണം കഴിച്ചാണ് പിടിച്ചു നിന്നത്. ശുഷ്‌കിച്ച് പുഴുവരിച്ച നിലയില്‍ തെരുവില്‍ കിടന്ന കുഞ്ഞിനെ ജനുവരി 31ന് കണ്ടെത്തിയത് ആഫ്രിക്കയില്‍ ജീവിക്കുന്ന ഡാനിഷ് യുവതി അഞ്ജാ റിംഗ്രന്‍ ലോവനായിരുന്നു. ഹോപ്പിന് ആഹാരവും വെള്ളവും നല്‍കി ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചികിത്സക്കും സഹായത്തിനുമായി ഇവന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് കരുണയുള്ളവരെ കാത്തിരിക്കുകയാണ് ലോവന്‍. നിരവധി കുട്ടികള്‍ ഹോപ്പിനെ പോലെ അന്ധവിശ്വാസങ്ങളുടെ ഭാഗമായി ആഫ്രിക്കയില്‍ കൊടിയ പീഡനത്തിനും അപമാനത്തിനും ഇരയാകുന്നുണ്ടെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അന്ധവിശ്വാസങ്ങള്‍ക്കിരയായി ആഫ്രിക്കയില്‍ സ്വന്തം കുടുംബത്താല്‍ തന്നെ ഉപേക്ഷിക്കപ്പെടുകയും കൊല്ലാന്‍ പുറംതള്ളുകയും ചെയ്യുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വിദ്യാഭ്യാസവും സംരക്ഷണവും നല്‍കുന്ന ആഫ്രിക്കന്‍ ചില്‍ഡ്രന്‍സ് എയ്ഡ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്റെ ഭാഗമായിട്ടാണ് ലോവന്‍ നൈജീരിയയില്‍ എത്തിയത്. മൂന്ന് വര്‍ഷം മുന്‍പ് രൂപീകരിച്ചതാണിത്.

shortlink

Post Your Comments


Back to top button