ദുബായ്: ദുബായില്‍ പൊതു സ്ഥലങ്ങളില്‍ ഹോവര്‍ ബോര്‍ഡുകളില്‍ സഞ്ചരിക്കുന്നതിന് വിലക്ക്. ദുബായ് നഗരസഭയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ അബുദാബി പൊതുസ്ഥലങ്ങളില്‍ ഹോവര്‍ ബോര്‍ഡുകളുടെ ഉപയോഗം നിരോധിച്ചിരുന്നു.
റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്വയം നിയന്ത്രിത ഇരുചക്ര വാഹനമാണ് ഹോവര്‍ ബോര്‍ഡുകള്‍ അഥവാ സ്മാര്‍ട്ട് വീലുകള്‍. പൊതുസ്ഥലങ്ങളിലും മറ്റും അനിയന്ത്രിതമായി ഹോവര്‍ ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പുതിയ നിര്‍ദ്ദേശം അനുസരിച്ച് പൊതുസ്ഥലങ്ങള്‍, നടപ്പാതകള്‍, ജനത്തിരക്കേറിയ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഹോവര്‍ ബോര്‍ഡുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത് ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ഹോവര്‍ ബോര്‍ഡുകള്‍ കണ്ടുകെട്ടുകയും പിഴ ഈടാക്കാുകയും ചെയ്യും. പാര്‍ക്കുകളോട് ചേര്‍ന്നുള്ള സൈക്കിള്‍ ട്രാക്കുകളില്‍ മാത്രമായിരിക്കും ഇനി ഹോവര്‍ ബോര്‍ഡുകള്‍ ഉപയോഗിക്കാനുള്ള അനുമതി.
ഇതിനു പുറമേ ഹോവര്‍ ബോര്‍ഡുകളില്‍ സഞ്ചരിക്കുമ്പോള്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിച്ചിരിക്കണം. ഹോവര്‍ ബോര്‍ഡുകളില്‍ സഞ്ചരിക്കുന്നതിനിടെ വാഹനമിടിച്ചും ലൈറ്റ് പോസ്റ്റില്‍ ഇടിച്ചും അടുത്തിടെ രണ്ടുപേര്‍ ദുബായില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നിയമം കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
Post Your Comments