India

ബുള്ളറ്റുകളോടു പൊരുതി വീണ്ടും പട്ടാളക്കുപ്പായത്തിലേക്ക്

എട്ടു പട്ടാളക്കാരുടെ ജീവനെടുത്ത ജനുവരി ഒന്നിലെ പത്താന്‍കോട്ട് ഭീകരാക്രമണം നമുക്ക് അത്ര പെട്ടെന്നൊന്നും മറക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ വെടിയുണ്ടകളെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്ന ധീരന്‍മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഗരുഡ് കമാന്‍ഡോ സൈലേഷ് ഗൗറിന്റെ പോരാട്ടത്തെപ്പറ്റി പറയാതിരിക്കാനാകില്ല. ശരീരം ഭേദിച്ച ആറു ബുള്ളറ്റുകളോടു പൊരുതി ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് ഈ ധീര ജവാന്‍.

പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത സൈലേഷ് വീണ്ടും പട്ടാളക്കുപ്പായമണിയാന്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചത്തുകയാണ്.
ആറു ബുള്ളറ്റുകള്‍ വയറില്‍ തുളച്ചു കയറി മരണത്തെ മുഖാമുഖം കണ്ട സൈലേഷ് ഇപ്പോഴും ജീവിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ധൈര്യം ഒന്നുകൊണ്ടു മാത്രമാണെന്ന് ഡോക്ടര്‍മാരും സമ്മതിക്കുന്നു. ആന്തരിക രക്തസ്രാവം മൂലം മൂന്നു ലിറ്ററോളം രക്തമാണ് സൈലേഷിന്റെ ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ടത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ മൂന്നു തലമുറയും പ്രതിരോധ വിഭാഗത്തിലാണ്. ഇതു തന്നെയാകാം വെടിയുണ്ടകള്‍ക്കു മുന്‍പില്‍ പകച്ചു നില്‍ക്കാതെ പോരാടി നില്‍ക്കാന്‍ സൈലേഷിന് ധൈര്യം നല്‍കിയതും.

ഫിറ്റ്‌നസ് പരിശോധന കൂടി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വീണ്ടും രാജ്യസുരക്ഷയ്ക്കായി പോരാടാന്‍ തയ്യാറാകുമെന്ന് സൈലേഷ് പറയുന്നു. ജീവന്‍ തന്നെ പണയം വെച്ച് രാജ്യത്തെ ശത്രുക്കളില്‍ നിന്ന് കാക്കുന്ന സൈലേഷടക്കമുള്ള ധീര ജവാന്‍മാര്‍ക്ക് ഹൃദയം തൊട്ടൊരു സല്യൂട്ട് നല്‍കാം.

shortlink

Post Your Comments


Back to top button