പത്തനംതിട്ട: അടൂരില്‍ രണ്ടു ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ കെട്ടിയിട്ടുള്ള പീഡനത്തിന് ഇരയായ സംഭവത്തില്‍ ഒരാളുടെ മാതാവുമായി പ്രതികളിലൊരാള്ക്കുണ്ടായിരുന്ന പരിചയമാണ് സംഭവത്തിനു കളമൊരുക്കിയതെന്ന് പോലീസ്. ശൂരനാട് ഇടയ്ക്കാട് സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാവിനെ പ്രതി ശരത്തിനു നേരത്തേ പരിചയമുണ്ടായിരുന്നു. സല്‍സ്വഭാവിയായി അഭിനയിച്ച ശരത് ഭാഗവതപാരായണത്തില്‍ തല്പരയായ അവരോട് ആധ്യാത്മിക കാര്യങ്ങളില്‍ സംശയങ്ങള്‍ ചോദിക്കുക പതിവായിരുന്നു. പിന്നീട് തന്ത്രപൂര്‍വം പെണ്‍കുട്ടിയുമായി അടുക്കുകയും തന്റെ സുഹൃത്തുക്കളെ പരിചയപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ ഫോണ്‍നമ്പറും യുവാക്കള്‍ കൈക്കലാക്കി. മൊബൈല്‍ ഫോണ്‍ വഴി പെണ്‍കുട്ടിയുമായി സംസാരം പതിവാക്കി. ഇടയ്ക്ക് ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്താറുമുണ്ടായിരുന്നു. ഇതിനിടെ കടമ്പനാട് സ്വദേശിയായ പെണ്‍കുട്ടിയെയും വലയില്‍ വീഴ്ത്തി.
വള്ളിക്കാവ് ചെറിയഴീക്കല്‍ ബീച്ചില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ് കഴിഞ്ഞ നാലിന് സംഘത്തില്‍ ഉള്‍പ്പെട്ട വിഷ്ണുവാണ് കടമ്പനാട് സദേശിയായ പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി അഴീക്കലിലെ വീട്ടില്‍ കൊണ്ടുപോയത്. ഈ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു ഇയാള്‍. ഇടയ്ക്കാട് സ്വദേശിയായ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണിലൂടെ വിളിച്ചുവരുത്തിയതും വിഷ്ണുവാണ്. വിഷ്ണുവുമായി പരിചയമുണ്ടായിരുന്ന പെണ്‍കുട്ടി ആദ്യത്തെ ദിവസം പീഡനത്തിന് ഇരയായി. ആ കുട്ടിയെ തിരിച്ചയച്ച സംഘം കൂട്ടുകാരിയെ പിറ്റേന്ന് കൊണ്ടുവന്നില്ലെങ്കില്‍ കൊല്ലുമെന്നും ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കാന്‍ കൊണ്ടുപോകുകയാണെന്നു പറഞ്ഞാണ് ഇവര്‍ അടുത്ത ദിവസം ഇടയ്ക്കാട് സ്വദേശിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. യുവാക്കള്‍ക്കൊപ്പം മകളെ വിടുന്ന കാര്യത്തില്‍ മാതാവിന്റെ ഭാഗത്തു നിന്ന് എതിര്‍പ്പുണ്ടായില്ല. വള്ളിക്കാവിലെ മറ്റൊരു വീട്ടിലെത്തിച്ച ഈ പെണ്‍കുട്ടിയെ നാലു യുവാക്കള്‍ ചേര്‍ന്നാണ് ഉപദ്രവിച്ചത്. ഇവരെ ഉപയോഗിച്ച് സ്കൂളിലെ മറ്റു മൂന്നു പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താന്‍ നടത്തിയ നീക്കം ഫലിച്ചില്ല.
സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിലെ മൂന്നു പെണ്‍കുട്ടികളാണ് ശ്രമം പരാജയപ്പെടുത്തിയത്. തങ്ങളുടെ ഫോണ്‍ നമ്പറുകള്‍ രണ്ട് പെണ്‍കുട്ടികള്‍ വാങ്ങിയതായും അതില്‍ ദുരൂഹതയുണ്ടെന്നും അവര്‍ അധ്യാപികമാരോട് പറയുകയായിരുന്നു. അധ്യാപകര്‍ രണ്ടു പെണ്‍കുട്ടികളെയും വിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കിയെങ്കിലും ആദ്യം ഒഴിഞ്ഞുമാറി. അധ്യാപികമാര്‍ നിലപാട് കടുപ്പിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. പെണ്‍കുട്ടികള്‍ പറഞ്ഞ കഥ വാസ്തവമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്
Post Your Comments