NewsIndia

പൂനെയിലെ സൈനിക ആസ്ഥാനം സന്ദര്‍ശിക്കാന്‍ ഐ.എസ്.ഐ ആവശ്യപ്പെട്ടു:ഹെഡ്‌ലി

മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വീഡിയോകോണ്‍ഫറന്‍സ് വഴിയുള്ള വിചാരണ ഇന്നത്തോടെ പൂര്‍ത്തിയായി. പൂനെയിലെ സൈനിക ആസ്ഥാനം സന്ദര്‍ശിക്കാന്‍ പാക്കിസ്ഥാന്‍ ഇന്റര്‍‌സ്റ്റേറ്റ് ഇന്റലിജന്‍സ് ഐ.എസ്.ഐ മേജര്‍ ഇഖ്ബാല്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഹെഡ്‌ലി മൊഴി നല്‍കി. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള അതീവ രഹസ്യ രേഖകള്‍ സ്വന്തമാക്കാന്‍ സൈന്യത്തിനുള്ളില്‍ നിന്ന് ചാരന്മാരെ കണ്ടെത്തണമെന്നും ഇഖ്ബാല്‍ നിര്‍ദേശിച്ചതായും ഹെഡ്‌ലി വെളിപ്പെടുത്തി.

സൈനിക കേന്ദ്രത്തിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. മുംബൈക്ക് പുറമെ മറ്റുസ്ഥലങ്ങളിലും ആക്രമണത്തിന് പദ്ധതിയിട്ടു. മുംബൈ ആക്രമണത്തിനുശേഷം ഇന്ത്യയില്‍ 10 ദിവസത്തെ സന്ദര്‍ശനം നടത്തി. 2009 മാര്‍ച്ച് ഏഴിനാണ് ഇന്ത്യയിലെത്തിയത്. ഭീകര സംഘടനയായ അല്‍ഖ്വയ്ദ നേതാവ് ഇയാസ് കാശ്മീരിയുടെ നിര്‍ദേശപ്രകാരമായിരുന്നു സന്ദര്‍ശനം. ഭീകരാക്രമണങ്ങള്‍ക്കായി രാജസ്ഥാനിലെ പുഷ്‌കര്‍ സിറ്റി, ഡല്‍ഹി ചബാദ് ഹൗസ് തുടങ്ങിയ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നും ഹെഡ്‌ലി മൊഴി നല്‍കി.

ഭീകരപ്രവര്‍ത്തനത്തിന് 35 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് അമേരിക്കയിലെ ജയിലില്‍ കഴിയുന്ന ഹെഡ്‌ലിയുടെ മൊഴിയെടുക്കല്‍ തിങ്കളാഴ്ചയായിരുന്നു ആരംഭിച്ചത്. അമേരിക്കയിലെ അജ്ഞാത കേന്ദ്രത്തിലിരുന്നാണ് ഹെഡ്‌ലി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മൊഴി നല്‍കിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button