മട്ടാഞ്ചേരി: ഒന്നേകാല്‍ വയസ്സുള്ള മകനെ സാക്ഷിനിര്‍ത്തി വിദേശിയായ മാതാവിനും പള്ളുരുത്തി സ്വദേശിയായ പിതാവിനും മാംഗല്യം. പള്ളുരുത്തി സ്വദേശി അരുണ്‍ മധുവാണ് ഇംഗ്‌ളണ്ട് സ്വദേശിനിയായ ഹോലി ചില്‍വേഴ്‌സിനെ വാലന്റയിന്‍സ് ദിനത്തില്‍ വരണമാല്യം ചാര്‍ത്തിയത്. തുടര്‍വിദ്യാഭ്യാസത്തിനായി പള്ളുരുത്തി പെരുമ്പടപ്പ് കളപ്പുരക്കല്‍ വീട്ടില്‍ മധു-ശ്രീദേവി ദമ്പതികളുടെ മകന്‍ അരുണ്‍ ലണ്ടനിലെ ചെല്‍മ്‌സ് ഫോര്‍ഡില്‍ എത്തിയപ്പോഴാണ് സുഹൃത്തിന്റെ കൂട്ടുകാരിയും ബ്യൂട്ടി തെറപ്പിസ്റ്റുമായ പോള്‍ ലോറന്‍സിയ ദമ്പതികളുടെ മകള്‍ ഹോലിയെ കണ്ടുമുട്ടുന്നത്. കൂടിക്കാഴ്ച പ്രണയമായി, 2014 ആഗസ്റ്റ് ഏഴിന് ചെല്‍മ്‌സ് ഫോര്‍ഡില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. അടുത്തിടെ നാട്ടിലത്തെിയപ്പോഴാണ് അരുണ്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത വിവരം മാതാപിതാക്കളെ അറിയിച്ചത്.
ദിലോണ്‍ അരുണ്‍ എന്ന ആണ്‍കുഞ്ഞുകൂടി ഉണ്ടെന്ന് പറഞ്ഞതോടെ പേരക്കിടാവിനെയും മരുമകളെയും കാണാന്‍ മധുവിനും ശ്രീവിദ്യക്കും ധൃതിയായി. മധു ഹോലിയുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോള്‍ ഹൈന്ദവ ആചാരപ്രകാരം നാട്ടില്‍ വിവാഹം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും അറിയിച്ചു. ഇതോടെ കാര്യങ്ങള്‍ എളുപ്പമായി. ഹേലിയും കുഞ്ഞും മാതാവ് ലോറന്‍സിയയും കൊച്ചിയിലെത്തി. പള്ളുരുത്തി ശ്രീഭവാനീശ്വര മഹാക്ഷേത്രത്തില്‍ കതിര്‍മണ്ഡപം ഒരുങ്ങി. കേരളീയ വേഷം ധരിച്ച് ആടയാഭരണങ്ങള്‍ അണിഞ്ഞുവന്ന ഹോലിയെ കൊട്ടും കുരവയും നല്‍കി അരുണിന്റെ ബന്ധുക്കള്‍ ക്ഷേത്രമുറ്റത്ത് സ്വീകരിച്ച് കതിര്‍മണ്ഡപത്തിലെത്തിച്ചു.
മോതിരമാറ്റവും താലിയണിയലും തുളസിഹാരം പരസ്പരം അണിയിക്കുന്ന ചടങ്ങുകളും ഏറെ കൗതുകം നിറഞ്ഞതാണെന്നാണ് ഹോലിയുടെ അഭിപ്രായം. കതിര്‍മണ്ഡപത്തില്‍ കയറിയ നിമിഷം മുതല്‍ ഒന്നേകാല്‍ വയസ്സുകാരന്‍ ദിലോണ്‍ കര്‍മങ്ങള്‍ ഓരോന്നും സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു. മകനെ സാക്ഷിനിര്‍ത്തി മാംഗല്യം നടത്തിയതിന്റെ ആഹ്‌ളാദത്തിലായിരുന്നു നവദമ്പതികള്‍. ക്ഷേത്രം മേല്‍ശാന്തി സി.കെ. മധുവായിരുന്നു വിവാഹ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത്
Post Your Comments