East Coast Special

അന്തോണിയോ പോർച്ചിയ – സാന്നിദ്ധ്യത്തിന്റെ “ശബ്ദങ്ങൾ”

വിവർത്തനം: രവികുമാർ

മൂന്നു കള്ളന്മാർ ഒരു കവിയുടെ വീട്ടിൽ മോഷ്ടിക്കാൻ കയറി. കവി അവരോടു പറഞ്ഞു: “എന്റെ കൈയിൽ പണമൊന്നുമില്ല. പിന്നെ കുറെ പുസ്തകങ്ങളും പെയിന്റിംഗുകളുമുണ്ട്. വേണ്ടതെടുത്തിട്ട് ഒന്നു പോയിത്തരൂ.” ഒരു കള്ളൻ കവിയുമായി സംഭാഷണത്തിലായി. മറ്റു കള്ളന്മാർ പുസ്തകങ്ങളിലും ചിത്രങ്ങളിലും കാണുന്ന സമർപ്പണങ്ങൾ വായിക്കുകയുമായിരുന്നു: “ബഹുമാനപ്പെട്ട കവിയ്ക്ക്..”, “ആദരണീയനായ ചിന്തകന്‌…” ചിന്തകനും കവിയുമായ ഒരാളെ തങ്ങൾ കവർച്ച ചെയ്യുകയോ? തങ്ങൾ അതിനില്ലെന്നായി കള്ളന്മാർ. കവി ചീസും ആപ്പിളുമൊക്കെയായി അവരുമായി അത്താഴം പങ്കിടുകയാണ്‌ ഒടുവിലുണ്ടായത്. പോകുംമുമ്പ് ഒരു കള്ളൻ കവിയോടു ചോദിച്ചു: “താങ്കൾക്ക് അത്തിപ്പഴം ഇഷ്ടമാണോ?” കവി തലയാട്ടി. ഒരാഴ്ച കഴിഞ്ഞ് വാതിൽക്കൽ മുട്ടു കേട്ടു ചെല്ലുമ്പോൾ അത്തിപ്പഴങ്ങൾ നിറച്ച കൂടയുമായി വന്നിരിക്കയാണ്‌ ആ കള്ളൻ.

ഈ കവിയാണ്‌ അന്തോണിയോ പോർച്ചിയ. ജന്മം കൊണ്ട് ഇറ്റലിക്കാരനാണെങ്കിലും സ്ഥിരതാമസം അർജന്റീനയിലായിരുന്നു; സ്പാനിഷ്, എഴുത്തുഭാഷയും. ജീവിച്ചിരിക്കെ എഴുത്തുകാരും കലാകാരന്മാരുമടങ്ങിയ ഒരു പരിമിതവൃത്തത്തിനപ്പുറം അദ്ദേഹം അറിയപ്പെട്ടിരുന്നില്ല; അങ്ങനെ അറിയപ്പെടണമെന്ന മോഹവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ധാരാളിത്തത്തിൽ നിന്നുള്ള പിൻവലിയലാണ്‌ അദ്ദേഹത്തിന്റെ കവിതകൾ. അതുകൊണ്ടാണ്‌ ആ കവിതകൾ ഒന്നും രണ്ടും വരികളിലൊതുങ്ങിപ്പോകുന്നത്. സ്നേഹിതന്മാർ തനിക്കയച്ചുതരുന്ന പുസ്തകങ്ങൾ കണ്ട് അദ്ദേഹം ഒരിക്കൽ ഇങ്ങനെ അത്ഭുതപ്പെട്ടു: “എന്തുമാത്രം വാക്കുകൾ!” കഠിനമായ ജീവിതാനുഭവങ്ങളിൽ നിന്നാണ്‌ ആ കവിതകൾ പുറപ്പെടുന്നതെങ്കിലും വൈകാരികതയുടേതായ യാതൊന്നും അവയിൽ പറ്റിപ്പിടിച്ചിരുപ്പുണ്ടാവില്ല. കാവ്യഭാഷ എന്നൊന്ന് അതിൽ കണ്ടെടുക്കാനാവില്ല. വിശേഷണങ്ങൾ അതിലില്ലേയില്ല. കാവ്യസൗന്ദര്യം തുളുമ്പുന്നവയല്ല, ആ ചടച്ച വരികൾ. ആകെ ഒരു പുസ്തകം, “ശബ്ദങ്ങൾ” എന്ന പേരിൽ; അതിലാകെ ഒന്നും രണ്ടും വരികളിലായി 601 കവിതകളും. അതിലൊതുങ്ങുന്നു ഒരായുസ്സിന്റെ രചനകൾ.

ഇറ്റലിയിലെ കലേബ്രിയൻ പ്രവിശ്യയിലുള്ള കൺഫ്ളെന്റി എന്ന ചെറിയ പട്ടണത്തിലാണ്‌ അന്തോണിയോ പോർച്ചിയ ജനിക്കുന്നത്, 1885 നവംബർ 3-ന്‌. അച്ഛൻ വിവാഹം കഴിക്കാനായി വികാരിവേഷം അഴിച്ചുവച്ചയാളായിരുന്നു. ആ ദുഷ്പേരു കാരണം ഒരിടത്തു തന്നെ താമസമുറപ്പിക്കാൻ ആ കുടുംബത്തിനു കഴിഞ്ഞിരുന്നില്ല. 1990 നടുത്ത് അച്ഛൻ മരിച്ചു. അമ്മ റോസാ ഏഴു കുട്ടികളെയും കൊണ്ട് 1906ൽ അർജന്റീനയിലേക്കു കുടിയേറി.

തന്റെ അമ്മയും സഹോദരങ്ങളും പട്ടിണി കിടക്കാതിരിക്കാനായി പോർച്ചിയ പല ജോലികളും ചെയ്യുന്നുണ്ട്, കുട്ട നെയ്ത്തും തുറമുഖത്തെ ഗുമസ്തപ്പണിയുമൊക്കെ. 1918ൽ കുറച്ചു സമ്പാദ്യമൊക്കെ ആയെന്നായപ്പോൾ സൗകര്യമുള്ള വലിയൊരു വീട്ടിലേക്ക് ആ കുടുംബം താമസം മാറ്റുന്നുണ്ട്. ഈ കാലത്തു തന്നെയാണ്‌ പോർച്ചിയയും സഹോദരൻ നീക്കോളാസും കൂടി ബൊളീവർ നഗരത്തിൽ ഒരു പ്രസ്സു വാങ്ങുന്നതും. അടുത്ത പതിനെട്ടുകൊല്ലം കവി പ്രസ്സിലെ പണിയുമായി കഴിഞ്ഞു. സഹോദരങ്ങൾക്ക് സ്വതന്ത്രമായി നിൽക്കാമെന്നായപ്പോൾ 1936ൽ അദ്ദേഹം അദ്ദേഹം പ്രസ്സിലെ പണി വിടുകയും, സാൻ ഇസിഡോറാതെരുവിൽ ചെറിയൊരു വീടു വാങ്ങി തന്റെ ഏകാന്തജീവിതം തുടങ്ങുകയും ചെയ്തു. ലാ ബോച്ചാ എന്ന പേരിൽ ഇറ്റലിക്കാർ കുടിയേറിപ്പാർക്കുന്ന നഗരഭാഗവുമായി അദ്ദേഹം പരിചയമാകുന്നതും ഇക്കാലത്താണ്‌. അനാർക്കിസ്റ്റുകളായ ഒരു കൂട്ടം കവികളും കലാകാരന്മാരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായി. അവരുടെ സമ്മർദ്ദം സഹിക്കാതെയാണ്‌ തന്റെ ചില കവിതകൾ സ്വയം പ്രസിദ്ധീകരിക്കാൻ അദ്ദേഹം സമ്മതിക്കുന്നതും. അങ്ങനെ “ശബ്ദങ്ങൾ” എന്ന പേരിൽ സാരവാക്യരൂപത്തിലുള്ള തന്റെ കുറച്ചു കവിതകൾ അദ്ദേഹം തന്നെ ഒരു പുസ്തകമായി അച്ചടിപ്പിച്ചു.

അർജന്റീനിയൻ കവിയായ റോബർട്ടോ ഹുവാരോസ് അക്കാലത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: “പുസ്തകം അച്ചടി കഴിഞ്ഞ് കെട്ടുകളായി പ്രസ്സിൽ നിന്നെത്തിയപ്പോൾ അവ എവിടെ സൂക്ഷിക്കുമെന്ന് അദ്ദേഹത്തിനു രൂപമുണ്ടായിരുന്നില്ല. ഒടുവിൽ സ്നേഹിതന്മാരായ കലാകാരന്മാരുടെ സ്റ്റുഡിയോവിൽ അട്ടിയിടാമെന്നായി. ഒരു മാസം, രണ്ടു മാസം, മൂന്നു മാസം കഴിഞ്ഞു. കെട്ടുകൾ തുറക്കാതെതന്നെ ഇരിക്കുകയായിരുന്നു. ഒരു ഘട്ടമെത്തിയപ്പോൾ സ്നേഹിതന്മാരും മുഷിഞ്ഞു. ഇത്രയും പുസ്തകങ്ങൾ താനെന്തു ചെയ്യുമെന്ന് കവിയ്ക്കു സംശയമായി. ഒടുവിൽ ആരോ നിർദ്ദേശിച്ചു, പൊതുവായനശാലകളുടെ സംരക്ഷണത്തിനായുള്ള സംഘത്തിന്‌ അവ ദാനം ചെയ്യാൻ. അദ്ദേഹം പുസ്തകത്തിന്റെ സകല കോപ്പിയും അവർക്കു സമ്മാനിച്ചു.

അതിന്റെ ഒരു കോപ്പി ഫ്രഞ്ചു കവിയും വിമർശകനുമായ റോജർ കെലോയിസിന്റെ കൈകളിലെത്തി. അദ്ദേഹമന്ന് യുനെസ്ക്കോയ്ക്കു വേണ്ടി അർജന്റീനയിൽ ജോലി ചെയ്യുകയാണ്‌; സുർ എന്ന പ്രശസ്തമാസികയുടെ എഡിറ്ററുമാണ്‌. അദ്ദേഹം പോർച്ചിയായെ തേടിപ്പിടിച്ചുചെന്നു. “ഈ വരികൾക്കു പകരമായി ഇതുവരെ എഴുതിയതൊക്കെയും ഞാൻ തരാം,”അദ്ദേഹം കവിയെ അഭിനന്ദിച്ചത് ഇപ്രകാരമായിരുന്നു. ഫ്രാൻസിൽ മടങ്ങിയെത്തിയ കെലോയിസ് “ശബ്ദങ്ങൾ” ഫ്രഞ്ചിലേക്കു വിവർത്തനം ചെയ്യുകയും, ചില മാസികകളിൽ അവ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പരിഭാഷ കണ്ടിട്ടാണ്‌ ഹെൻറി മില്ലർ തന്റെ ആദർശഗ്രന്ഥശാലയിലെ നൂറു പുസ്തകങ്ങളിൽ പോർച്ചിയായുടെ കവിതകളും ഉൾപ്പെടുത്തുന്നത്. ആന്ദ്രേ ബ്രെട്ടൺ, ബോർഹസ് തുടങ്ങിയവർക്കും അദ്ദേഹം ഇഷ്ടകവിയായി.

1950ൽ സാമ്പത്തികപ്രയാസം നേരിട്ടപ്പോൾ അദ്ദേഹം സാൻ ഇസിഡോറയിലെ വീടു വിറ്റ് ചെറിയൊരു വീട്ടിലേക്കു താമസം മാറ്റി; ബാക്കിയുള്ള പണം കൊണ്ട് ജീവിക്കാനു വക കണ്ടെത്തുകയും ചെയ്തു. ‘ഇത്രയും എളിമയും നേർമ്മയുമുള്ള മറ്റൊരാളെ താൻ കണ്ടിട്ടില്ലെന്ന്’ ഹുവാരോസ് ഓർമ്മിക്കുന്നു. അമ്പതുകളിൽ “ശബ്ദങ്ങൾ” യൂറോപ്പിലെങ്ങും പ്രചരിച്ചു. ലാറ്റിനമേരിക്കയിൽ വിപ്ളവകാരികളായ വിദ്യാർത്ഥികൾ അവ എഴുതിയെടുത്തു പ്രചരിപ്പിച്ചു. 1956ൽ 601 കവിതകളുമായി “ശബ്ദങ്ങൾ” അവസാനരൂപം പ്രാപിച്ചു. ഇതിനിടയിലും കവി ഏകാന്തജീവി തന്നെയായിരുന്നു. തോട്ടപ്പണി ചെയ്തും, തനിക്കേറ്റവുമടുത്ത സ്നേഹിതന്മാരുമായി ഒത്തുകൂടിയും അദ്ദേഹം കാലം കഴിച്ചു. 1967ൽ തോട്ടപ്പണിയ്ക്കിടെ ഏണിയിൽ നിന്നു വീണതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് 1968 നവംബർ 9ന്‌ പോർച്ചിയ അന്തരിച്ചു.

സാരവാക്യങ്ങൾ പോലെ തോന്നുമെങ്കിലും ആ സ്വഭാവമല്ല, പോർച്ചിയായുടെ കവിതകൾക്ക്. സാരവാക്യം ഒരു മാനസികപ്രക്രിയയുടെ പരിണതിയാണ്‌, ഒരു ശാസനമാണ്‌, തന്നെ പരിഗണിയ്ക്കാൻ തിടുക്കപ്പെടുത്തുകയാണ്‌ അതു നിങ്ങളെ. ആ ഗണത്തിലല്ല, പോർച്ചിയായുടെ “ശബ്ദങ്ങൾ.” സനാതനസത്യങ്ങളുടെ സൂത്രവാക്യങ്ങളല്ലവ. ബോർഹസ് പറയുമ്പോലെ ‘ഒരു മനുഷ്യന്റെയും അവന്റെ ഭാഗധേയത്തിന്റെയും സാന്നിദ്ധ്യങ്ങളാണവ.’ ധർമ്മസങ്കടങ്ങളിൽ സംശയനിവൃത്തിക്കായി ബൈബിളു പോലെ താൻ പകുത്തുനോക്കുന്ന വേദഗ്രന്ഥമാണു “ശബ്ദങ്ങൾ” എന്നു കൂടി ബോർഹസ് പറയുന്നുണ്ട്.

ലിയോൺ ബെനാറോസ് “ശബ്ദങ്ങളെ”ക്കുറിച്ചെഴുതിയ ഒരു ലേഖനത്തിൽ ഇങ്ങനെ പറയുന്നു:“ ശബ്ദങ്ങൾ മറ്റു ചിലതാണ്‌; അവയിൽ ഫലിതവും ജ്ഞാനവും സാമർത്ഥ്യവുമൊന്നുമില്ല, മറിച്ച് അവയിലുള്ളത് ആഴമാണ്‌. അവ വേഷം ധരിക്കുന്നില്ല, വേഷമഴിക്കുകയാണ്‌. അവ മാനുഷികമാണ്‌, ഏതു മനുഷ്യജീവിയേയും പോലെ തന്റെ ആഴങ്ങളിൽ വേപഥു പൂണ്ട സന്ദേഹങ്ങളാണവ.“

shortlink

Related Articles

Post Your Comments

Related Articles


Back to top button